വനിതാ സ്ഥാനാര്‍ഥിയെ ആഹ്ലാദപ്രകടനത്തിനിടെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട് വനിതാ സ്ഥാനാര്‍ഥിയെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ഓടനാവട്ടം തുറവൂര്‍ അരുണ്‍ ഭവനില്‍ അജയന്റെ മകന്‍ അനീഷ്(27) ആണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വെളിയം പഞ്ചായത്തിലെ ചെപ്ര വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തുറവൂര്‍ സുരേഷ് ഭവനില്‍ സുമ സുരേഷും ഭര്‍ത്താവ് സുരേഷ് കുമാറുമാണ് ആക്രമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്ന ബുധനാഴ്ച രാത്രി ഒമ്ബതു മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിലിട്ട് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതോടെയാണ് ബിജെപി പ്രവര്‍ത്തകരായ മൂന്നുപേര്‍ തന്നെയും ഭര്‍ത്താവിനെയും ആക്രമിച്ചതെന്ന് സുമ സുരേഷ് പൊലീസിനോട് പറഞ്ഞു. വീട്ടിലേക്കു ഓടിവന്ന ബിജെപി പ്രവര്‍ത്തകര്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് തന്നെയും മര്‍ദ്ദിച്ചതെന്ന് സുമ സുരേഷ് പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ഇരുവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരാളെ ഇതിനോടകം പിടികൂടിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha