ഇതാണ് മഹാഭാഗ്യം ... ആനന്ദവല്ലിക്ക് ഇരട്ടയോഗം...പത്തു വര്‍ഷമായി ദിവസ വേതന അടിസ്ഥാനത്തില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ തൂപ്പുജോലി ചെയ്തിരുന്ന എ ആനന്ദവല്ലി ഇനി ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റ്

ഇങ്ങനെയുമുണ്ടോ ഒരു പ്രമോഷന്‍. ഇങ്ങനെയുണ്ടോ ഒരു മഹാഭാഗ്യം. പത്തു വര്‍ഷമായി ദിവസ വേതന അടിസ്ഥാനത്തില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ തൂപ്പുജോലി ചെയ്തിരുന്ന എ ആനന്ദവല്ലി ഇനി ഇതേ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റായി ഭരണം നടത്തും.
ഇന്ത്യന്‍ ജനാധിപത്യത്തിലെ ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവുമുണ്ടാക്കുന്ന അവിശ്വസനീയ മാറ്റങ്ങളുടെയും അവസരങ്ങളുടെയും പ്രകടമായ തെളിവാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ ഇനി കാണാനാവുക.
നാലു മാസം മുന്‍പ് വരെ, എന്നു വെച്ചാല്‍ കഴിഞ്ഞ ഭരണസമിതിയുടെ ഭരണം തീരുന്ന ദിവസം വരെ, ഇതേ ബ്ലോക്കിലെ പ്രസിഡന്റ് ഇരുന്ന കസേര തുടച്ചു വൃത്തിയാക്കി, ഇതിലെ കസേരയിലെ വിരി, ദിവസവും കുടഞ്ഞു പൊടി കളയുകയും കഴുകി വെടിപ്പാക്കുകയും ചെയ്തിരുന്ന ആനന്ദവല്ലി, ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല താന്‍ കസേരയില്‍ ഇതേ കസേരയില്‍ ഇരുന്ന് അടുത്ത ഭരണസമിതിയില്‍ ബ്ലോക്ക് ഭരിക്കുമെന്ന്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. പട്ടികജാതി ജനറല്‍ സീറ്റായ തലവൂരില്‍ നിന്നാണ് തലവൂര്‍ ഞാറയ്ക്കാട് ശ്രീനിലയത്തില്‍ ആനന്ദവല്ലി തെരഞ്ഞെടുക്കപ്പെട്ടത്.
ഭാഗ്യം ആനന്ദവല്ലിയെ ഇങ്ങനെയങ്ങു കടാക്ഷിക്കുമെന്ന ആനന്ദവല്ലി പോലും ഇത്തരത്തില്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനുകളില്‍ ഏഴിടത്ത് യുഡിഎഫും ആറിടത്ത് എല്‍ഡിഎഫുമാണ് ജയിച്ചത്. യുഡിഎഫിന് പട്ടികജാതി പ്രതിനിധി ഇല്ലാതെ വന്ന സാഹചര്യത്തിലാണ് സിപിഎമ്മില്‍ വിജയിച്ച ആനന്ദവല്ലി അഞ്ചു വര്‍ഷവും അധ്യക്ഷ സ്ഥാനത്തേക്ക് കടന്നുവരുന്നത്.
പല തദ്ദേശസ്ഥാപനങ്ങളിലും വിമതരെ ചാക്കിട്ടുപിടിക്കാന്‍ നെട്ടോട്ടം നടക്കുമ്പോള്‍ ഇവിടെ ആനന്ദവല്ലിയെ യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ സ്വീകരിച്ച് കസേരയിലേക്ക് ആനയിക്കുന്നു.
തുശ്ചമായ വേതനത്തിന് 2011ലാണ് താല്‍ക്കാലിക തൂപ്പുജോലിയില്‍ ആനന്ദവല്ലി പത്തനാപുരം ബ്ലോക്കിലെത്തിയത്. തൂപ്പു ജോലിക്കുശേഷം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിലെ ശുചീകരണ ജോലികളും ഇവരുടെ ചുമതലയായിരുന്നു. പലപ്പോഴും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചായയും ഭക്ഷണവും എത്തിച്ചുകൊടുക്കുന്ന ജോലിയും ഓഫീസില്‍ ഫയലുകള്‍ എടുത്തുകൊടുക്കുന്ന ജോലിയുമൊക്കെ ചെയ്തുപോന്ന ആനന്ദവല്ലി ഒരിക്കല്‍ ഇതേ പഞ്ചായത്തിനെ ഭരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നാട്ടിലും ഓഫീസിലും ആര്‍ക്കും ചിന്തിക്കാനാകുമായിരുന്നില്ല.
ഇന്നു മുതല്‍ ബ്ലോക്ക് വക ജീപ്പില്‍ എന്നുവെച്ചാല്‍ സര്‍ക്കാര്‍ വാഹനത്തില്‍ ആനന്ദവല്ലി പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നാഥയായി, നാട്ടുകാരുടെ ആനന്ദവല്ലി മാഡമായി ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ആനന്ദവല്ലി തൂപ്പുജോലിയില്‍ കയറുമ്പോള്‍ മാസം രണ്ടായിരം രൂപയായിരുന്നു മാസ വേതനം. എന്നു വച്ചാല്‍ ജോലിയുള്ള ദിവസങ്ങളില്‍ കിട്ടിയിരുന്നത് 75 രൂപ ദിവസക്കൂലി.
പിന്നീട് ആ തുക മൂവായിരവും അവസാനം ആറായിരവുമായി. ഇനി പഞ്ചായത്ത് പ്രസിഡന്റായി മാറുമ്പോള്‍ പതിമൂവായിരത്തോളം രൂപ മാസ ഓണറേറിയം ലഭിക്കും. വാഹനവും പഞ്ചായത്ത് കമ്മിറ്റികളില്‍ 200 രൂപ വീതം സിറ്റിംഗ് ഫീസും ലഭിക്കും. പെയിന്റിംഗ് ജോലിക്കാരനായ ഭര്‍ത്താവിന്റെ വരുമാനവും ആനന്ദവല്ലിക്ക് തൂപ്പു ജോലിയില്‍ നിന്ന് ലഭിക്കുന്ന വേതനവുമായിരുന്നു കുടുംബത്തിലെ ഏക വരുമാനം. രണ്ടു മക്കളെ പഠിപ്പിക്കുന്നതും ഇതേ വരുമാനത്തില്‍നിന്ന് തുക കണ്ടെത്തിയാണ്.
"
https://www.facebook.com/Malayalivartha