അടി തുടങ്ങി ഇനി ക്ലൈമാക്‌സ്... സര്‍ക്കാര്‍ ഭൂമി നൈസായി എഴുതിക്കൊടുത്ത് വക്കീലുമായി വന്ന ബോബി ചെമ്മണ്ണൂരിനെ കബളിപ്പിച്ച് വസന്ത; 100 രൂപ പത്രത്തില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ എഴുതിവാങ്ങിയപ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ മുഴങ്ങി മന്നാര്‍മത്തായി സ്പീക്കിംഗിലെ സോങ്ങ്; അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍

വെറുതേയിരുന്ന് വളര്‍ന്നുകൊണ്ടിരുന്ന പണം വസന്തയുടെ കൈയ്യില്‍ കൊടുത്തിട്ട് സുപ്രീം കോടതിവരെ പോകാനിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. സര്‍ക്കാരിന്റെ ഭൂമി ഇത്രവേഗം 100 രൂപ പത്രത്തില്‍ എഴുതിക്കൊടുക്കാമെന്ന് വസന്ത തെളിയിച്ചിരിക്കുകയാണ്. നമ്മളൊക്കെ തമാശയായി പറയുന്നതാണ് വേണമെങ്കില്‍ എന്‍എച്ചിലെ 2 കിലോമീറ്റര്‍ എഴുതിത്തരമെന്ന്. അതാണ് വസന്തയും ബോബി ചെമ്മണ്ണൂരും വക്കീലും കൂടി കാട്ടിത്തന്നത്. അമ്മച്ചി കൊലച്ചിരിയുമായി പണം ഏറ്റുവാങ്ങി എഗ്രിമെന്റില്‍ ഒപ്പിടുമ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ മന്നാര്‍മത്തായി സ്പീക്കിംഗിലെ സോങ്ങ് മുഴങ്ങികേട്ടുവോയെന്ന് സംശയം. അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍... അത് തന്നെയാണ് സംഭവിച്ചത്.
നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തര്‍ക്കഭൂമി ഉടമയുടെ കയ്യില്‍ നിന്നും വ്യവസായി ബോബി ചെമ്മണ്ണൂര്‍ വിലയ്ക്ക് വാങ്ങിയിരുന്നു. എന്നാല്‍ വസന്തയ്ക്ക് ഭൂമി കൈമാറാനുള്ള അവകാശമില്ലെന്ന വാദത്തില്‍ ഉറച്ചുനിന്ന കുട്ടികള്‍ ബോബി ചെമ്മണ്ണൂരില്‍ നിന്നും ഭൂമി വാങ്ങാന്‍ തയ്യാറായില്ല.
എന്നാല്‍ വസന്ത തന്നെ പറ്റിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ നഷ്ടപരിഹരവും ചേര്‍ത്ത് സുപ്രീംകോടതി വരെ പോയാലും ഞാന്‍ വാങ്ങുമെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. ഇപ്പോള്‍ പണം കൊടുത്ത് വാങ്ങിയത് എന്റെ അഭിഭാഷകന്‍ അടക്കം രേഖകള്‍ പരിശോധിച്ച ശേഷമാണ്. അതിലെല്ലാം കൃത്യമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതല്ല എന്നെയും അവര്‍ പറ്റിച്ചിട്ടുണ്ടെങ്കില്‍ ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം. എന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.
