നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്‌റ്റിലായ പ്രതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചു...

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്‌റ്റിലായ പ്രതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചു. ഹോസ്‌ദുർഗ് ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചത്.
കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ മലാംകുന്നിലെ വിപിൻലാലിനെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രദീപ് കുമാറിനെതിരായ കേസ്. ഈ വർഷം ജനുവരി 28നായിരുന്നു സംഭവം.
ദിലീപിന് അനുകൂലമായി കേസിൽ മൊഴി നൽകണമെന്നായിരുന്നു വിപിൻ ലാലിനോട് പ്രദീപ് ആവശ്യപ്പെട്ടത്. എന്നാൽ ദിലീപിന് നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കാൻ കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് പ്രദീപ് കുമാറിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ പ്രദീപിന് ജാമ്യം നൽകിയാൽ കൂടുതൽ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യാനിടയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നും ബേക്കൽ പൊലീസ് സ്‌റ്റേഷൻ പരിധി വിട്ട് പോകരുതെന്നും നിബന്ധനകളോടെ പ്രദീപിന് കോടതി ജാമ്യം അനുവദിച്ചു.
ജനുവരി 28ന് തൃക്കണ്ണാടയിലെ വിപിന്റെ ബന്ധുവീട്ടിലെത്തിയ പ്രദീപ്കുമാർ ഇവിടെവച്ച് വിപിനെ കാണാനാകാത്തതിനാൽ കാഞ്ഞങ്ങാട്ട് വിപിന്റെ അമ്മാവൻ ജോലിനോക്കുന്ന ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും വിപിന്റെ അമ്മയെ വിളിച്ച് വക്കീൽ ഗുമസ്‌തനാണെന്ന് പരിചയപ്പെടുത്തിയ ശേഷം വിപിനോട് മൊഴിമാറ്റാൻ ആവശ്യപ്പെട്ടു എന്നതാണ് കേസ്.
ദിലീപിനെ പരിചയമില്ലെന്ന് ആദ്യം ചോദ്യം ചെയ്യൽ സമയത്ത് പറഞ്ഞ പ്രദീപ്കുമാർ വാച്ച് വാങ്ങാനാണ് കാസർകോട് പോയതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പിന്നീട് ചോദ്യം ചെയ്യലിൽ നടിയെ ആക്രമിച്ച് കസ്‌റ്റഡിയിലായിരുന്ന സമയത്ത് ദിലീപിനെ കാണാൻ ഗണേഷിനൊപ്പം രണ്ട് തവണ ജയിലിൽ പോയെന്നും ദിലീപിന്റെ ഡ്രൈവറായ സുനിൽരാജിനെ ഫോണിൽ ബന്ധപ്പെട്ടെന്നും ചോദ്യംചെയ്യലിൽ പ്രദീപ് കുമാർ സമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha