നഗരമദ്ധ്യത്തിലെ വീട്ടിലെത്തി സഹായം ആവശ്യപ്പെട്ടെത്തിയവർ ലക്ഷ്യമിട്ടതു മറ്റൊന്ന്; സഹായിക്കാനെത്തിയ മഹാമനസ്കയായ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് ഓടിമറഞ്ഞു, രക്ഷപ്പെട്ട പ്രതികളെ കൺട്രോൾ റൂം പൊലീസ് സംഘം കയ്യോടെ പിടികൂടി

നഗരമദ്ധ്യത്തിലെ വീട്ടിലെത്തി സഹായം ആവശ്യപ്പെട്ട ശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്ത് പ്രതികൾ രക്ഷപ്പെട്ടു. വയോധികയുടെ പരാതിയിൽ പ്രതികളെ കൺട്രോൾ റൂം പൊലീസ് സംഘം പിടികൂടി. കഞ്ഞിക്കുഴി കൊച്ചുപറമ്പിൽ അനീഷ് (39), കൊല്ലം ആയൂർ തോട്ടുകര പുതുവീട്ടിൽ ജനാർദനൻ (49) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്..
ഇവർ മോഷ്ടിച്ച നാലരപ്പവൻ സ്വർണമാലയും കണ്ടെടുത്തു. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം നടന്നത്. ഭിക്ഷയെടുത്തും, ആക്രിസാധനങ്ങൾ മോഷ്ടിച്ച് വിറ്റുമാണ് പ്രതികൾ പണം കണ്ടെത്തിയിരുന്നത്. ഇതിൽ നിന്നും പണം ലഭിക്കാതെ വന്നതോടെ പ്രതികൾ ഇന്നലെ മോഷണത്തിന് പദ്ധതിയിടുകയുണ്ടായി.
തുടർന്ന് മാമ്മൻമാപ്പിള ഹാൾ ഭാഗത്ത് നിന്ന് മാർക്കറ്റിനുള്ളിലേയ്ക്കുള്ള ഇടവഴിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തി വയോധികയോട് സഹായം ആവശ്യപ്പെടുകയുണ്ടായി. ഇവർ പ്രതികൾക്ക് പണം നൽകിയ ശേഷം വെള്ളവും ചായയും നൽകി.എന്നാൽ ഇതിനിടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞതോടെ കൺട്രോൾ റൂം പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തി.
ഇതേതുടർന്ന് നഗരത്തിലും മാർക്കറ്റിലും പരിശോധന നടത്തിയ കൺട്രോൾ റൂം എ.എസ്.ഐ ഐ.സജികുമാർ, എ.എസ്.ഐ സന്തോഷ്, സിവിൽ പൊലീസ് ഓഫീസർ അനീഷ് എന്നിവരടങ്ങുന്ന സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ രണ്ടുപേരെയും കയ്യോടെ പിടികൂടി. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, ഗ്രേഡ് എസ്.ഐ അനിൽ, എ.എസ്.ഐ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർ നവീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha