ഉദ്യോഗാർത്ഥികളെ പറ്റിച്ച് പിണറായി... പിഎസ്‍സിക്കു വിട്ട തസ്തികകളിലും താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി... യോഗ്യതയില്ലാത്തവരെ നിയമിക്കാൻ ശ്രമിച്ചതായി പരക്കെ ആക്ഷേപം...

സർക്കാർ പിഎസ്‍സിക്കു വിടാത്ത തസ്തികകളിൽ മാത്രമേ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ നടത്തൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമെന്ന് വാദിച്ച് ഉദ്യോഗാർഥികൾ. പിഎസ്‍സിക്കു വിട്ട തസ്തികകളിൽ മാത്രമല്ല, നിലവിൽ റാങ്ക് പട്ടിക നിലനിൽക്കുന്ന തസ്തികകളിലും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നുണ്ട്.
പിഎസ്‌സിക്കു വിട്ട എൽഡിവി (ഡ്രൈവർ) തസ്തികയിൽ റാങ്ക് പട്ടിക നിലനിൽക്കുമ്പോഴാണു വിവിധ തദ്ദേശസ്ഥാപനങ്ങളിൽ 51 താൽക്കാലികക്കാരെ ഇതിലേക്ക് സ്ഥിരപ്പെടുത്തിയത്. സാമ്പത്തികബാധ്യത മൂലം സ്ഥിരനിയമനം നടക്കില്ലെന്നു റാങ്ക് പട്ടികയിലുള്ളവരോടു പറഞ്ഞ ശേഷമായിരുന്നു സ്ഥിരപ്പെടുത്തൽ നടത്തിയത്.
ശമ്പളം നൽകേണ്ടതു തദ്ദേശസ്ഥാപനങ്ങളായതിനാൽ സർക്കാരിന് അധികച്ചെലവുണ്ടാകില്ലെന്നു ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്. വ്യവസായ–വാണിജ്യ വകുപ്പിലും ഇത്തരത്തിൽ സ്ഥിരപ്പെടുത്തലുണ്ടായി. 6 ലാസ്റ്റ് ഗ്രേഡ്, 2 എൽഡി ക്ലാർക്ക്, 2 ഡ്രൈവർ എന്നിവരടക്കം 10 പേരെയാണ് അവിടെ സ്ഥിരപ്പെടുത്തിയത്. ഈ 3 തസ്തികകളിലും റാങ്ക് പട്ടിക ഇപ്പോഴും നിലവിലുണ്ട്.
സ്റ്റാഫ് നഴ്സ് റാങ്ക് പട്ടിക നില നിൽക്കുമ്പോഴാണു പരിയാരം, പാലക്കാട് മെഡിക്കൽ കോളജുകളിൽ താൽക്കാലിക നഴ്സുമാരെ സ്ഥിരപ്പെടുത്തുന്നത്. മെഡിക്കൽ കോളജുകൾ സർക്കാർ ഏറ്റെടുത്തപ്പോൾ നേരത്തേ ഉണ്ടായിരുന്ന താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയെന്നാണു നൽകിയ വിശദീകരണം.
ഈ വസ്തുതകൾ മറച്ചുവച്ചാണ്, പിഎസ്‍സിക്കു വിടാത്ത തസ്തികകളിൽ മാത്രമേ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുള്ളൂ എന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിച്ച് പറഞ്ഞ് കബളിപ്പിക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
ഇതുകൂടാതെ പ്രധാനാധ്യാപക നിയമനത്തിലും സർക്കാരിന് വൻ തിരിച്ചടി. യോഗ്യതയില്ലാത്തവരെ പ്രധാനാധ്യാപകരായി നിയമിക്കാൻ ശ്രമിച്ചു എന്നതാണ് സംസ്ഥാന സർക്കാരിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്. പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി 16നു പുറത്തിറക്കിയ സർക്കുലർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.
കഴിഞ്ഞമാസം തിരക്കുപിടിച്ചു നടത്തിയ നിയമഭേദഗതിയും നേരത്തെ കോടതി തടഞ്ഞിരുന്നു. സർക്കുലർ അനുസരിച്ച് ചില ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തി താൽക്കാലിക മുൻഗണനാപട്ടിക പുറത്തിറക്കിയിരുന്നു. തൃശൂരിൽ നിയമന ഉത്തരവായാണ് ഇത് ഇറങ്ങിയത്.
ടെസ്റ്റ് യോഗ്യതകളില്ലാത്ത ഭരണാനുകൂല അധ്യാപക സംഘടനാ ഭാരവാഹികളെ പ്രധാനാധ്യാപകരാക്കാനുള്ള ശ്രമം ഈ മാർച്ചിൽ വിരമിക്കുന്ന യോഗ്യരായവരുടെ അവസരം നഷ്ടപ്പെടാനും കാരണമാക്കും. 2020 ജനുവരി 27നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ടെസ്റ്റ് യോഗ്യരായവരെ മാത്രമേ പ്രധാനാധ്യാപകരായി നിയമിക്കാവൂ എന്നു വിധിച്ചിരുന്നു.
ഇതിനെതിരെ ഇളവ് ആവശ്യപ്പെട്ട് നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ വകുപ്പുതല പരീക്ഷായോഗ്യതയുള്ളവരെ പ്രധാനാധ്യാപകരായി നിയമിക്കാൻ സർക്കാരിനു കഴിയുമെന്നു കേരള ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ.ആനന്ദ് നാറാത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























