മക്കള്‍ പോയതറിയാതെ.....ബാപ്പയുടെ കൈപിടിച്ച് യാത്ര പറഞ്ഞുപോയ മക്കള്‍ ഇനി ഒരിക്കലും തിരികെ വരില്ലെന്നുള്ള സത്യം മനസിലായില്ലെങ്കിലും വഴിയിലേക്ക് കണ്ണുംനട്ട് മക്കളെ കാത്ത് ആ അമ്മ വീടിന്റെ പടിവാതിലില്‍ നില്‍ക്കുന്ന കാഴ്ച എല്ലാവരെയും കണ്ണീരിലാഴ്ത്തി.... വീട്ടിലേക്ക് ആരും കടന്നു പോകാതിരിക്കാന്‍ കരുതലോടെ കാവല്‍ നിന്ന് നാട്ടുകാര്‍....

ബാപ്പയുടെ കൈപിടിച്ച് യാത്ര പറഞ്ഞുപോയ മക്കള്‍ ഇനി ഒരിക്കലും തിരികെ വരില്ലെന്നുള്ള സത്യം മനസിലായില്ലെങ്കിലും വഴിയിലേക്ക് കണ്ണുംനട്ട് മക്കളെ കാത്ത് ആ അമ്മ വീടിന്റെ പടിവാതിലില്‍ നില്‍ക്കുന്ന കാഴ്ച എല്ലാവരെയും കണ്ണീരിലാഴ്ത്തി.... വീട്ടിലേക്ക് ആരും കടന്നു പോകാതിരിക്കാന്‍ കരുതലോടെ കാവല്‍ നിന്ന് നാട്ടുകാര്‍. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെയെത്താമെന്നുള്ള ഉറപ്പിലാണ് സഫീര്‍ വെള്ളിയാഴ്ച വൈകിട്ട് വൈരമല എ.ആര്‍. മന്‍സിലില്‍ നിന്നും മക്കളെയും കൂട്ടിപ്പോയത്.
മക്കളെ കാണാത്തതിനെ തുടര്‍ന്ന് വഴിക്കണ്ണോടെ ഏറെനേരം കാത്തുനിന്ന റജീനയോടും ഉമ്മ ബുഷ്റയോടും ദുരന്തവാര്‍ത്ത ആരും ഇതുവരെ പറഞ്ഞിട്ടില്ല. വീട്ടിലേക്ക് ആരും കടന്നുപോകാതിരിക്കാന്‍ കരുതലോടെ നാട്ടുകാര്‍ കാവല്‍ നിന്നു. പുതിയ വീട്ടില്‍ താമസം തുടങ്ങി നാലുമാസം പിന്നിട്ടപ്പോഴാണ് ഈ ദുരന്തമുണ്ടായത്. പതിവില്ലാതെ വാഹനങ്ങള്‍ വരുന്നതിലും അയല്‍വാസികളുടെ സംസാരത്തിലും പന്തികേട് തോന്നിയ റജീന മക്കളെ കാണാനില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഉടന്‍ തിരിച്ചെത്തുമെന്നും പറഞ്ഞ് ബന്ധുക്കള്‍ ആശ്വസിപ്പിച്ചു.
നാവായിക്കുളം ഗവ.എല്‍.പി,യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അല്‍ത്താഫിന്റെയും നാലാം ക്ലാസ് വിദ്യാര്‍ത്ഥി അന്‍ഷാദിന്റെയും മരണം നാട്ടുകാര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയതുപോലെ മക്കളെ സ്വന്തം ഓട്ടോയില്‍ കയറ്റി കൊണ്ടുപോയ സഫീര്‍ ബീച്ചിലും മറ്റും കറങ്ങുകയും അവര്‍ക്കിഷ്ടപ്പെട്ട ആഹാരങ്ങള്‍ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്തപ്പോള്‍ മക്കളാണ് ഇക്കാര്യം അമ്മാവനോട് പറഞ്ഞത്. പൊതുവേ സൗമ്യനും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായ സഫീര്‍ ഈ ക്രൂരകൃത്യം ചെയ്തുവെന്ന് അടുത്തറിയാവുന്ന ആരും വിശ്വസിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha