എം ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ അന്വേഷണ സംഘം കണ്ടെത്തി; മൂന്നാമത്തെ ഫോൺ കണ്ടെത്താനുളള ശ്രമങ്ങൾ തുടങ്ങി; സ്വപ്നയുടെ മൊഴി നിർണ്ണായകമായി

അങ്ങനെ അതും കണ്ടെത്തി. ശിവശങ്കറിന്റെ കള്ളങ്ങൾ പൊളിഞ്ഞ് വീഴുന്നു. സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ എം ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ് . കേന്ദ്ര ഏജൻസികളുടെ സൈബർ വിഭാഗമാണ് ഫോൺ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നേരത്തേ ഒരു ഫോൺ മാത്രമേ തനിക്ക് ഉളളൂ എന്ന് ശിവശങ്കർ പറഞ്ഞിരുന്നു . എന്നാൽ സ്വപ്നസുരേഷിന്റെ ഫോണിലേക്ക് വന്ന ചില വാട്സാപ് ചാറ്റുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇത് കളളമാണെന്നും രണ്ടുഫാേണുകൾ കൂടി ശിവശങ്കറിന് ഉണ്ടെന്ന് വ്യക്തായതും. എന്നാൽ മൂന്നാമത്തെ ഫോൺ കണ്ടെത്താനുളള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു . ശിവശങ്കറിന് വേറെയും രണ്ട് ഫോൺ നമ്പറുകൾ ഉണ്ടായിരുന്നു. അതുപയോഗിച്ചായിരുന്നു കൂടുതലും സംസാരിച്ചിരുന്നതെന്നും മിക്കതും വാട്സാപ് കോളുകളായിരുന്നുവെന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകുകയും ചെയ്തു . തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ ഫോൺ കണ്ടെത്തിയിരിക്കുന്നത്.
ഇതിൽ നിന്നുളള ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം . ഇതിന്റ അടിസ്ഥാനത്തിൽ ശിവശങ്കറെ കൂടുതൽ ചോദ്യംചെയ്യാനാണ് ഇപ്പോഴത്തെ നീക്കം. രണ്ടാമത്തെ ഫോണിൽ നിന്ന് ലഭിക്കുന്ന തെളിവുകൾ എൻ ഐ എയ്ക്കും കൈമാറുകയും ചെയ്യും . ശിവശങ്കറിനെതിരെ യു എ പി എ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തുന്നത് സംബന്ധിച്ച് എൻ ഐ എ നിയമോപദേശം തേടിയിരിക്കുകയാണ് . സ്വപ്നയും സംഘവും പിടിക്കപ്പെട്ടപ്പോൾ ശിവശങ്കർ രഹസ്യമായി ഈ ഫോൺ ഒരു ബന്ധുവിനെ ഏൽപ്പിച്ചിരിക്കുകയായിരുന്നു എന്ന് പറയപ്പെട്ടിരുന്നു. ശിവശങ്കറിൽ നിന്ന് പിടിച്ചെടുത്ത ആദ്യ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചിരുന്നു . ശിവശങ്കറിന്റെ പക്കൽനിന്ന് ആദ്യം പിടിച്ചെടുത്ത ഫോണിലെ ഡിലീറ്റ് ചെയ്തിരുന്ന വാട്സാപ് ചാറ്റുകൾ സി–ഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തപ്പോഴാണ് സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ നിർണായക വിവരങ്ങൾ ലഭിച്ചതും അറസ്റ്റിലേക്കുവരെ കാര്യങ്ങൾ എത്തിയതും എന്ന കാര്യം ശ്രദ്ധേയം .
കണ്ടെത്തിയ രണ്ടാമത്തെ ഫോണിലെ വിവരങ്ങളും ശിവശങ്കർ മായ്ച്ചുകളഞ്ഞിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത് .സ്വപ്നസുരേഷിനെയും സരിത്തിനെയും കഴിഞ്ഞദിവസം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോൾ ശിവശങ്കറിനെക്കുറിച്ച് ചില കാര്യങ്ങൾ കൂടി അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിരുന്നു. പലകാര്യങ്ങളിലും ശിവശങ്കറിനുളള പങ്ക് ഇവർ തുറന്നുപറഞ്ഞുവെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. എന്നാൽ ശിവശങ്കർ എല്ലാം നിഷേധിക്കുകയാണ്. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha