താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് ഇത്രയധികം കോടികള്‍ കോഴ വാങ്ങിയത്; മരണം മുന്നില്‍ കാണുന്ന തൂക്കു കേസ് പ്രതിയുടെ അവസ്ഥ; എന്തു ചെയ്യുമെന്ന് ഒരു എത്തുംപിടിയുമില്ല; ശിവശങ്കറുടെ അവസ്ഥ ഇതാണ്...

ഇ.ഡി എം ശിവശങ്കറിനോട് ആവര്‍ത്തിച്ച് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് ഇത്രയധികം കോടികള്‍ കോഴ വാങ്ങിയത്? എല്ലാ ചോദ്യത്തിനും ശിവശങ്കറിന് ഒരു മറുപടിയെയുള്ളു. മൗനം. അതുകൊണ്ടാണ് എല്ലാ കേസിലും ശിവശങ്കറെ ഇ ഡി പ്രതിയാക്കിയത്.
സത്യം പറഞ്ഞെങ്കില്‍ ശിവശങ്കര്‍ എന്നേ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ പിണറായിയുടെ എക്കാലത്തെയും വലിയ വിശ്വസ്തനായ ശിവശങ്കര്‍ ഒരിക്കലും ആ രഹസ്യം ആരോടും പറയില്ല. നാര്‍ക്കോ അനാലിസിസ് മാത്രമാണ് അതിനുള്ള പോം വഴി. എന്നാല്‍ നാര്‍ക്കോ ചെയ്യാന്‍ ശിവശങ്കര്‍ നിന്നു കൊടുക്കുന്നില്ല.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും ശിവശങ്കറിന് കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് സംശയിക്കണമെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ഹൈക്കോടതിയെ അറിയിച്ചത് ഈ സാഹചര്യത്തിലാണ്
ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മിക്കാന്‍ കരാര്‍ ലഭിച്ച യൂണിടാക് കമ്പനിയില്‍നിന്ന് എം.ശിവശങ്കര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഇ.ഡി. കേസില്‍ ജാമ്യംതേടി ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് ഇ.ഡി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഈ വിവരങ്ങളുള്ളത്.
സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്നാ സുരേഷ് നവംബര്‍ 10-നുനല്‍കിയ മൊഴിയില്‍ കൈക്കൂലിക്കാര്യം സമ്മതിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്റെ മറ്റുപദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന നിഗമനത്തില്‍ ഇ.ഡി. എത്തിയത്.
കെ-ഫോണും ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍, സ്വപ്നയുമായി പങ്കുവെച്ചിരുന്നു. ലൈഫ് മിഷന്റെ കരാറുമായി ബന്ധപ്പെട്ട മറ്റുരണ്ട് കമ്പനികളുടെ ക്വട്ടേഷന്‍ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറിയിരുന്നു. ഇക്കാര്യം ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളില്‍നിന്ന് വ്യക്തമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്വട്ടേഷനുകള്‍ തുറക്കുന്ന 2020 ജനുവരിക്കുമുമ്പായിരുന്നു ഇത്.
ലൈഫ് മിഷനിലെ ആകെയുള്ള 36 പദ്ധതികളില്‍ 26 എണ്ണവും വാട്‌സാപ്പ് സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന രണ്ട് കമ്പനികള്‍ക്കാണ് കിട്ടിയത്. ലൈഫ് മിഷന്റെ ടെന്‍ഡറിനെപ്പോലും സംശയത്തില്‍ നിര്‍ത്തുന്ന പ്രവൃത്തിയാണിത്.
യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ താന്‍ കാണുന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി.ജോസ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ലൈഫ് മിഷന്റെ ഒരു ഇടപാടില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെങ്കില്‍ മറ്റുപദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് അനുമാനിക്കുന്നത് ഇതിനാലാണ്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ ഭാഗമായാണ് ഹൈദരാബാദില്‍ പരിശോധന നടത്തിയത്. അവിടെനിന്ന് പിടിച്ചെടുത്ത കംപ്യൂട്ടര്‍രേഖകളടക്കം വിലയിരുത്തിവരികയാണ്. കമ്പനിയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
ശിവശങ്കര്‍ പതിവായി യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമായി ബന്ധപ്പെട്ടിരുന്നു. കെ-ഫോണിന്റെയും ലൈഫ് മിഷന്റെയും മറ്റുപദ്ധതികളുടെയും ഭാഗമായി യൂണിടാക് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂണിടാക്കില്‍നിന്നാണെങ്കില്‍ കൈക്കൂലി കിട്ടുമെന്നതിനാലായിരുന്നു ഇതെന്നും ഇ.ഡി. വിലയിരുത്തുന്നു.
കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതിയിലും സ്വപ്നയ്ക്കുപങ്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി. സെക്രട്ടറി എന്നനിലയില്‍ ശിവശങ്കറിന് സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ മേല്‍നോട്ടമുണ്ടായിരുന്നു. പദ്ധതി ഏറെനാളായി നിശ്ചലമായിരുന്നു. എന്നാല്‍, സ്വപ്നയുടെ ഇടപെടല്‍ ഉണ്ടായതോടെയാണ് പദ്ധതിക്ക് വീണ്ടും അനക്കമുണ്ടായത്.
ശിവശങ്കറുമായി അടുത്തുപരിചയമുള്ള ചിലരെക്കുറിച്ചും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഡൗണ്‍ടൗണ്‍ പദ്ധതിയില്‍ പങ്കുള്ളവരും അതില്‍പെടുമെന്നും ഇ.ഡി.യുടെ വിശദീകരണത്തില്‍ പറയുന്നു.
ചുരുക്കത്തില്‍ ശിവശങ്കര്‍ മാത്രം തൂങ്ങും എന്നതാണ് പുതിയ സാഹചര്യം. അങ്ങനെ വരുമ്പോള്‍ രക്ഷപ്പെടുക സി പി എമ്മും അതിന്റെ നേതാക്കന്‍മാരുമാണ്.
https://www.facebook.com/Malayalivartha