ഇനി കളിയിറക്കല്ലേ... ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ സി.എം. രവീന്ദ്രന്‍ മൂന്നാം വട്ടവും ആശുപത്രിലായതോടെ നിര്‍ണായക നീക്കത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്; രവീന്ദ്രന്‍ നാളെ ഇ.ഡി.ക്ക് മുമ്പാകെ ഹാജരായില്ലെങ്കില്‍ ശിവശങ്കറിന്റെ വഴിയേ പൊക്കാനുറച്ച് ഇഡി

ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ അസുഖമുണ്ടാകുക എന്ന പ്രത്യേക പ്രതിഭാസം മൂന്നാം തവണയും കാണപ്പെട്ടു. വ്യാഴാഴ്ച ചോദ്യംചെയ്യലിന് കൊച്ചിയില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ച മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അഡ്മിറ്റായി. ഇത് മൂന്നാം വട്ടമാണ് രവീന്ദ്രന്‍ ഇത്തരത്തില്‍ ആശുപത്രിയിലാവുന്നത്.
കോവിഡും ശ്വാസതടസവുമായിരുന്നു ഇതുവരെയുള്ള രോഗമെങ്കില്‍, ഇത്തവണ തലവേദനയും കടുത്ത ക്ഷീണവുമാണ്. പരിശോധനയ്ക്ക് ശേഷം രവീന്ദ്രനെ മെഡിസിന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമെന്ന് വിലയിരുത്തുന്ന ഇ.ഡി, ഡോക്ടര്‍മാരില്‍ നിന്ന് ആരോഗ്യവിവരങ്ങള്‍ തിരക്കിയശേഷം രവീന്ദ്രനെ കസ്റ്റഡിയിലെടുത്തേക്കും. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് സംശയത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
നവംബര്‍ ആറിന് രവീന്ദ്രന് ഇ.ഡി ആദ്യം നോട്ടീസ് നല്‍കിയതിനു പിന്നാലെ, അദ്ദേഹത്തെ കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് മുക്തനായി ഒരാഴ്ച ക്വാറന്റൈനും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇ.ഡി രണ്ടാമതും നോട്ടീസ് നല്‍കിയത്. കൊവിഡ് മുക്തനായ ശേഷം രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നുവെന്നും, ശ്വാസതടസമുണ്ടെന്നും ചൂണ്ടിക്കാട്ടി രണ്ടാമതും ആശുപത്രിയില്‍ അഡ്മിറ്റായി. ആരോഗ്യനിലയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെടാന്‍ ഇ.ഡി നീക്കം തുടങ്ങിയതോടെ, ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ ആവശ്യമില്ലെന്നും വീട്ടില്‍ വിശ്രമിച്ച് ഫിസിയോതെറാപ്പി നടത്തിയാല്‍ മതിയെന്നും നിര്‍ദ്ദേശിച്ച് 27ന് രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു. കൊവിഡ് മുക്തനായ ശേഷം രവീന്ദ്രന് ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം,രവീന്ദ്രന്‍ ഇ.ഡി മുമ്പാകെ ഹാജരാകാത്തത് അനാവശ്യ വിവാദമുണ്ടാക്കുമെന്നായിരുന്നു സി.പി.എം നിലപാട്.
അതേസമയം രവീന്ദ്രനെതിരെ ഇഡി കുരുക്ക് മുറുക്കിയിട്ടുമുണ്ട്. രവീന്ദ്രന്റെ ബിനാമി സ്വത്തെന്ന് കരുതുന്ന വടകരയിലെ ആറ് സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡും, ഊരാളുങ്കല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്ത് പരിശോധനയും നടത്തി. രവീന്ദ്രന്റെയും കുടുംബാംഗങ്ങളുടെയും നിക്ഷേപങ്ങള്‍, സ്വത്തുവകകള്‍, പണമിടപാട്, വാടകയടക്കമുള്ള വരുമാനം, ഓഹരികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് തേടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പണമിടപാട് വിവരങ്ങള്‍ ഊരാളുങ്കല്‍ സൊസൈറ്റിയോട് ആവശ്യപ്പെട്ടു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ കോഫെപോസ കരുതല്‍ത്തടവ് കാലാവധി വെട്ടിച്ചുരുക്കിയേക്കും. സ്വപ്‌നയേയും ഒന്നാംപ്രതി പി.എസ്. സരിത്തിനെയും കരുതല്‍ത്തടവിലാക്കാന്‍ കോഫെപോസ സമിതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അന്വേഷണവുമായി സ്വപ്‌ന പൂര്‍ണമായും സഹകരിക്കുന്നതു പരിഗണിച്ചാണ് ഇളവ് ആലോചിക്കുന്നത്.
കസ്റ്റംസിന്റെ കോഫെപോസ അപേക്ഷ ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ ഉപദേശകസമിതി അംഗീകരിച്ചതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ അടുത്തയാഴ്ച വാദംകേട്ട് തീര്‍പ്പാക്കാനിരിക്കുകയാണ്. കോഫെപോസ ചുമത്തിയതിന്റെ സാധുതയാകും സമിതി പരിശോധിക്കുക. സാങ്കേതികമായും നിയമപരമായും സ്വപ്‌നയ്ക്ക് അനുകൂലഘടകങ്ങളുണ്ടെന്നാണു വിലയിരുത്തല്‍. ജയിലില്‍ സുരക്ഷയില്ലെന്നാരോപിച്ച് സ്വപ്‌ന കോടതിയെ സമീപിച്ചതും ഇതിന്റെ ഭാഗമാണെന്നാണു സൂചന. ജയില്‍ മാറ്റണമെന്നാണ് ആവശ്യം. സ്വപ്നയുടെ കടുത്ത നിലപാടിന് പിന്നാലെ രവീന്ദ്രന്റെ ചോദ്യം ചെയ്യലും കൂടിയാകുമ്പോള്‍ എല്ലാം കൂടി കലങ്ങിമറുയുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha