താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം... സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ അവഗണന... സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഉറപ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍...

ഏവരും ഉറ്റു നോക്കി കൊണ്ടിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങള്‍ നല്‍കാനും താത്കാലിക ജീവനക്കാരില്‍ കൂടുതല്‍ പേരെക്കൂടി സ്ഥിരപ്പെടുത്താനുമായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേര്‍ന്നു.
താല്‍കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ മാനുഷിക പരിഗണന മൂലമാണെന്ന് വീണ്ടും ആവര്‍ത്തിച്ച് സര്‍ക്കാര്‍. ഇത്തവണയും സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇല്ലാത്ത ഒഴിവുകളിലേക്ക് ജോലി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു നല്‍കിയ മറുപടി.
താല്‍കാലികകാരെ സ്ഥിരപ്പെടുത്തുമ്പോള്‍ പി.എസ്.സി ഒഴിവുകള്‍ അല്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി യോഗം അറിയിച്ചു. നിര്‍മിതി കേന്ദ്രത്തിലും സ്ഥിരപ്പെടുത്തല്‍ നടത്തുന്നുണ്ട്. 10 വര്‍ഷം പൂര്‍ത്തിയാക്കിയ 16 പേരെയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തുന്നത്.
കൂടുതല്‍ നടപടിക്കായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അതത് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി സ്ഥിരപ്പെടുത്തല്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പുതിയ തസ്തിക സൃഷ്ടിക്കാന്‍ ഇതുവരെ തീരുമാനമായിട്ടില്ല. ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടേണ്ടതില്ലെന്നും നിയമനം വേഗത്തിലാക്കേണ്ടെന്നും യോഗം വിലയിരുത്തി. ടൂറിസം വകുപ്പിലുള്‍പ്പടെ താല്‍ക്കാലികകാരെ നിയമിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള അപേക്ഷകള്‍ കുന്നുകൂടിയതോടെ നിയന്ത്രണം ഏര്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടങ്ങള്‍ പാലിക്കുന്നവ മാത്രം പരിഗണിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം കൂടുതല്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ അനുമതി നല്‍കി, ബാക്കി അടുത്ത ബുധനാഴ്ച ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളില്‍ നിന്നുള്ള സ്ഥിരപ്പെടുത്തല്‍ അപേക്ഷകള്‍ അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നു മാറ്റിവച്ചു.
ഇന്നലെ 3 മണി വരെ വകുപ്പുകളില്‍ നിന്നു ശുപാര്‍ശകള്‍ സ്വീകരിച്ചിരുന്നു. സര്‍വകലാശാലകളിലെ ലൈബ്രേറിയന്‍ തസ്തികയായ പ്രഫഷനല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, തദ്ദേശവകുപ്പ് ഓംബുഡ്‌സ്മാന്‍ ഓഫിസ് ഉള്‍പ്പെടെ ഒട്ടേറെ പുതിയ നിര്‍ദേശങ്ങള്‍ ഇന്നലെ ലഭിച്ചിട്ടുണ്ട്. പല വകുപ്പുകളില്‍ നിന്നും നൂറിലേറെ തസ്തിക സ്ഥിരപ്പെടുത്താനുള്ള നിര്‍ദേശം വന്നിട്ടുണ്ട്. വിവാദ സാധ്യതയുള്ളതിനാല്‍ വകുപ്പു മേധാവികള്‍ തന്നെ പല ശുപാര്‍ശകളിലും എതിരഭിപ്രായം കുറിച്ചു. സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണു വിയോജിപ്പു രേഖപ്പെടുത്തുന്നത്.
ആരോഗ്യ വകുപ്പിന് കീഴിലുള്ള കെഎച്ച്ആര്‍ഡബ്ല്യുഎസില്‍ 180 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ആരോഗ്യ മന്ത്രി നിയമമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 20 വര്‍ഷം ജോലി നോക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വനം വകുപ്പിനും താത്പര്യം ഏറെയാണ്. ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ഉദ്യോഗാര്‍ത്ഥികള്‍. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടാകാത്ത സ്ഥിതിക്ക് സമരം തുടരാനാണ് സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.
സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തില്‍ ഈ മാസം 22 മുതല്‍ നിരാഹാര സമരം തുടങ്ങുമെന്നാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളും പറയുന്നത്. ഇന്നലെ ഉദ്യോഗാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിന്റെ സമര ഗേറ്റിനു മുന്നില്‍ ശയന പ്രദക്ഷിണം നടത്തിയിരുന്നു. രാത്രി ഏറെ വൈകിയും പ്രതിഷേധ പരിപാടികള്‍ നടന്നു കൊണ്ടേയിരുന്നു.
തസ്തിക സൃഷ്ടിക്കല്‍ വേഗത്തിലാക്കണമെന്ന പരിഹാര ഫോര്‍മുല ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടു വച്ചതിനോടു സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ല. റാങ്ക് പട്ടിക കാലാവധി 6 മാസം കൂടി നീട്ടുക, ലാസ്റ്റ് ഗ്രേഡിനു ജോലി സാധ്യതയുള്ള വകുപ്പുകളില്‍ ജോലി സമയം 8 മണിക്കൂറാക്കി കൂടുതല്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളെങ്കിലും അംഗീകരിക്കണമെന്നാണു ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് റാങ്ക് ലിസ്റ്റിലുള്ളവര്‍ സമരത്തിനൊപ്പം ആവശ്യപ്പെടുന്നത്. ഇതേസമയം, പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരവും നടക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളുടെ വിഷയത്തില്‍ പരിഹാരം കാണുന്നതുവരെ സമരം തുടരാനാണ് യൂത്ത് കോണ്‍ഗ്രസിന്റെയും തീരുമാനം.
"
https://www.facebook.com/Malayalivartha