കേരളത്തിൽ 4 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട്

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം (Low Pressure) കൂടുതൽ ശക്തി പ്രാപിച്ച് ഒരു തീവ്ര ന്യൂനമർദമായി (Depression) മാറിയിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 750 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 1150 കിമീ ദൂരത്തിലുമാണ് ന്യൂനമര്‍ദം ഇപ്പോഴുള്ളത്. താമസിയാതെ ന്യൂനമർദം ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്ന സിസ്റ്റം ഡിസംബർ മൂന്നോടു കൂടി കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നവംബർ 30 അർധരാത്രി മുതൽ നിലവിൽ വരുന്ന വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും.
നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ ഇന്ന് അർധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.
ഡിസംബർ 1 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 2ന് തെക്കൻ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ആവശ്യമായ തയാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
https://www.facebook.com/Malayalivartha