കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയതായി മുഖ്യമന്ത്രി.... പൊലീസിന്റെ നിരീക്ഷണം ശക്തിപ്പെടുത്തി, ഇന്ന് മുതല്‍ രാത്രി 10ന് ശേഷം യാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പൊലീസിന്റെ നിരീക്ഷണം ശക്തിപ്പെടുത്തി. അടുത്തമാസം 10 വരെയാണ് കര്‍ശന നിയന്ത്രണമുള്ളത്. പൊതുസ്ഥലങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ 25,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇന്ന് മുതല്‍ രാത്രി 10ന് ശേഷം യാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും.
ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നെന്നും മാസ്‌ക് ധരിക്കുന്നെന്നും പൊലീസ് ഉറപ്പാക്കും.
നിലവിലുള്ള സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ക്ക് പുറമേ ആവശ്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പേരെ നിയോഗിക്കും. പൊതുസമ്മേളനങ്ങള്‍, വിവാഹം, മറ്റ് ചടങ്ങുകള്‍ എന്നിവ അടഞ്ഞ ഹാളുകളില്‍ പാടില്ല. പകരം തുറസായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് നടത്തണം. ഇക്കാര്യം ഹാള്‍ അധികൃതര്‍ ശ്രദ്ധിക്കണം. വിവാഹച്ചടങ്ങില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം.
'അടിസ്ഥാനങ്ങളിലേക്ക് തിരികെ പോവുക' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. പനി ലക്ഷണം കണ്ടാലുടന്‍ ടെസ്റ്റ് നടത്താനും രോഗം കണ്ടെത്താനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.
https://www.facebook.com/Malayalivartha
























