അവിടെ വിജയം ഇവിടെ കൂട്ടത്തല്ല്... ആരും പ്രവചിക്കാതെ ഇടതുമുന്നണി അപാര വിജയം നേടിയതോടെ കോണ്‍ഗ്രസില്‍ കൂട്ടയടി; തോറ്റെന്ന് സമ്മതിക്കാനെങ്കിലും നേതൃത്വം തയാറാകണം; ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും വരിഞ്ഞ് മുറുക്കി നേതാക്കള്‍; ഇടവേളയ്ക്ക് ശേഷം കൂട്ടയടി തുടങ്ങി

നോക്കണേ സകല മാധ്യമങ്ങളും എന്തിന് പ്രതിപക്ഷവും അടി പ്രതീക്ഷിച്ചത് സിപിഎമ്മിലാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടി നേതാക്കള്‍ രംഗത്ത് വരുമെന്നാണ് സകലരും കഴിഞ്ഞത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ കാരണം സിപിഎം തീര്‍ന്നു എന്നുവരെ വിധിയെഴുതി. എന്നാല്‍ ഫലം വന്നപ്പോള്‍ നേരെ വിവരീതമാണ് കണ്ടത്. ചാനലുകാര്‍ നിന്ന നില്‍പില്‍ കാലുമാറി. പിണറായി വിജയനെ വീരേതിഹാസമായി വാഴ്ത്തി. ഇതോടെ കോണ്‍ഗ്രസിലാണ് കലാപം ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങളില്ലാത്ത സമയത്ത് പൊളിച്ചെഴുത്തിനായി വലിയ അടിയാണ് ഉണ്ടായിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞെങ്കിലും നേതാക്കള്‍ വിട്ടില്ല. രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കള്‍ നിലപാട് ആവര്‍ത്തിച്ചത്. നേതൃത്വത്തിനെതിരെ കെ. സുധാകരന്‍ രംഗത്തെത്തി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ ചൊല്ലിയുള്ള തര്‍ക്കം അപകടമുണ്ടാക്കി. താഴെത്തട്ടുമുതല്‍ അഴിച്ചുപണി വേണം, പ്രവര്‍ത്തിക്കാത്തവരെ ഒഴിവാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് ഗ്രൂപ്പ് അടിസ്ഥാനത്തിലെന്ന് പി.ജെ.കുര്യന്‍ ആരോപിച്ചു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് ആവര്‍ത്തിച്ച് ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ യോഗത്തില്‍ വന്‍വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കണക്കുകള്‍ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കരുതെന്നായിരുന്നു വി.ഡി.സതീശന്‍ യോഗത്തില്‍ പറഞ്ഞത്. തോറ്റെന്ന് സമ്മതിക്കാനെങ്കിലും നേതൃത്വം തയാറാകണം. ഈ ചര്‍ച്ചപോലും വെറും പ്രഹസനമാണെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. പി.സി. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കള്‍ സതീശന്റെ വാദങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു
തദ്ദേശ തിരഞ്ഞെടുപ്പിലെ മങ്ങിയപ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി അടിമുടി പൊളിച്ചെഴുതണമെന്ന് കെ. സുധാകരനും പുറത്താക്കിയാലും പറയാനുള്ളത് പറയുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും തുറന്നടിച്ചു. നേതാക്കള്‍ തമ്മിലുള്ള തമ്മിലടി പരാജയത്തിന് കാരണമായെന്ന് എം.കെ.രാഘവനും സ്ഥാനാര്‍ഥിനിര്‍ണയം പാളിയെന്ന് പി.ജെ. കുര്യനും കുറ്റപ്പെടുത്തി.
വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാട്, ഇതാണ് കോണ്‍ഗ്രസിലെ സ്ഥിതിയെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. അടിത്തറ തകര്‍ന്നിട്ടില്ലെന്ന് പറയുന്ന കാസര്‍കോട് എംപി പ്രശ്‌നങ്ങള്‍ മുഴുവന്‍ നേതൃത്വത്തിനാണെന്നും ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലാതായെന്നും വിവാദങ്ങള്‍ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചുവെന്നും കെ. സുധാകരന്‍.
ഇവിടെ കൂട്ടയടി തുടരവേ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പിലാറ്റികളുടെ എണ്ണത്തിലും ഇടതുപക്ഷ മുന്നണി തന്നെ മുന്നിലായി. തെരഞ്ഞെടുപ്പ് കമീഷന്റെ ട്രെന്റ് സോഫ്റ്റ്‌വെയറില്‍ വന്ന പിഴവ് മൂലമാണ് യുഡിഎഫിന് കണക്കില്‍ മേല്‍ക്കൈ ലഭിച്ചത്. വെബ്സൈറ്റിലെ തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.
പുതിയ കണക്ക് പ്രകാരം തെരഞ്ഞെടുപ്പ് നടന്ന 86 മുനിസിപ്പാലിറ്റികളില്‍ 42ലും ഭരണം എല്‍ഡിഎഫിനാണ്. 36 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ഭരിക്കും. ആറ് മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. പരവൂര്‍, പത്തനംതിട്ട, തിരുവല്ല, മാവേലിക്കര, കളമശേരി, കോട്ടയം എന്നീ മുനിസിപ്പാലിറ്റികളിലാണ് ഒരു മുന്നണിക്കും ഭൂരിപക്ഷം നേടാനാകാത്തത്. ഇതോടെ സകല മേഖലകളിലും യുഡിഎഫിന് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് നേതാക്കളുടെ കഴുത്തിന് കുത്തിപ്പിടിച്ചത്.
https://www.facebook.com/Malayalivartha