ഹരിവരാസനം പുരസ്കാരം പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു. സന്നിധാനം ഓഡിറ്റോറിയത്തിൽ ഇന്ന് നടന്ന ചടങ്ങിൽ സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവനിൽ നിന്ന് തിരുവിഴ ജയശങ്കർ പുരസ്‌കാരം ഏറ്റുവാങ്ങി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, എംഎൽഎ കെ യു ജനീഷ്‌കുമാർ എന്നിവർ പങ്കെടുക്കുകയും ചെയ്തു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ക്ഷേത്രകലയായ നാഗസ്വരം ജനകീയമാക്കുന്നതിനും, അതുവഴി ഭക്തിഗാന ശാഖയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും പരിഗണിച്ചാണ് ജയശങ്കറിന് പുരസ്കാരം.
ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നാഗസ്വര വിദഗ്ദ്ധരിൽ ഒരാളാണ് 85കാരനായ തിരുവിഴ ജയശങ്കർ. അയ്യപ്പ ഭക്തിഗാനങ്ങൾ ഉപകരണ സംഗീത രൂപത്തിൽ (നാഗസ്വര വാദനം) പുറത്തിറക്കിയ ആൽബങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുകയും ചെയ്തു. പ്രശസ്തമായ അയ്യപ്പ കീർത്തനങ്ങളുടെയും, ശരണമന്ത്രങ്ങളുടെയും നാഗസ്വരത്തിലുള്ള ആവിഷ്കാരം അദ്ദേഹം നൽകി. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്തുള്ള തിരുവിഴയാണ് ജയശങ്കറിന്റെ ജന്മനാട്. നിരവധി സംസ്ഥാന, കേന്ദ്ര ബഹുമതികൾ കരസ്ഥമാക്കി.
"
https://www.facebook.com/Malayalivartha
























