ഇഎംസിസി അഴിമതിയിൽ മുങ്ങി സർക്കാർ... ഇനിയും ഒളിച്ചു കളിച്ചാല്‍ കൂടുതല്‍ രേഖകള്‍ കൂടി പുറത്തുവിടുമെന്ന് ചെന്നിത്തല... ഇ.പി. ജയരാജനും ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും പങ്ക്...

ഇ.എം.സി.സി. അഴിമതി ആരോപണത്തില്‍ ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും വ്യവസായ വകുപ്പുമന്ത്രി ഇ.പി. ജയരാജനും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാതീരത്ത് അമേരിക്കന്‍ കമ്പനി ഇ.എം.സി.സിക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്ന് ചെന്നിത്തല ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ ചെന്നിത്തലയുടെ ആരോപണം മേഴ്‌സിക്കുട്ടിയമ്മ പൂർണ്ണമായി നിഷേധിച്ചു. ഇതിനു പിന്നാലെയാണ് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപണിയുമായി ചെന്നിത്തല രംഗത്തെത്തിയത്. കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച ചർച്ചയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്.
ഇഎംസിസി ഡയറക്ടർ, മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടർ എന്നിവരെ ചിത്രത്തിൽ കാണാൻ സാധിക്കും. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ ചർച്ചയെന്നതിനുമുള്ള രേഖ രമേശ് ചെന്നിത്തല പുറത്തുവിട്ടിട്ടുണ്ട്.
തുടര്‍നടപടികള്‍ക്കായി വ്യവസായമന്ത്രി ഇ.പി.ജയരാജനു കമ്പനി അയച്ച കത്തിന്റെ പകര്‍പ്പും പുറത്തുവിട്ടിരുന്നു. സ്പ്രിന്‍ക്ലര്‍, ഇ - മൊബിലിറ്റി ഇടപാടുകളെക്കാള്‍ ഗുരുതര സ്വഭാവമുള്ളതാണു പദ്ധതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മത്സ്യനയത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം കമ്പനിയെ സഹായിക്കും വിധമാണെന്നും ആരോപണമുണ്ട്. ഒന്നും അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പറയുന്നത് ആരെ കബളിപ്പിക്കാനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
എന്തിനാണ് ചേർത്തലയിൽ നാലേക്കർ ഭൂമി അനുവദിച്ചത്, മുഖ്യമന്ത്രി അറിയാതെയാണോ ഇത്ര വലിയ പദ്ധതി മുന്നോട്ടുപോകുമോയെന്നും രമേശ് ചെന്നിത്തല ആരാഞ്ഞു. കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടവെന്നാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ആരോപിച്ചിരുന്നത്.
ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ പോയി ചര്‍ച്ച നടത്തിയെന്നും ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചെന്നുമാണു ചെന്നിത്തല ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ ഇപ്പോൾ നടക്കുന്ന വിവാദം അനാവശ്യമാണ്. പദ്ധതിരേഖ മാത്രമാണു സമര്‍പ്പിച്ചതെന്നാണ് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചത്. അമേരിക്കന്‍ വിദേശ നിക്ഷേപത്തോടെയാണു പദ്ധതി നടക്കുന്നതെന്നും സര്‍ക്കാരിന്റെ ഒരു രൂപ പോലും ഇതിൽ ഇല്ലെന്നും ഒട്ടേറെപ്പേര്‍ക്കു തൊഴില്‍ ലഭിക്കുന്ന നല്ല പദ്ധതിയാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് അങ്കമാലി സ്വദേശിയായ ഷിജു വര്‍ഗീസാണ്. ഹോസ്പിറ്റാലിറ്റി, ടൂറിസം, റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലാണു ഇയാൾക്കു മുന്‍പരിചയം. കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ 10 ലക്ഷം രൂപ മൂലധനത്തില്‍ ഷിജു വര്‍ഗീസ് പ്രസിഡന്റായി ഇഎംസിസി ഇന്റര്‍നാഷനല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉപകമ്പനി 2 വര്‍ഷം മുന്‍പു രൂപീകരിച്ചു. സഹോദരന്‍ ഷിബുവും അമ്മയും സഹോദരിയുമാണു ഡയറക്ടര്‍മാരായിട്ടുള്ളത്.
ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യാതെയാണു ധാരണാപത്രമെന്നും ആഗോള ടെന്‍ഡര്‍ വിളിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നുണ്ട്. എന്നാൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ താൻ ന്യൂയോര്‍ക്കില്‍ കണ്ടിരുന്നുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് ഏബ്രഹാമും വ്യക്തമാക്കി. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് മന്ത്രി.
ഇഎംസിസി ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ഷിജു വര്‍ഗീസുമായി ധാരണാപത്രം ഒപ്പിട്ടതായി ഈ മാസം 2നു കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ വാര്‍ത്തക്കുറിപ്പില്‍ തന്നെ പരാമർശിക്കുന്നുണ്ട്. കെഎസ്‌ഐഎന്‍സിയുടെ സഹായത്തോടെ 400 ട്രോളറുകള്‍ കേരളത്തില്‍ തന്നെ നിര്‍മിക്കും.
ഇവയ്ക്ക് അടുക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പുതിയ ഹാര്‍ബറുകളും വികസിപ്പിക്കും. സംസ്‌കരണ യൂണിറ്റുകളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാകും മുന്‍ഗണന നൽകുന്നതും. 200 ഔട്ലറ്റുകള്‍ വഴി കേരളത്തില്‍ വില്‍പനയും കയറ്റുമതിയും ലക്ഷ്യമിടുന്ന പദ്ധതി വഴി 25,000 തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് എംഡി എന്‍. പ്രശാന്ത് സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























