ഇത് അതുക്കുംമേലെ... സ്വര്‍ണക്കടത്തിലെ ഉന്നതന്റെ പേരുപറയാതെ മാധ്യമങ്ങള്‍ ഉരുണ്ടുകളിച്ചതോടെ ഭഗവാന്റെ പേര് വെളിപ്പെടുത്തി കെ. സുരേന്ദ്രന്‍; സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് ചൂടിനിടെ ഇതുകൂടിയായി തലസ്ഥാനത്തിന് തീപിടിച്ചു; എതിര്‍ത്തും അനുകൂലിച്ചും അങ്കം മുറുകുന്നു

സ്വര്‍ണക്കടത്തിലെ ഉന്നതനെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പലരും പല പേരുകളാണ് പറയുന്നത്. അതിനാല്‍ തന്നെ ഈ ചോദ്യങ്ങള്‍ക്ക് വോട്ടെടുപ്പു ദിനങ്ങളില്‍ തന്നെ ഉത്തരം പറയേണ്ട പ്രതിസന്ധിയിലാണ് സിപിഎം.
സ്വര്‍ണക്കേസ് പ്രതികള്‍ക്ക് ഒത്താശ നല്‍കിയ ഉന്നതനുമായി ബന്ധപ്പെട്ട സൂചനകള്‍ ഏതാനും ദിവസമായി പുറത്തു വന്നിരുന്നെങ്കിലും പേരെടുത്ത് ആരും പറഞ്ഞിരുന്നില്ല. അത് ഭഗവാന്റെ പേരുള്ള ആളെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇന്നലെ ആ ഭഗവാന്റെ പേര് വെട്ടിത്തുറന്ന് പറഞ്ഞു. അത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് എന്ന ഗുരുതര ആരോപണമാണു കെ. സുരേന്ദ്രന്‍ ഇന്നലെ ഉന്നയിച്ചത്. ഭരണഘടനാ പദവി വഹിക്കുന്ന നേതാവിനെ സംശയിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതു സ്പീക്കറാണ് എന്ന് എടുത്തു പറഞ്ഞില്ല.
കേരളത്തിന്റെ ചരിത്രത്തില്‍ സ്പീക്കര്‍ക്കെതിരെ ഇങ്ങനെ ഒരു ആക്ഷേപം രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ഉണ്ടായിട്ടില്ല. അതു കണക്കിലെടുത്തുള്ള മറുപടിക്കു സര്‍ക്കാരോ സ്പീക്കറോ സിപിഎമ്മോ മുതിര്‍ന്നില്ല. കോടതിയില്‍ സ്വപ്ന നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങള്‍ സുരേന്ദ്രന് എങ്ങനെ ലഭിച്ചെന്ന മറു ചോദ്യമാണു സിപിഎം നേതാക്കള്‍ ഉയര്‍ത്തിയത്.
ഇടതു മുന്നണിയോ സിപിഎമ്മോ ഔദ്യോഗിക പ്രസ്താവന ഇറക്കിയില്ല. സ്പീക്കറുടെ ഓഫിസും മൗനത്തിലാണ്. കല്‍പിത കഥകള്‍ക്ക് ഉത്തരമെന്തിനെന്നു നേതാക്കള്‍ ചോദിക്കുന്നു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലുള്ള സൗഹൃദം സ്വപ്നയോട് അക്കാലത്ത് ഉണ്ടായി എന്നതില്‍ കവിഞ്ഞ ആരോപണങ്ങള്‍ നേതാക്കള്‍ തള്ളിക്കളയുന്നു. കേന്ദ്ര ഏജന്‍സികളുടെ ആളായി മാപ്പു സാക്ഷിയാകാനാണു സ്വപ്നയുടെ ശ്രമമെന്നു പാര്‍ട്ടി സംശയിക്കുന്നു. മുഖ്യ പ്രതിയെ ഉപയോഗിച്ചു ഭരണനേതൃത്വത്തെ വേട്ടയാടുന്ന രാഷ്ട്രീയക്കളിയിലാണു കേന്ദ്ര ഏജന്‍സി എന്ന പ്രതിഷേധത്തിലുമാണ് പാര്‍ട്ടി. വോട്ടെടുപ്പു വേളയില്‍ ഇതെല്ലാം ഉയര്‍ന്നത് യാദൃച്ഛികമെന്നു കരുതുന്നില്ല. തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തോടു തുറന്ന ഏറ്റുമുട്ടല്‍ എന്ന സൂചനകളാണു ശക്തം.
സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും രാജ്യാന്തര കുറ്റവാളികള്‍ക്കു കേരള സ്പീക്കര്‍ ഒത്താശ ചെയ്തു കൊടുത്തെന്നാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. സ്പീക്കര്‍ മാത്രമല്ല, സംസ്ഥാന മന്ത്രിമാരും സ്വര്‍ണക്കടത്തില്‍ സഹായിച്ചു. സ്പീക്കര്‍ നടത്തിയ വിദേശയാത്രകള്‍ പലതും അനുമതിയില്ലാത്തതും ദുരൂഹവുമാണ്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ ഭരണഘടനാപരമായ പദവി ദുരുപയോഗിച്ചതു ഗുരുതരമായ കുറ്റമാണ്.
സ്വര്‍ണക്കടത്തിന്റെ ആത്യന്തിക ഗുണഭോക്താവ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസുമാണ്. അതിനു കൂട്ടുനില്‍ക്കുകയാണു സ്പീക്കറും മന്ത്രിമാരും ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനവിധി എന്‍ഡിഎയ്ക്ക് അനുകൂലമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ സ്പീക്കറെ മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണു നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്.
കേന്ദ്ര ഏജന്‍സികള്‍ക്ക് പ്രതികള്‍ നല്‍കിയ പല മൊഴികളും രാഷ്ട്രീയ എതിരാളികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാണെന്നും വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെ നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ചു വിശദ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇങ്ങനെ ആരോപണ പ്രത്യാരോപണവുമായി തെരഞ്ഞെടുപ്പ് നാളുകളില്‍ ചര്‍ച്ചകള്‍ ചൂട് പിടിക്കുമ്പോള്‍ യഥാര്‍ത്ഥ ഉന്നതന്‍ ആരാണെന്ന് വരും ദിവസങ്ങളിലറിയാം.
https://www.facebook.com/Malayalivartha