നിലവില്‍ പരിശോധിച്ചപ്പോള്‍ അവരുടെ കൈവശം ഉള്ള ഭൂമിയാണെന്ന കാര്യം ബോധ്യപ്പെട്ടതാണ്. നിങ്ങള്‍ ഈ പറയുന്ന കാര്യവും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ നാളെ തന്നെ തീരുമാനം ഉണ്ടാകും. ഞാന്‍ ജീവനോടെ ഉണ്ടെങ്കില്‍ ഈ വീട്ടില്‍ തന്നെ നിങ്ങള്‍ താമസിച്ചിരിക്കും. വീട്, വിദ്യാഭ്യാസം, ജോലി അടക്കം എല്ലാം ഞാന്‍ ഏറ്റെടുക്കുന്നു എന്നും നെയ്യാറ്റിന്‍കരയില്‍ എത്തിയ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ഭൂമിയുടെ അവകാശം സ്വീകരിക്കാന്‍ താത്പര്യമില്ലെങ്കില്‍ അത് താന്‍ കൈവശം വയ്ക്കുമെന്നും അവര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും അത് നല്‍കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. താന്‍ ഒരു അഭിഭാഷകനെയും കൂട്ടികൊണ്ടാണ് വസന്തയില്‍ നിന്നും ഭൂമി വാങ്ങാനായി പോയിരുന്നതെന്നും ഇക്കാര്യത്തില്‍ നിയമപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ട ശേഷമാണ് ഭൂമി വാങ്ങിയത്. വസന്ത തന്നെ കബളിപ്പിക്കാന്‍ നോക്കിയതാണെങ്കില്‍ നിയമനടപടിയുമായി സുപ്രീം കോടതി വരെ പോകാന്‍ താന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാങ്ങിയ സ്ഥലത്ത് പുതിയ വീട് നിര്‍മ്മിച്ചു നല്‍കുമെന്നും വീടിന്റെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണവും ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പക്ഷെ കുട്ടികള്‍ കാലുമാറിയതോടെയും സര്‍ക്കാര്‍ ഭൂമിയാണ് 100 രൂപ പത്രത്തിലെഴുതി വാങ്ങിയെന്നറിഞ്ഞപ്പോഴും സോഷ്യല്‍ മീഡിയയില്‍ അത് എതിര്‍പ്പായി മാറി.
നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണതെന്നാണ് കുട്ടികള്‍ പറഞ്ഞത്. പട്ടയമില്ലാത്ത ഭൂമി വില്‍ക്കുന്നതെങ്ങനെ? നിയമ നടപടികളുമായി മുന്നോട്ടു പോകും. സര്‍ക്കാരിനു മാത്രമേ പട്ടയം നല്‍കാന്‍ അവകാശമുള്ളൂ. ബോബി ചേമ്മണൂരിന്റെ നല്ല മനസിന് നന്ദി. വസന്തയില്‍ നിന്നു പണം കൊടുത്തു വാങ്ങിയ ഭൂമി വേണ്ട. പരാതിക്കാരി വസന്ത ബോബിയെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാം. അയല്‍വാസിയയായ വസന്തയ്ക്ക് ഈ ഭൂമിയില്‍ അവകാശമില്ല. നിയമപരമായി സര്‍ക്കാരില്‍ നിന്ന് ഭൂമി കിട്ടാന്‍ അവകാശമുണ്ട്. ഭൂമി വസന്തയുടെ പേരിലെന്നുള്ളതിന് തെളിവില്ല. വസന്തയില്‍ നിന്നു വാങ്ങിയ ഭൂരേഖ അവര്‍ക്കു തന്നെ തിരിച്ചു നല്‍കണം. വസന്തയ്ക്കു നല്‍കിയ പണം തിരികെ വാങ്ങി പാവങ്ങള്‍ക്ക് കൊടുക്കണമെന്നാണ് കുട്ടികള്‍ ബോബിയോടു പറഞ്ഞത്. ഇതോടെ പെട്ടുപോയ ബോബി ചെമ്മണ്ണൂര്‍ എത്രയും വേഗം വസന്തയില്‍ നിന്നും കൊടുത്ത അഡ്വാന്‍സ് തിരികെ വാങ്ങാനൊരുങ്ങുകയാണ്. വസന്തയല്ലേയാള് കാത്തിരുന്ന് കാണാം. നാട്ടിലെ മുതലാളിയും ലോകത്തെ മുതലാളിയും തമ്മിലുള്ള ഏറ്റുമുട്ടലിലെ ക്ലൈമാക്‌സ് എന്താകുമോ എന്തോ?
"
https://www.facebook.com/Malayalivartha