അമ്പരന്ന് കോണ്‍ഗ്രസ്... കപില്‍ സിബലും ഗുലാം നബി ആസാദും കോണ്‍ഗ്രസ് വിടുമോ? ഡല്‍ഹി രാഷ്ട്രീയം കാത്തിരിക്കുന്നത് ഇങ്ങനെയൊരു ബിഗ് ന്യൂസിന് വേണ്ടിയോ; കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍ ചര്‍ച്ചകള്‍ സജീവം

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കബില്‍ സിബലും ഗുലാം നബി ആസാദും ഏതാനും ദിവസങ്ങളായി രംഗത്തുണ്ട്. പാര്‍ട്ടി ദുര്‍ബലമായത് അംഗീകരിക്കണം എന്നാണ് കബില്‍ സിബല്‍ പറയുന്നത്. ഒന്നര വര്‍ഷമായി കോണ്‍ഗ്രസിന് നാഥനില്ല. രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് രാഷ്ട്രീയ സേഛാധിപതികളാണ്. ബീഹാര്‍ തോല്‍വിയിലും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. ബി ജെ പിക്ക് ബദലായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പാര്‍ട്ടികി അറിയാം. എന്നാല്‍ ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ പാര്‍ട്ടില്‍ കഴിയുന്നില്ല. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലെന്നും കബില്‍ സിബല്‍ പറഞ്ഞു.അതു കൊണ്ടാണ് തന്റെ ആശങ്കകള്‍ പരസ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ സമീപകാല തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ പരാജയത്തിനു കാരണം നേതാക്കളുടെ പഞ്ചനക്ഷത്ര സംസ്‌കാരമാണെന്ന വിമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തി. നേതാക്കള്‍ക്ക് താഴേത്തട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ആസാദ് പറഞ്ഞു.
പഞ്ചനക്ഷത്ര സംസ്‌കാരം കൊണ്ട് തിരഞ്ഞെടുപ്പുകള്‍ വിജയിക്കാനാകില്ല. പാര്‍ട്ടി ടിക്കറ്റ് കിട്ടിയാല്‍ ആദ്യം പഞ്ചനക്ഷത്ര ഹോട്ടല്‍ ബുക്ക് ചെയ്യും എന്നതാണ് ഇന്നത്തെ നേതാക്കളുടെ പ്രശ്‌നം. ഒരിടത്തേക്കുള്ള റോഡ് മോശമാണെങ്കില്‍ അവര്‍ അങ്ങോട്ട് പോകില്ല. പഞ്ചനക്ഷത്ര സംസ്‌കാരം ഉപേക്ഷിക്കാതെ ആര്‍ക്കും തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തില്‍ ഞങ്ങള്‍ക്കെല്ലാം വിഷമമുണ്ട്. പ്രത്യേകിച്ച് ബിഹാര്‍ തിരഞ്ഞെടുപ്പിലെയും ഉപതിരഞ്ഞെടുപ്പുകളിലെയും പരാജയങ്ങളില്‍. ഈ തോല്‍വികള്‍ക്ക് ഞാന്‍ നേതൃത്വത്തെ കുറ്റപ്പെടുത്തില്ല. നമ്മുടെ ആളുകള്‍ക്ക് താഴേത്തട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയോട് സ്‌നേഹം ഉള്ളവരായിരിക്കണം ഓരോരുത്തരുമെന്നും വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിക്കവേ ആസാദ് വ്യക്തമാക്കി.
ഭാരവാഹികള്‍ അവരുടെ ഉത്തരാവാദിത്തം മനസ്സിലാക്കിയേ മതിയാകൂ. പാര്‍ട്ടി ഭാരവാഹികളെ നാമനിര്‍ദേശം ചെയ്യുന്നിടത്തോളം കാലം അവര്‍ പ്രവര്‍ത്തനത്തിന് ഇറങ്ങില്ല. എന്നാല്‍ എല്ലാ ഭാരവാഹികളെയും തിരഞ്ഞെടുക്കുകയാണെങ്കില്‍ അപ്പോള്‍ അവര്‍ക്ക് ഉത്തരവാദിത്തത്തെ കുറിച്ച് ബോധ്യമുള്ളവരാകും. ഇപ്പോള്‍ ആര്‍ക്കും പാര്‍ട്ടിയില്‍ എന്ത് സ്ഥാനവും കിട്ടുമെന്നും ആസാദ് ചൂണ്ടിക്കാണിച്ചു.
72 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം നിലയിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളത്. കഴിഞ്ഞ രണ്ടു ടേമുകളില്‍ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിച്ചില്ല. എന്നാല്‍ അത്രയും ശുഭകരമായ ഒരു ഫലം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ലഡാക്ക് ഹില്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ് ഒന്‍പതു സീറ്റുകള്‍ നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തന ശൈലി മാറ്റാതെ കാര്യങ്ങളില്‍ മാറ്റം വരില്ല. പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദേശങ്ങള്‍ നല്‍കണം. എല്ലാ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പുകള്‍ നടത്തണം. കോവിഡ് മഹാമാരി കാരണം അവര്‍ക്ക് വലുതായൊന്നും ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങളില്‍ യാതൊരു മാറ്റവുമില്ല. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചിട്ടുണ്ട്. ദേശീയ ബദലാകാനും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഭാരവാഹികളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആസാദ് ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് തിരഞ്ഞെടുക്കപ്പെടുന്ന നേതൃത്വം ആവശ്യപ്പെടുന്ന നേതാക്കളില്‍ പ്രമുഖനാണ് ഗുലാം നബി ആസാദ്.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ ഏറെ നാളായി പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പല ദേശീയ നേതാക്കളും പാര്‍ട്ടിക്കെതിരെ പ്രതികരിക്കുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്. വേണമെങ്കില്‍ ഇതിനകം തന്നെ കോണ്‍ഗ്രസ് നേതാക്കളെ ബി ജെ പിയിലെത്തിക്കാം. എന്നാല്‍ കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല അവസ്ഥ കൂടുതല്‍ ഭുരിതമയമാവാനാണ് നരേന്ദ്രമോദിയും അമിത് ഷായും കാത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അവസാനത്തെ ആണിയും ഇളക്കുക എന്നതാണ് അവരുടെ ഉദ്ദേശം.
"
https://www.facebook.com/Malayalivartha