രാജ്യവ്യാപക തടയല്‍... റിപ്പബ്ലിക് ദിനത്തെ ഓര്‍മ്മപ്പെടുത്തി ഫെബ്രുവരി ആറിന് രാജ്യവ്യാപക റോഡ് തടയല്‍; ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ എല്ലാ ദേശീയ, സംസ്ഥാന പാതകളിലും കര്‍ഷകര്‍ റോഡ് തടയും; സമരം ശക്തമാക്കി കര്‍ഷക സംഘടനകള്‍ മുന്നേറുമ്പോള്‍ തടയാനുറച്ച് കേന്ദ്രവും

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരത്തിന്റെ പേരില്‍ രാജ്യ തലസ്ഥാനത്തുണ്ടായ അതിക്രമങ്ങള്‍ ഇപ്പോഴും ആരും മറന്നിട്ടില്ല. ചെങ്കോട്ട ആക്രമണം ഉണ്ടാക്കിയ അലയൊളികള്‍ വളരെ വലുതായിരുന്നു. ഇപ്പോഴിതാ അതുപോലെ ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന സമരത്തിനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആറിന് റോഡ് തടയല്‍ സമരം നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ എല്ലാ ദേശീയ, സംസ്ഥാന പാതകളിലും കര്‍ഷകര്‍ റോഡ് തടയും. അതേസമയം സമരം അക്രമമായാല്‍ ശക്തമായി നേരിടാന്‍ കേന്ദ്രവും തയ്യാറായിട്ടുണ്ട്.
അതിനിടെ കര്‍ഷക സമരം ഉയര്‍ത്തി പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ കാര്‍ഷിക നിയമങ്ങള്‍ സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് എം.പി ദീപേന്ദര്‍ ഹൂഡ എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
ഇന്നലെ ബഡ്ജറ്റ് ദിനത്തില്‍ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നിരവധി റോഡുകള്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരുന്നു. ശക്തമായ സന്നാഹവും ഒരുക്കിയിരുന്നു.അതേസമയം, റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ക്ക് ഡല്‍ഹി പൊലീസ് ധനസഹായം പ്രഖ്യാപിച്ചു. അതീവഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25000 രൂപയും മറ്റ് ഗുരുതര പരിക്കുള്ളവര്‍ക്ക് പതിനായിരം രൂപയുമാണ് ധനസഹായം നല്‍കുക. സംഘര്‍ഷത്തില്‍ 394 പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്. 30 പൊലീസ് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു.44 കേസുകളില്‍ 122 പേരെ അറസ്റ്റ് ചെയ്തു.
പ്രതിഷേധിക്കുന്നവരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നുവെന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും സുതാര്യവും സത്യസന്ധവുമായാണ് അന്വേഷണം നടക്കുന്നതെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം നൂറിലേറെ പേരെ കാണാതായെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറയുന്നത്.സിംഘുവിലെ കര്‍ഷസമരകേന്ദ്രത്തില്‍ നിന്ന് അറസ്റ്റിലായ ഫീലാന്‍സ് മാദ്ധ്യമപ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയയുടെ ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി കോടതി പരിഗണിക്കും.
കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാര്‍ അറിയിച്ചു. വരുമാനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചോ തൊഴില്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചോ പരാമര്‍ശിക്കാത്ത ബജറ്റ്, തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
താങ്ങുവില നല്‍കി വിളകള്‍ സംഭരിക്കാന്‍ എഫ്.സി.ഐക്ക് വായ്പയായി കഴിഞ്ഞ വര്‍ഷം ബജറ്റില്‍ വകയിരുത്തിയത് 1,36,600 കോടി രൂപയാണ്. എന്നാല്‍ വളരെ കുറച്ചു തുക മാത്രമാണ് ചിലവഴിച്ചത്. ഇക്കൊല്ലം യാതൊന്നും വകയിരുത്തിയിട്ടില്ല. ഇത്തരം നീക്കങ്ങള്‍ എഫ്.സി.ഐ. അടച്ചു പൂട്ടാനാണോ എന്ന് കര്‍ഷകരെ ചിന്തിപ്പിക്കുമെന്ന് സ്വരാജ് ഇന്ത്യ പ്രതിനിധി യോഗേന്ദ്ര യാദവ് പറഞ്ഞു.
അതേസമയം രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് നടത്തിയ ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത 120 പേരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു.20നും 19നും വയസിന് ഇടയിലുള്ള 15 പേരെയും 19നും 18നും ഇടയില്‍ പ്രായമുള്ള ആറ് പേരെയും 18 വയസില്‍ താഴെയുള്ള രണ്ടു പേരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha
























