കോവിഡ് ഇല്ലെങ്കില്‍ പെട്ടു... രണ്ട് പ്രാവശ്യം ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴും ആശുപത്രിലായതോടെ സത്യാവസ്ഥ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; രക്തത്തില്‍ ഓക്‌സിജന്‍ കുറയുന്നതിനാല്‍ രവീന്ദ്രന്‍ ആശുപത്രിയില്‍ തുടരുമെന്ന് അറിയിപ്പ്; കോവിഡ് ബാധിതനാണോന്നറിയാല്‍ പരിശോധന നടത്തണമെന്ന ബുദ്ധിയുപദേശിച്ച് പ്രതിപക്ഷം

ഇഡി ചോദ്യം ചെയ്യലിന് വിളിക്കുമ്പോള്‍ മാത്രം ആശുപത്രിയിലാകുന്ന പ്രതിഭാസം കേരളത്തില്‍ കൂടി വരികയാണ്. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ രണ്ട് പ്രാവശ്യമാണ് ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്. രണ്ട് പ്രാവശ്യവും ആശുപത്രിയിലായി. ആദ്യം കോവിഡും പിന്നെ കോവിഡാനന്തര രോഗവും. ഇതോടെ പ്രതിപക്ഷവും സംശയവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കഴിയും വരെ രവീന്ദ്രന്‍ ആശുപത്രിയില്‍ തുടരുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കണമെന്നും കോവിഡ് ബാധിതനായിരുന്നോ എന്നറിയാന്‍ ആന്റിബോഡി പരിശോധന വേണമെന്നും പ്രതിപക്ഷം ആവശ്യമുയര്‍ത്തിയിട്ടുണ്ട്. രോഗബാധയില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും സംശയമുന്നയിച്ചിരുന്നു.
ഒരാള്‍ക്ക് കോവിഡ് ബാധിച്ചിരുന്നോ എന്നറിയാന്‍ ആന്റി ബോഡി പരിശോധനയാണ് നടത്തുന്നത്. ഇഡിയും അങ്ങനെയൊരു പരിശോധന നടത്താനും ലക്ഷ്യമിടുന്നുണ്ട്. പരിശോധനയില്‍ കോവിഡ് ബാധിച്ചോ എന്ന് കണ്ടെത്താനാകും. കോവിഡ് ബാധിച്ചിട്ടുല്ലെങ്കില്‍ കൂട്ടുനിന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ കുടുക്കും. അതിനുള്ള ശാസ്ത്രീയ വശമാണ് ഇഡി അന്വേഷിക്കുന്നത്.
സ്വര്‍ണക്കടത്ത്, സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളിലെ ബിനാമി കള്ളപ്പണ ഇടപാടുകള്‍ എന്നിവയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാന്‍ രവീന്ദ്രന്‍ ഇന്നാണ് ചെല്ലേണ്ടിയിരുന്നത്.
മെഡിക്കല്‍ കോളേജാശുപത്രി എ.സി.യുവില്‍ ചികിത്സയില്‍ തുടരുകയാണ് അദ്ദേഹം. കൊവിഡ് മുക്തനായ ശേഷം രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയാണെന്നും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകളടങ്ങിയ മരുന്നുകള്‍ നല്‍കുന്നതിനാല്‍ പ്രമേഹവും ഉയരുന്നുണ്ട്. സ്‌കാനിംഗ് ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകളും വേണം. അതിനാല്‍ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാനാവില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
ഇ.ഡിയുടെ രണ്ടാമത്തെ നോട്ടീസ് ലഭിച്ച ബുധനാഴ്ചയാണ് രവീന്ദ്രന്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ അഡ്മിറ്റായത്. കഴിഞ്ഞ ആറിന് ഇ.ഡി ആദ്യം നോട്ടീസ് നല്‍കിയതിനു പിന്നാലെ കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷം ഒരാഴ്ച ക്വാറന്റൈനും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇ.ഡി രണ്ടാമതും നോട്ടീസ് നല്‍കിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ന് രാവിലെ പത്തു മണിക്ക് ചോദ്യം ചെയ്യലിനായി ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സി എം രവീന്ദ്രന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. കോവിഡാനന്തരം ശ്വാസം മുട്ടല്‍ ഉണ്ടെന്നും ഡോക്ടര്‍മാരെ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ ഇഡിക്ക് കൈമാറിയാണ് ഹാജരാകാനാകില്ലെന്ന് അറിയിച്ചത്. ഓക്‌സിജന്‍ ലെവലില്‍ കുറവുണ്ടെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും വ്യക്തമാക്കുന്നു. ഇതോടെയാണ് കോവിഡിന്റെ പേരില്‍ രണ്ടാംതവണയും സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ഉണ്ടാകില്ലെന്നുറപ്പായത്. ഇതിനിടെ രാഷ്ട്രീയ ആരോപണങ്ങളും കൂടുതല്‍ ശക്തമാകുകയാണ്. ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുളള ശ്രമമെന്ന് സംശയമുണ്ടെങ്കിലും അല്‍പം കൂടി കാത്തിരിക്കും. അതുകഴിഞ്ഞാല്‍ പിന്നെ നോക്കില്ല.
"
https://www.facebook.com/Malayalivartha
























