സംഗതി ബോള്‍ഗാട്ടിയാകും... ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ബാലുശേരിയില്‍ നിന്നും കെട്ടു കെട്ടിക്കാനിരുന്ന കോണ്‍ഗ്രസ് യുവ നേതാക്കള്‍ക്ക് തിരിച്ചടി; ധര്‍മജന്റെ വിജയസാദ്ധ്യത പരിശോധിക്കാന്‍ രാഹുലിന്റെ ടീം; ധര്‍മ്മജനെ പരിഗണിക്കുന്നത് രണ്ട് മണ്ഡലങ്ങളില്‍

രാഹുല്‍ ഗാന്ധിയുടെ പരീക്ഷ പാസായാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാകും. രാഹുല്‍ ടീം നടത്തുന്ന രഹസ്യ പരീക്ഷയില്‍ ധര്‍മ്മജന്‍ വിജയിച്ചാല്‍ വിജയ സീറ്റ് നല്‍കുകയും ചെയ്യും.
ഇതോടെ ധര്‍മ്മജനെതിരെ രംഗത്ത് വന്നവര്‍ അങ്കലാപ്പിലായി. എവിടെ മത്സരിക്കുമെങ്കിലും ജയിക്കുമല്ലോ പിന്നെന്തിനാ സംവരണ മണ്ഡലമായ ബാലുശേരി പിടിക്കുന്നതെന്നും പിണറായിക്കെതിരെ മത്സരിക്കട്ടെയെന്നും പറഞ്ഞ് ദളിത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം.
വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ ഐ സി സി സെക്രട്ടറി പി വി മോഹനനുമായി ധര്‍മ്മജന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിജയസാദ്ധ്യത ചര്‍ച്ചയായെങ്കിലും എവിടെ മത്സരിക്കുമെന്നതില്‍ അന്തിമ തീരുമാനമായില്ല. സംസ്ഥാനത്തെ രണ്ട് മണ്ഡലത്തിലേക്കാണ് ധര്‍മജനെ പ്രധാനമായും പരിഗണിക്കുന്നത്. രണ്ടിടത്തും വിജയസാദ്ധ്യത ശക്തമല്ലെന്നാണ് വിലയിരുത്തല്‍. ബാലുശ്ശേരിയിലാണ് ധര്‍മജനെ ആദ്യം മുതല്‍ പരിഗണിക്കുന്നത്. ദളിത് സംവരണ മണ്ഡലമാണ് ബാലുശ്ശേരി.
മണ്ഡലത്തില്‍ ആഴത്തിലുളള ബന്ധമുണ്ടെന്ന് ധര്‍മജന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ദളിത് കോണ്‍ഗ്രസ് അടക്കം അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധര്‍മജന്റെ വിജയസാദ്ധ്യത കോണ്‍ഗ്രസ് പരിശോധിച്ച് വരികയാണ്. രാഹുല്‍ ഗാന്ധിയുടെ ടീം തന്നെയാവും ഇതും വിലയിരുത്തുക.
നിലവില്‍ ബാലുശ്ശേരി സി പി എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ശക്തമായ വേരോട്ടം ഈ മണ്ഡലത്തില്‍ സി പി എമ്മിനുണ്ട്. മുസ്ലീം ലീഗും ഇവിടെ ശക്തമാണ്. ബാലുശ്ശേരിയില്‍ മത്സരിക്കണമെന്ന് ഇത്തവണ കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും ആഗ്രഹിക്കുന്നുണ്ട്.
അങ്ങനെയെങ്കില്‍ ധര്‍മ്മജനെ വൈപ്പിനില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കം. ഇത് കുറച്ച് കൂടി വിജയസാദ്ധ്യത കൂടുതലുളള മണ്ഡലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചിക്കാരനെന്ന ആനുകൂല്യവും ധര്‍മജന് വൈപ്പിനില്‍ ലഭിക്കും. മണ്ഡലമേതായാലും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് ധര്‍മജന്റെ നിലപാട്.
അതേസമയം ജയസാദ്ധ്യതയുള്ള സീറ്റുറപ്പിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാനേതാക്കളുടെ പടയൊരുക്കം തുടങ്ങി. എല്ലാ ജില്ലയിലും ഒരു സീറ്റെങ്കിലും വനിതകള്‍ക്ക് കിട്ടണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് കത്തുനല്‍കി. യോഗ്യരുടെ പട്ടികയും തയ്യാറാക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് ഇപ്പോഴും സജീവമായ വനിതകളാണ് പട്ടികയിലുള്ളത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ എ.ഐ.സി.സി രൂപീകരിച്ച പ്രത്യേക സമിതിയിലെ അംഗങ്ങളായ രമ്യ ഹരിദാസ് എം.പി, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സെന്റ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍ എന്നിവരാണ് വനിതകള്‍ക്കായി ഇറങ്ങിത്തിരിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട 40 അംഗ ഉന്നതാധികാര സമിതിയിലെ വനിതാമുഖങ്ങളാണ് നാലുപേരും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായം പറയാന്‍ സംസ്ഥാനത്തെ വനിതകള്‍ക്ക് അവസരം ലഭിക്കുന്നത് ആദ്യമായാണ്.
തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിലേക്ക് വനിതകളെ തള്ളിവിടുന്നത് ഇനി നടക്കില്ലെന്നാണ് നിലപാട്. വനിതാ സംവരണത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി ലഭിച്ചവര്‍ക്ക് നിയമസഭയില്‍ മത്സരിക്കാന്‍ അവസരം നല്‍കുന്നതും എതിര്‍ക്കുമെന്ന് വനിതാനേതാക്കള്‍ വ്യക്തമാക്കി.
സീറ്റ് ആവശ്യപ്പെട്ട് ലാലി വിന്‍സെന്റ് എറണാകുളം, കൊച്ചി, വൈപ്പിന്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം ഇക്കുറി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റിന് കത്തു നല്‍കിയിട്ടുണ്ടെന്ന് ലാലി വിന്‍സെന്റ് പറഞ്ഞു. 43 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇപ്പോഴല്ലെങ്കില്‍ പിന്നെ ഏതുകാലത്ത് ജന്മനാട്ടില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുമെന്നാണ് ലാലിയുടെ ചോദ്യം. ഏതായാലും സ്ഥാനാര്‍ത്ഥി മോഹികള്‍ കോണ്‍ഗ്രസിനെ കലുഷിതമാക്കുക തന്നെ ചെയ്യും. അതുടനറിയാം.
"
https://www.facebook.com/Malayalivartha



























