സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍.... സംസ്ഥാന വ്യാപകമായി സമരം ശക്തിപ്പെടുന്നു....

ഉദ്യോഗാര്‍ത്ഥികളുടെ സമരം 21ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍, സെക്രട്ടേറിയറ്റിന് മുന്നില്‍ വ്യത്യസ്ഥമായ സമരരീതിയുമായി പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍. മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യത്തിനായി പോരാടുന്നത്.
പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ സമരക്കാരെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. നീതി ലഭിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍ ഇപ്പോഴുള്ളത്. സര്‍ക്കാര്‍ നിലപാടിനെതിരെ സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റില്‍ നിന്ന് സമരപന്തലിലേക്ക് പൊരിവെയിലില്‍ മുട്ടിലിഴഞ്ഞാണ് വനിതാ ഉദ്യോഗാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളോട് കാണിക്കുന്നത് മനുഷത്വ രഹിതമായ നിലപാടാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടു പോലും സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.
'അര്‍ഹതപ്പെട്ട ജോലിക്ക് വേണ്ടിയാണ് തങ്ങളുടെ ഈ കഷ്ടപ്പാട്, ജോലിക്ക് വേണ്ടി മരണം വരെ പോരാടാന്‍ തയ്യാറാണ്. കൂടിനില്‍ക്കുന്ന ആയിരക്കണക്കിന് യുവാക്കളുണ്ട്, ഇവരുടെ കുടുംബങ്ങളും ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല. പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നവരാണ് ഞങ്ങള്‍. ഞങ്ങളോടെന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ പിടിവാശി കാണിക്കുന്നത്. ഞങ്ങളില്‍ പലരും പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. ഞങ്ങളുടെ അവസാന പ്രതീക്ഷയാണിത്. സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാവുന്നതു വരെ ഞങ്ങള്‍ പോരാടും. ഗതികെട്ട് അലയുകയാണ് ഇപ്പോള്‍.' എന്ന് ഒരു ഉദ്യോഗാര്‍ത്ഥി പറഞ്ഞു.
എന്നാല്‍, ടൂറിസം വകുപ്പിലും നിര്‍മിതി കേന്ദ്രത്തിലും ഉള്‍പ്പെടെ കൂട്ട സ്ഥിരപ്പെടുത്തലുകളാണ് നടന്നത്. ടൂറിസം വകുപ്പിലെ 90 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനമായി. 10 വര്‍ഷം ജോലി ചെയ്ത താത്കാലിക ജീവനക്കാര്‍ക്കാണ് സ്ഥിരനിയമനം നല്‍കാനൊരുങ്ങുന്നത്.
ഇത് കൂടാതെ, നിര്‍മിതി കേന്ദ്രത്തിലെ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 16 പേരെയും സ്ഥിരപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. മറ്റു ചില വകുപ്പുകളിലും സ്ഥിരപ്പെടുത്തല്‍ നടന്നിട്ടുണ്ട്. ആകെ 150-ഓളം പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു എന്നാണ് വിവരം. ടൂറിസം വകുപ്പില്‍, പി.എസ്.സി. വഴി നിയമനം നല്‍കുന്ന തസ്തികകളില്‍ അല്ല സ്ഥിരപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും അതിനാല്‍ ഇതില്‍ പുതുമയില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി സര്‍ക്കാര്‍ നീട്ടില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. തസ്തിക നീട്ടുന്നതോ ലിസ്റ്റിലുള്ളവരുടെ നിയമനം വേഗത്തിലാക്കുന്നതോ ആയി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും മന്ത്രിസഭാ യോഗം കൈകൊണ്ടില്ല. വിവിധ വകുപ്പുകളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ യോഗം അനുമതി നല്‍കിയിട്ടുണ്ട്. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍, ആ തസ്തിക പിഎസ്സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
നിലവിലുളള റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നല്‍കാനുളള ഒഴിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനും അത് പി.എസ്.സിക്ക് വിടാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അത്തത്തില്‍ ഒരു നിയമനം പോലും നടക്കാന്‍ പാടില്ലെന്നും വകുപ്പ് മേധാവികളോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കൂടാതെ, കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha