വെള്ളം കുടിപ്പിച്ചു... ഏറെ ആകാംക്ഷകള്‍ക്കൊടുവില്‍ ചോദ്യം ചെയ്യലിന് ഹാജരായ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തത് 13 മണിക്കൂര്‍; രാത്രി 11 മണി കഴിഞ്ഞിട്ടും വിട്ടയയ്ക്കാതായതോടെ ആകാംക്ഷ കൂടി; കോടതിയില്‍ നിന്നുള്ള തിരിച്ചടിയ്ക്ക് പിന്നാലെ രവീന്ദ്രനെ വരിഞ്ഞ് മുറുക്കി ഇഡി

സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള കള്ളപ്പണമിടപാടില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരിഞ്ഞ് മുറുക്കുന്ന കാഴ്ചയാണ് കണ്ടത്. കോടതിയില്‍ പോയ രവീന്ദ്രന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇത് മുന്നില്‍ കണ്ടാണോയെന്തോ രവീന്ദ്രന്‍ താനെ ഇഡിക്ക് മുമ്പില്‍ ഹാജരായി. എണീറ്റ് നടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ രവീന്ദ്രന്‍ സ്റ്റെപ്പുകള്‍ ഓടിക്കയറിയാണ് ചോദ്യം ചെയ്യലിന് എത്തിയത്.
ഏറെ ആശങ്കയ്‌ക്കൊടുവില്‍ രവീന്ദ്രനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നലെ രാവിലെ ഒമ്പതേകാലിന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരായ രവീന്ദ്രനെ പത്തര മണിമുതല്‍ ചോദ്യം ചെയ്തു തുടങ്ങി. രാത്രി പതിനൊന്നരയോടെ വിട്ടയച്ചു. മൊഴി വിശകലനം ചെയ്ത ശേഷം വീണ്ടും വിളിക്കുമെന്ന് ഇ.ഡി വ്യക്തമാക്കി.
സ്വത്തുക്കളെക്കുറിച്ച് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആരംഭം. പിന്നീട് പാസ്‌പോര്‍ട്ട് വിവരങ്ങള്‍, വിദേശ യാത്രകള്‍ എന്നിവയിലേക്ക് ചോദ്യങ്ങള്‍ നീങ്ങി. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ രവീന്ദ്രന്റെ ഭാര്യ വാടകയ്ക്ക് മണ്ണുമാന്തിയന്ത്രം നല്‍കിയതിനെക്കുറിച്ചും വിശദീകരണം തേടി.
പല ചോദ്യങ്ങള്‍ക്കും രവീന്ദ്രന്‍ വിശദമായ മറുപടി നല്‍കിയില്ല. ഇ.ഡി ചോദ്യം ചെയ്യലിനായി ആദ്യം നല്‍കിയ മൂന്നു നോട്ടീസുകളും കോവിഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ നിരത്തി രവീന്ദ്രന്‍ ഹാജരായിരുന്നില്ല. നാലാമത്തെ നോട്ടീസ് കിട്ടിയതിനു പിന്നാലെ ഇ.ഡി പീഡിപ്പിക്കുന്നതായി ആരോപിച്ചു ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ കേസില്‍ വിധി വരുന്നതിനു മുമ്പായി രവീന്ദ്രന്‍ ഇ.ഡിക്കു മുന്നില്‍ ഹാജരായി. കള്ളപ്പണ ഇടപാടില്‍ രവീന്ദ്രന് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വടകരയിലെ ചില സ്ഥാപനങ്ങളിലും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് സ്വത്ത് വിവരങ്ങള്‍ തേടിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഉന്നതനായ രണ്ടാമനെയാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള സിഎം രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇതിനിടെ തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ ഇന്നലെ രാവിലെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യിലിന് ഹാജരായിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് തള്ളിയത്.
സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് സംഘം നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് രവീന്ദ്രന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. എന്നാല്‍ നോട്ടീസ് നല്‍കുന്നത് എങ്ങിനെയാണ് പീഡിപ്പിക്കുന്നത് ആകുന്നത്. രവീന്ദ്രന്‍ എന്തിനെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ നാല് തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഓരോ തവണയും കൊറോണ രോഗ ബാധിതനാണെന്നും ഇതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്നും രവീന്ദ്രന്‍ ഒഴിഞ്ഞിമാറുകയായിരുന്നു.
പിന്നീട് മെഡിക്കല്‍ ബോര്‍ഡ് എത്തി പരിശോധിക്കുകയും ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും മരുന്ന് കഴിക്കുകയും വിശ്രമിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനൊടുവിടലാണ് 13 മണിക്കൂര്‍ ചോദ്യം ചെയ്തത്.
"
https://www.facebook.com/Malayalivartha