ഒന്നൊന്നര നീക്കവുമായി ഇഡി... നാട്ടില്‍ വിവാദം കത്തുമ്പോള്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; സ്വപ്ന സുരേഷിന്റെ ഓഡിയോ വന്ന സ്ഥിതിക്ക് പ്രതികളുടെ ഉന്നത സ്വാധീനം ചര്‍ച്ചയാകും; ആ ഒറൊറ്റ കാരണത്താല്‍ ശിവശങ്കറിന് ജാമ്യം നഷ്ടമായാല്‍ എല്ലാം കൈവിടും

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ നാട്ടില്‍ വിവാദം കത്തുകയാണ്. മുഖ്യമന്ത്രിയുടെ പേരുപറയാന്‍ അന്വേഷണ സംഘം സമ്മര്‍ദം ചെലുത്തുന്നു എന്ന സ്വപ്ന സുരേഷിന്റേതെന്ന് പറയുന്ന ശബ്ദ സന്ദേശം വൈറലായി കഴിഞ്ഞു. മാത്രമല്ല രാഷ്ട്രീയക്കാരുടെ പേരു പറയാന്‍ ഇഡി സമ്മര്‍ദം ചെലുത്തുന്നെന്ന് ശിവശങ്കറും കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചാല്‍ അത് സഖാക്കള്‍ ആഘോഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചാനല്‍ ചര്‍ച്ചകളെല്ലാം ആ വഴിക്കാകും. എന്നാല്‍ സ്വപ്നയുടെ ശബ്ദം പുറത്ത് വന്നത് വച്ച് ഇഡി വാദിക്കാനാണ് സാധ്യത. പ്രതികളുടെ ഉന്നത ബന്ധത്തിന്റെ സ്വാധിനമായി ഇഡി ഇത് തുറന്നു കാട്ടും.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം. അതേസമയം സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതു കൂടിയാണെന്നാണ് ഇഡിയുടെ വാദം.
ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകുമെന്നാണ് സൂചന.ഒക്ടേബര്‍ 28നാണ് ഇഡി ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്വപ്‌നയെ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ ചോദ്യം ചെയ്യും. കോടതിയില്‍ നിന്നോ ജയില്‍ മേധാവിയില്‍ നിന്നോ ഇതിനായി അനുമതി വാങ്ങും.
മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദസന്ദേശം. ശബ്ദരേഖയുടെ ആധികാരിതക ഉറപ്പിക്കാന്‍ ശാസ്ത്രീയപരിശോധനയ്ക്ക് കോടതി മുഖേന ലാബിലേക്ക് അയയ്ക്കും. ജയില്‍ ഡി.ഐ.ജി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്റെ ശബ്ദമാണ് പ്രചരിക്കുന്നതെന്നും അട്ടക്കുളങ്ങര ജയിലില്‍ വച്ചുള്ളതല്ലെന്നും സ്വപ്ന പറഞ്ഞിരുന്നു. എറണാകുളത്ത് വച്ച് ഇത്തരത്തില്‍ പലരോടും സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. ജയില്‍വകുപ്പും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
ശബ്ദരേഖ പുറത്തുവിട്ട പോര്‍ട്ടലില്‍ നിന്ന് എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ടേപ്പ് പിടിച്ചെടുക്കുകയാണ് ആദ്യംവേണ്ടത്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയില്‍ ഓഡിയോ അനാലിസിസ് പരിശോധനയുണ്ട്. ഇതിന് കൃത്യതയേറെയാണ്. സ്വപ്നയുടെ ശബ്ദം റെക്കാഡ് ചെയ്തശേഷമാണ് പുറത്തുവന്ന ശബ്ദവുമായി പരിശോധന നടത്തുക. ഫലം ഒരാഴ്ചയ്ക്കകം കിട്ടും. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടേയാണ് ശിവശങ്കറിന്റെ ജാമ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. ശിവശങ്കറിന് ജാമ്യം ലഭിച്ചാല്‍ തെരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കുന്ന കേരളത്തില്‍ മറ്റൊരു ചൂട് പിടിച്ച ചര്‍ച്ചയ്ക്ക് വഴിയാകും. സ്വപ്നയുടെ ശബ്ദത്തില്‍ തട്ടി ജാമ്യം കിട്ടാതെ വന്നാല്‍ അത് തിരിച്ചടിയും ആകും.
https://www.facebook.com/Malayalivartha