സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കോടതിയുടെ വിധിക്കെതിരെ പ്രതികൾ തിങ്കളാഴ്ച അപ്പീല്‍ നല്‍കും
സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കോടതിയുടെ വിധിക്കെതിരെ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ തിങ്കളാഴ്ച അപ്പീല്‍ നല്‍കും. പ്രമുഖ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള മുഖേനയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.സാക്ഷികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടും. സിബിഐ കോടതിയുടെ വിധി റദ്ദാക്കണമെന്നായിരിക്കും അപ്പീലിലെ പ്രധാന ആവശ്യം. സിബിഐ പ്രത്യേക കോടതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും തടവുമാണ് ശിക്ഷിച്ചിരിക്കുന്നത്.
അതിനിടെ അഭയ വിധിയിലെ വിവിധ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഏബ്രഹാം മാത്യു ഉയര്‍ത്തുന്ന ന്യായങ്ങള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.നിയമരംഗത്തു പ്രവര്‍ത്തിക്കുന്നവരുമായി കൊച്ചി പാലാരിവട്ടത്ത് നടത്തിയ സംവാദത്തില്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ കൂടിയായ ജസ്റ്റിസ് ഏബ്രഹാം മാത്യുവി കേസ് നടപടിയിലെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുകയും ഇക്കാര്യങ്ങല്‍ വ്യക്തമാക്കി ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.കൃത്രിമമായി തയാറാക്കിയ കേസും കളവായി ഉണ്ടാക്കിയ തെളിവും തെറ്റായി എഴുതിയ വിധിയുമാണിതെന്ന് ഏബ്രഹാം മാത്യു വിമര്‍ശിക്കുന്നു. വിധിന്യായത്തില്‍ കുറ്റപത്രത്തെക്കുറിച്ച് ഒന്നും പറയുന്നില്ലൈന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. 2019 ല്‍ കോടതി കുറ്റപത്രം എഴുതി പ്രതികളെ വായിച്ചുകേള്‍പ്പിച്ച് അവര്‍ കുറ്റംചെയ്തിട്ടില്ലെന്നു രേഖപ്പെടുത്തിയ ശേഷമാണു വിചാരണ തുടങ്ങിയതെന്നും ആ ഉള്ളടക്കം വിധിയിലില്ലെന്നും എബ്രഹാം മാത്യു ലേഖനത്തില്‍ പറയുന്നു.സംഭവം എവിടെ നടന്നുവെന്നു കുറ്റപത്രത്തില്‍ പറഞ്ഞിട്ടില്ല. സിബിഐ പ്രോസിക്യൂട്ടര്‍ കുറ്റപത്രം വായിച്ചിട്ടുമില്ല. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്നു പറഞ്ഞിട്ടുണ്ടോ എന്നു പ്രോസിക്യൂഷന്‍ അന്വേഷിച്ചിട്ടില്ലെന്നും കൊലപാതകമാണെന്നതിനു വിധിന്യായത്തില്‍ തെളില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോണ്‍വന്റില്‍ അതിക്രമിച്ചുകയറി അഭയയെ പരുക്കേല്‍പ്പിച്ചുവെന്നാണു കുറ്റപത്രം. എന്നാല്‍ കൊലപ്പെടുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നില്ല. കൈക്കോടാലി പോലെയുള്ള മാരകായുധം ഉപയോഗിച്ചു തലയ്ക്കടിച്ചു പരുക്കേല്‍പിച്ചു ബോധം കെടുത്തിയശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ കിണറ്റിലെറിഞ്ഞുവെന്നാണു സിബിഐയുടെ കണ്ടെത്തല്‍. അടുത്ത പറമ്പിലെ കൊക്കോമരത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ 5 നില ഹോസ്റ്റലിനു മുകളില്‍ നിന്നു രണ്ടു വൈദികര്‍ ടോര്‍ച്ചടിക്കുന്നതു കണ്ടുവെന്ന പ്രധാന സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വാസയോഗ്യമല്ല.സിബിഐ കുറ്റപത്രത്തിലെ ആരോപണത്തിനു വിരുദ്ധമായി വിചാരണ ചെയ്തതിനു ശേഷം വിചാരണത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കുകയാണു ചെയ്തത്. സിസ്റ്റര്‍ അഭയയുടെ ശരീരത്തിലെ പരുക്കുകള്‍ സാരമുള്ളതല്ല എന്നു ഡോക്ടര്‍ പറയുന്നു. ഡോ. കന്തസാമിയുടെ നേതൃത്വത്തില്‍ ഡമ്മി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ രക്തസ്രാവം ഉണ്ടായതും വെള്ളത്തില്‍ വീണതോടെ വെള്ളം കുടിച്ചതും മരണകാരണമാണെന്നു പറയുന്നു.മൃതദേഹം പോലും കാണാത്തയാളുടെ മൊഴി സ്വീകരിച്ചതു തെറ്റാണെന്നും ഏബ്രഹാം മാത്യു ചൂണ്ടിക്കാട്ടുന്നു. അപ്പീല്‍ കേസ് തിങ്കളാഴ്ച കോടതി ഫയലില്‍ സ്വീകരിച്ചാലും പ്രതികള്‍ ഉടന്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. താന്‍ കാന്‍സര്‍ രോഗിയാണെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഫാ. തോമസ് കോട്ടൂര്‍ അപ്പീലില്‍ വ്യക്തമാക്കും. സിസ്റ്റര്‍ സെഫി അട്ടക്കുളങ്ങര വനിതാ ജയിലിലും ഫാ.തോമസ് കോട്ടൂര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുമാണ് ശിക്ഷ അനുഭവിച്ചുവരുന്നത്.
https://www.facebook.com/Malayalivartha