മുതിര്‍ന്ന പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിനെടുക്കാന്‍ ദുരിതം... തിങ്കളാഴ്ച മുതല്‍ എല്ലാം സുഗമമാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് മൂലം മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറമെ കോവിഡ് മുന്നണിപ്പോരാളികളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാരും കൂടി എത്തിയതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്. പലരും കുത്തിവെപ്പ് എടുക്കാതെ മടങ്ങുകയാണ്.
തിരുവനന്തപുരത്ത് തൈക്കാട്, ജനറല്‍, പേരൂര്‍ക്കട ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ശസ്ത്രക്രിയ കഴിഞ്ഞവരടക്കം ക്യൂവില്‍ നിന്നു. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വരുന്നവരും വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നവരുമുണ്ട്. മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ട സ്ഥിതി ഇവര്‍ക്കുണ്ടായി. പലയിടത്തും മതിയായ ഇരിപ്പിട സൗകര്യവുമുണ്ടായിരുന്നില്ല. കോവിന്‍ സൈറ്റില്‍ തിരിച്ചറിയല്‍ രേഖ അപ്‌ലോഡ് ചെയ്താല്‍ പോലും രജിസ്‌ട്രേഷന്‍ പൂര്‍ണമാകുന്നില്ലെന്ന ആക്ഷേപമുണ്ട്. അതേസമയം, നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ ആശുപത്രികളില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. സ്വകാര്യ ആശുപത്രികളും സജ്ജമാവും. തിങ്കളാഴ്ച മുതല്‍ എല്ലാം സുഗമമാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha