സിനിമാ ക്ലൈമാക്‌സ് പോലെ... സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ ഉന്നതരുടെ പേരു വെളിപ്പെടുത്തിയാല്‍ തീര്‍ത്തുകളയുമെന്നു സ്വപ്നയെ ഭീഷണിപ്പെടുത്തിയ നാല്‍വര്‍ സംഘം കണ്ടംവഴിയോടി; ആകെ നനഞ്ഞാല്‍ കുളിരില്ല എന്നപോലെ സ്വപ്ന ആഞ്ഞടിക്കുന്നു; പെട്ടുപോയി വമ്പന്‍മാരും പേടിപ്പിക്കാന്‍ വന്നവരും

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ ഉന്നതരുടെ പേരു വെളിപ്പെടുത്തുകയോ തെളിവു നല്‍കുകയോ ചെയ്താല്‍ തീര്‍ത്തുകളയുമെന്നു ഭീഷണിയുണ്ടെന്നു പ്രതി സ്വപ്ന സുരേഷ് തന്നെ കോടതിയില്‍ പറഞ്ഞതോടെ എല്ലാം ഒന്നൊന്നായി പുറത്താകുകയാണ്. പോലീസ് സംരക്ഷണം തേടി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്വപ്ന ഇത് തുറന്ന് പറഞ്ഞപ്പോള്‍ കണ്ടംവഴി ഓടി ഒളിച്ചിരിക്കുകയാണ് സര്‍വരും. മാത്രമല്ല സ്വപ്ന ലേശവും ജീവനില്‍ ഭയമില്ലാതെ അത് കോടതിക്ക് മുമ്പാകെ തുറന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്താന്‍ വന്നവരുടേയും അവരെ പറഞ്ഞുവിട്ട വമ്പന്‍മാരുടേയും കാര്യത്തില്‍ തീരുമാനമായി. അവസാനം സ്വപ്നയ്ക്ക് സംരക്ഷണം നല്‍കാന്‍ ജയില്‍ ഡിജിപിക്കു കോടതി നിര്‍ദേശവും നല്‍കി.
തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയവേ, പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ചിലരാണ് തന്റെയും കുടുംബാംഗങ്ങളുടെയും ജീവനു ഭീഷണി ഉയര്‍ത്തിയതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഒരു അന്വേഷണ ഏജന്‍സിയുമായും സഹകരിക്കരുതെന്നും എന്തെങ്കിലും പറഞ്ഞാല്‍, പുറത്തുവച്ച് കുടുംബാംഗങ്ങളെ അപായപ്പെടുത്താനോ ജയിലിനകത്ത് എന്നെ തീര്‍ത്തുകളയാനോ കഴിയുമെന്നും അവര്‍ ആവര്‍ത്തിച്ചു ഭീഷണിപ്പെടുത്തി. ഏറ്റവുമൊടുവില്‍ നവംബര്‍ 25നായിരുന്നു. മജിസ്‌ട്രേട്ടിനു നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പലതും മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി, അട്ടക്കുളങ്ങരയിലേക്കാണു മടങ്ങേണ്ടത്. ഉന്നത സ്വാധീനമുള്ളവര്‍ അപായപ്പെടുത്തുമെന്നു ഭയക്കുന്നു. ശാരീരിക, മാനസിക പീഡനത്തിന് എല്ലാ സാധ്യതയുമുണ്ടെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നു.
ഡോളര്‍ കടത്ത് കേസില്‍ ഇവര്‍ ആവശ്യപ്പെട്ട പ്രകാരം നാലു ദിവസമായി തുടരുന്ന രഹസ്യമൊഴി രേഖപ്പെടുത്തലിനിടെയാണു ചൊവ്വാഴ്ച കോടതിയില്‍ പ്രത്യേക അപേക്ഷയുമായി എത്തിയത്. നാലു പേര്‍ ജയിലില്‍ വന്നു കണ്ടതായും ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നും അന്വേഷണ സംഘത്തോടു സഹകരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടതായാണു സ്വപ്ന കോടതിയല്‍ അറിയിച്ചിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരോ ജയില്‍ ഉദ്യോഗസ്ഥരോ എന്നു സംശയിക്കുന്ന ചിലരാണു വന്നു കണ്ടത്. കഴിഞ്ഞ മാസം 25ന് ജയിലില്‍ എത്തി പലതവണ ഭീഷണിപ്പെടുത്തി. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്നാണു ഭീഷണിപ്പെടുത്തിയത് എന്നും ഇവര്‍ കോടതിയോടു പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ച് അട്ടക്കുളങ്ങര ജയിലിലേയ്ക്കു പോകേണ്ട സാഹചര്യത്തിലാണു ജീവനു ഭീഷണിയെന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വപ്നയുടെ മൊഴി വായിച്ച്, അത് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതികളുടെ ജീവനു ഭീഷണിയുണ്ടാകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സ്വപ്ന തന്നെ ഭീഷണിയുണ്ടെന്ന കാര്യം ഹര്‍ജിയായി കോടതിയില്‍ അറിയിച്ചത്.
മാത്രമല്ല, സ്വപ്നയുടേത് എന്ന പേരില്‍ പുറത്തുവന്ന ഓഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങളാണ് ഈ ഹര്‍ജിയിലുള്ളത്. ഉന്നതരുടെ പേരുകള്‍ പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നു എന്നായിരുന്നു അന്നു മൊഴിയിലുണ്ടായിരുന്നത്. ഇതു തന്റെ ശബ്ദമാണെന്നും എപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണെന്ന് അറിയില്ലെന്നുമായിരുന്നു സ്വപ്ന ഇതേപ്പറ്റി വിശദീകരിച്ചിരുന്നത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് ഉന്നതന്റെ വിവരങ്ങള്‍ പുറത്തു വരുമ്പോഴാണു സ്വപ്നയുടെ ഹര്‍ജി എന്നതും പ്രധാനമാണ്. പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹം ഇരുപതിലേറെ തവണ ഔദ്യോഗിക, അനൗദ്യോഗിക ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തി എന്നാണു റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹം യുഎഇയിലേയ്ക്കു നാലു വര്‍ഷത്തിനിടെ 14 തവണ യാത്ര ചെയ്‌തെന്നും ഇതില്‍ നാലു യാത്രകളില്‍ സ്വപ്ന കൂടെയുണ്ടായിരുന്നെന്നും വാര്‍ത്തകളുണ്ട്. ഇത് ഏറ്റുപിടിച്ചു പ്രതിപക്ഷവും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് അല്‍പംപോലും കൂസാതെയുള്ള സ്വപ്നയുടെ നീക്കം. ഇതോടെ പേടിപ്പിക്കാന്‍ പോയ നാല്‍വര്‍ സംഘം സിങ്കത്തിന്റെ പിടിയില്‍ വീഴാതിരിക്കാന്‍ കണ്ടം വഴി ഓടുകയാണ്.
https://www.facebook.com/Malayalivartha