പാതയോരങ്ങളുടെ സമീപത്ത് ജമന്തി ഉള്‍പ്പടെയുള്ള ചെടികള്‍; ജലാംശവും വളക്കൂറുമുള്ള വഴിയോര പ്രദേശം തിരഞ്ഞെടുത്തിരുന്നത് അതിനായി, ഒറ്റനോട്ടത്തില്‍ കാട്ടുചെടിയാണെന്ന് തോന്നുമെങ്കിലും പരിചയമുള്ളവര്‍ക്ക് കഞ്ചാവ് തിരിച്ചറിയാന്‍ സമയമെടുത്തില്ല, കൊച്ചിയില്‍ എക്സൈസിനെ ഞെട്ടിക്കുന്ന കഞ്ചാവ് കൃഷിരീതി
കൊച്ചിയില്‍ എക്സൈസിനെ ഞെട്ടിക്കുന്ന കഞ്ചാവ് കൃഷിരീതി തകൃതിയായി അരങ്ങേറുന്നു. പ്രദേശവാസികളെ ഏവരെയും ഞെട്ടലിലാഴ്ത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം ഒന്നാം തീയതി മുതല്‍ ഇതിനകം അഞ്ചിലേറെ സ്ഥലങ്ങളില്‍ പാതയോരങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതായി തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് വ്യക്തമാക്കി.
സംശയം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ അറിയിച്ചതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉദയം പേരൂര്‍ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയുടെ സമീപം തിരക്കേറിയ റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന രണ്ട് ചെടികള്‍ കണ്ടെടുത്തത്. ഏകദേശം നാലു മാസത്തോളം പ്രായമുള്ള ചെടികളാണ് ഇവിടെ കണ്ടത്. സമീപത്ത് ജമന്തി ഉള്‍പ്പടെയുള്ള ചെടികള്‍ നില്‍ക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത്ര വേഗം മനസിലാക്കാന്‍ സാധിക്കുന്നതല്ല. ഇതിന് മുൻപ് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് നാലു ചെടികളാണ് കണ്ടെത്തിയത്.
അതേസമയം ഇതിനു സമാനമായി തിരുവാങ്കുളം പ്രദേശത്ത് റോഡരികില്‍ നിന്ന് ഏഴു ചെടികള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.. കിടങ്ങ് ഷാപ്പ് പരിസരത്തുള്ള റോഡ്, ഉദയംപേരൂര്‍ ഗ്യാസ് ബോട്ടിലിങ് പ്ലാന്റിനു സമീപത്തുള്ള റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം കഞ്ചാവ് ചെടികള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ തന്നെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ സംഘമാണു വഴിയോരത്തെ കഞ്ചാവ് കൃഷിക്കു പിന്നിലെ എന്നാണ് മനസിലാകുന്നത്. പതിവായി കഞ്ചാവ് എത്തിക്കുന്നവരില്‍ നിന്നാകണം വിത്ത് ശേഖരിച്ചിട്ടുണ്ടാകുക എന്നതാണ് ലഭ്യമാകുന്ന വിവരം.
ജലാംശവും വളക്കൂറുമുള്ള വഴിയോര പ്രദേശമാണ് സംഘം ഇതിനായി തിരഞ്ഞെടുത്തിരുന്നത്. ചെടി വളര്‍ന്നു കഴിഞ്ഞാല്‍ വെട്ടിയെടുത്ത് ഉണക്കി ഉപയോഗിക്കാന്‍ ആയിരുന്നിരിക്കണം സംഘം ഉദ്ദേശിച്ചിരുന്നത്. നട്ടാല്‍ ആറു മുതല്‍ എട്ടു മാസംകൊണ്ട് പൂര്‍ണവളര്‍ച്ചയെത്തി പൂവിടുന്ന ചെടിയാണ്. ഒറ്റനോട്ടത്തില്‍ കാട്ടുചെടിയാണെന്ന് തോന്നുമെങ്കിലും പരിചയമുള്ളവര്‍ക്ക് കഞ്ചാവ് തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.
ആദ്യഘട്ടത്തില്‍ തന്നെ ചെടികള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ പ്രതികളായി ആരെയും തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും അന്വേഷണം വ്യാപകമാക്കുന്നതായാണ് റിപ്പോർട്ട്. ഉദയംപേരൂരില്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ പിടിയിലായിട്ടുണ്ടെങ്കിലും കൃഷി ചെയ്യുന്നവരെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവിടെ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha