മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏഴ് പേരെ നിയമിക്കാൻ നീക്കം ; എതിർപ്പ് ശക്തമാക്കി പൊതുഭരണവകുപ്പ് ; എന്തൊക്കെ തസ്തികയിലാണ് നിയമനം നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് കർശന നിർദേശം

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏഴ് പേരെ കൂടി ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുകയാണ്. എന്നാൽ ഈ നീക്കത്തിനെതിരെ എതിർപ്പ് ശക്തമാവുകയാണ്. പൊതുഭരണ വകുപ്പും ഇപ്പോൾ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. എന്തൊക്കെ തസ്തികയിലാണ് നിയമനം നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആരായുകയുണ്ടായി. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫീസ് ജീവനക്കാർ എന്നിവരുടെ നിയമനം ക്രമപ്പെടുത്തി പെൻഷൻ ഉറപ്പാക്കാനുള്ള നീക്കമാണ് ഇപ്പോൾ വിവാദത്തിലേക്ക് നീങ്ങുന്നത്.
2016 ജൂൺ മുതൽ മുൻകാല പ്രാബല്യത്തോടെ ഇവരെ സ്റ്റാഫിൽ ഉൾപ്പെടുത്തി പെൻഷൻ ഉറപ്പാക്കാൻ സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. പട്ടികയിലുള്ളവരിൽ ചിലർ രണ്ടുവർഷ സർവീസ് പൂർത്തിയാക്കാത്തതിനാലാണ് മുൻകാല പ്രാബല്യം നൽകുന്നത്എന്ന കാര്യവും വ്യക്തം. ഏഴുപേരെക്കൂടി ഉൾപ്പെടുത്തുന്നതോടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 30-ൽ നിന്നും 37 ആയി ഉയരുവാനുള്ള സാധ്യത കൂടുകയാണ്. നേരത്തേ ധനവകുപ്പ് ഇതിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ പ്രത്യേകാധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ധനവകുപ്പിനെ മറികടക്കുകയായിരുന്നു. നിയമവകുപ്പ് ഇത് കണ്ടിട്ടുമില്ല.
യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് മന്ത്രിമാരുടെ സ്റ്റാഫിൽ 30 പേരെ വരെ നിയമിക്കാമെന്ന് തീരുമാനിച്ചത്. എന്നാൽ എൽ.ഡി.എഫ്. സർക്കാർ അധികാരമേറ്റപ്പോൾ ഇത് 25 ആയി ചുരുക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ നിലവിലെ ഉത്തരവ് ഭേദഗതിചെയ്ത് നിയമനം പരിമിതപ്പെടുത്താൻ ഇടതുസർക്കാരും മിനക്കെട്ടില്ല. പേഴ്സണൽ സ്റ്റാഫിൽ 1223 പേർ പെൻഷൻകാർ ആണെന്ന കാര്യം ശ്രദ്ധേയം. മന്ത്രിമാരുടെയും മറ്റും പേഴ്സണൽ സ്റ്റാഫായിരുന്നവരിൽ 1223 പേർ നിലവിൽ പെൻഷൻതുക കൈപ്പറ്റുന്നതായാണ് ധനവകുപ്പിന്റെ കണക്ക്. പല കാലങ്ങളായി മുഖ്യമന്ത്രി മുതൽ മന്ത്രിമാരുടെ വരെ സ്റ്റാഫായിരുന്നവരാണ് ഇവർ. 2019 ജൂലായ് വരെയുള്ള കണക്കനുസരിച്ച് മൊത്തം പെൻഷൻകാർ 5,11,085 ലക്ഷം പേരാണ്. ഇതിൽ 3,72,136 പേർ സർവീസ് പെൻഷൻകാരാണ്. 1,25,436 പേർ ഫാമിലി പെൻഷൻ വാങ്ങുന്നവരാണ്. 4737 എക്സ് ഗ്രേഷ്യാ പെൻഷൻകാരും 4512 പേർ പാർട്ട് ടൈം പെൻഷൻകാരുമാണ്. സർക്കാർ ജീവനക്കാർക്കുള്ള എൽ.ടി.സി. ഒഴികെ മറ്റെല്ലാ ആനുകൂല്യങ്ങളും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും ലഭിക്കും. പേഴ്സണൽ സ്റ്റാഫിൽ നല്ലൊരു വിഭാഗം ഒരു ലക്ഷത്തിനുമേൽ ശമ്പളം വാങ്ങുന്നവരാണ്. അഞ്ചുവർഷ സേവനം കഴിഞ്ഞാൽ ആനുപാതികമായ പെൻഷനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























