സഖാക്കളേ മുന്നോട്ട്... എല്‍ഡിഎഫിന് തുടര്‍ഭരണ സാധ്യതയെന്ന് വിലയിരുത്തി വെള്ളാപ്പള്ളി നടേശന്‍; വെള്ളാപ്പള്ളിയുടെ ഉള്ളിലിരുപ്പ് വ്യക്തമായതോടെ നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ്; ഇതിനേക്കാള്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ നേട്ടം ഉണ്ടായില്ലേയെന്ന സാക്ഷ്യപ്പെടുത്തല്‍

ഒരിടവേളയ്ക്ക് ശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു കഴിഞ്ഞു. ഇത്തവണയും എല്‍ഡിഎഫിന് അനുകൂലമായ പ്രവചനമാണ് വെള്ളാപ്പള്ളി നടത്തുന്നത്. ഭരണം പ്രതീക്ഷിച്ച് മുന്നേറുന്ന ചെന്നിത്തലയേയും കൂട്ടരേയും ഇത് അസ്വസ്ഥമാക്കുന്നുണ്ട്.
എല്‍ഡിഎഫ് തുടര്‍ ഭരണത്തിനാണ് സാധ്യതയെന്നും എതിരായ വികാരം കാണുന്നില്ലെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. പി.എസ്.സി. സമരം തിരിച്ചടി ആകില്ല. ഇതിനേക്കാള്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ നേട്ടം ഉണ്ടായെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ പറയുന്നത് തങ്ങള്‍ക്ക് ഭരണം കിട്ടുമോയെന്ന പ്രതീക്ഷയില്ലെന്നാണ്. ഇതിനര്‍ഥം എതിരായ വികാരമില്ലെന്നാണ്. മാധ്യമങ്ങളുടെ പ്രചാരണവും സ്വര്‍ണക്കടത്ത് അടക്കമുള്ള കുറ്റാരോപണവും നിലനിന്ന സാഹചര്യത്തില്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍തകര്‍ച്ചയുണ്ടാകുമെന്നാണ് കരുതിയത്. ഫലം വന്നപ്പോള്‍ തിരിച്ചാണ് സംഭവിച്ചത്.
മാധ്യങ്ങള്‍ എന്തൊക്കെ പ്രചാരണം നടത്തിയാലും സാധാരണക്കാര്‍ക്ക് എന്ത് കിട്ടിയെന്ന ചിന്തയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ദുരിതകാലഘട്ടത്തില്‍ ക്ഷേമ പെന്‍ഷന്‍, നിത്യോപയോഗസാധനങ്ങള്‍ എന്നിവയെല്ലാം കൃത്യമായി വിതരണം നടത്തിയത് വലിയ രീതിയില്‍ ഗുണം ചെയ്തു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ദുരിതകാലത്ത് ഇടതു സര്‍ക്കാര്‍ സഹായം എത്തിച്ചു. ദുരിതകാലത്ത് കിറ്റ് നല്‍കി. ഇതെല്ലാം വോട്ടായി മാറി'യെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വം കള്ള നാണയമാണ്. മതേതരത്വം പറയുന്ന മുസ്ലിം ലീഗടക്കമുള്ള പാര്‍ടികള്‍ ജയിക്കുന്ന സീറ്റില്‍ ഒരു ഈഴവനെയെങ്കിലും നിര്‍ത്തി മത്സരിപ്പിക്കണം. എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് സ്ഥാനാര്‍ഥി നിര്‍ണയത്തിനുശേഷം പ്രഖ്യാപിക്കും. ഏതൊക്കെ പാര്‍ടിയില്‍നിന്ന് സാമൂഹിക നീതി ലഭിച്ചോയെന്ന് പരിഗണിച്ചാകും തീരുമാനം. മൂന്നു തവണ മത്സരിച്ചവരെ ഒഴിവാക്കാനുള്ള സിപിഐ തീരുമാനം നല്ലത്. പക്ഷെ ജയസാധ്യത നോക്കണം.
ജനപ്രിയരായ നേതാക്കളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് നേരിടുന്നത് ഗുണകരമാകില്ല. ഇക്കാര്യത്തില്‍ സിപിഐ എം നിലപാടാണ് പ്രായോഗികം. മൂന്നു പ്രാവശ്യം നിന്നവര്‍ മാറണമെന്ന് സിപിഐ എം പറയുമ്പോഴും ജയസാധ്യതയുള്ളവരെ നിലനിര്‍ത്തണമെന്നതും പരിഗണിക്കുന്നുണ്ട്. വിശ്വാസികളെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞതാണ് സത്യം. എല്‍ഡിഎഫ് സഹായത്തോടെ ജയിച്ച പാലായില്‍ മത്സരിക്കാനുള്ള മാണി സി കാപ്പന്റെ ആഗ്രഹം തെറ്റല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ബിഡിജെഎസിന് ഭാവിയുണ്ടോയെന്ന് അവര്‍ തീരുമാനിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിഡിജെഎസിന് ബിജെപി നല്‍കിയ വാക്കുകള്‍ പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകാതെ ബിഡിജെഎസ് നോക്കണം. വായിലിട്ട് ചവച്ച് ബിജെപിക്കാര്‍ വിഴുങ്ങാതിരിക്കാനും ശ്രദ്ധിക്കണം.
ഭൂരിപക്ഷസമുദായങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയം അതിക്രമിച്ചെന്ന് അടുത്തിടെ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. പരസ്പരം തലതല്ലിക്കീറുന്നത് നിര്‍ത്തി നിലനില്‍പിനായെങ്കിലും ഭൂരിപക്ഷസമുദായങ്ങള്‍ ഒന്നിക്കണം. മുസ്‌ലിം നേതാക്കള്‍ ക്രൈസ്തവസഭാ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുകയാണ്. ഇവരെ പ്രീതിപ്പെടുത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണ്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വരവോടെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അപ്രസക്തമാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























