ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

ഒരുമാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം ഉടൻതന്നെ മടങ്ങുമെന്ന് റിപ്പോർട്ട്. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയത്തോടടുക്കുകയാണെന്നാണ് അറിയുന്നത്. ബ്രിട്ടനിൽ നിന്നുള്ള പതിനാലംഗ വിദഗ്ദ്ധ സംഘമാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകുന്നത്. എഫ്-35 വിമാനം നിർമിച്ച അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിന്റെ സാങ്കേതിക വിദഗ്ദ്ധരും സംഘത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയത്. ചാക്കയിലെ രണ്ടാം നമ്പർ ഹാംഗറിനുള്ളിൽ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ്-35 സൂക്ഷിച്ചിരിക്കുന്ന പ്രദേശം മറച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇന്ത്യൻ വ്യോമസേനയുടേയോ സാങ്കേതിക വിദഗ്ദ്ധരുടെയോ സഹായം അറ്റകുറ്റപ്പണിക്ക് ആവശ്യപ്പെട്ടിട്ടില്ല. പൂർണമായും രഹസ്യ സ്വഭാവത്തിലാണ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്.ജൂൺ 14നാണ് ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ബ്രിട്ടീഷ് പാർലമെന്റിൽ പോലും വിമാനം തിരുവനന്തപുരത്ത് കിടക്കുന്നത് ചർച്ചയായി. ഇതോടെയാണ് വിമാനം ഹാംഗറിലേക്ക് മാറ്റാൻ ബ്രിട്ടീഷ് അധികൃതർ സമ്മതിച്ചത്. അത്യാധുനികവും അതീവ സുരക്ഷാസംവിധാനവുമുള്ള വിമാനത്തെ മറ്റൊരു രാജ്യത്തെ ഹാംഗറിലേക്ക് മാറ്റുന്നതിനോട് സൈന്യത്തിന് ആദ്യം യോജിപ്പില്ലായിരുന്നു.
അമേരിക്കൻ നിർമിതമായ അഞ്ചാം തലമുറ യുദ്ധവിമാനം നാറ്റോ സഖ്യത്തിലുൾപ്പെടാത്ത മറ്റൊരു രാജ്യത്തിനും ലഭിച്ചിട്ടില്ല. അതിനാൽ സാങ്കേതികവിദ്യ ചോരുമെന്ന ആശങ്കയിലാണ് വിമാനം ഹാംഗറിലേക്ക് മാറ്റാതിരുന്നത്. സാങ്കേതിക തകരാർ പരിഹരിക്കാൻ വഴിയില്ലാതെ വന്നതോടെയാണ് ഇതിന് ബ്രിട്ടൺ വഴങ്ങിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാറാണെന്ന സൂചനയാണ് പുറത്തുവന്നിരുന്നത്. എന്നാൽ, ഒക്സിലറി പവർ യൂണിറ്റിനും തകരാറുണ്ടെന്നാണ് സൂചന. ശബ്ദത്തെക്കാൾ 1.6 മടങ്ങ് വേഗവും ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിച്ചു പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യയുമുള്ള യുദ്ധവിമാനമാണ് തിരുവനന്തപുരത്ത് കിടക്കുന്നത്.
ആഴ്ചകൾ പിന്നിട്ടിട്ടും പോര്‍വിമാനത്തിന്‍റെ അടിയന്തര ലാന്‍ഡിങിന്‍റെ കാരണങ്ങളില്‍ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്. ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തുകയും ലോക്ക് ചെയ്യുകയും ചെയ്തു എന്നൊരു നിരീക്ഷണം നടത്തുകയാണ് യൂട്യൂബറായ അമിത് സെന്‍ഗുപ്ത. പൈലറ്റിന്‍റെ സ്വന്തം തീരുമാനപ്രകാരമല്ല തിരുവനന്തപുരത്തെ ലാന്‍ഡിങ് എന്നും പോര്‍വിമാനത്തിലെ ഓട്ടോമാറ്റിക് സംവിധാനമാണ് ഇതിന് പിന്നിലെന്നും അമിത് വാദിക്കുന്നു.
പോര്‍വിമാനം കുടുങ്ങിയതിന് കാരണം ഒരു സാധാരണ സാങ്കേതിക തകരാറായിരിക്കില്ലെന്നും നിർമാതാവിന് മാത്രം ആക്‌സസ് ചെയ്യാൻ കഴിയുന്ന എൻക്രിപ്റ്റ് ചെയ്‌ത സോഫ്‌റ്റ്‌വെയർ, ഫേംവെയർ അല്ലെങ്കിൽ സ്റ്റെൽത്ത് ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്ന ആഴത്തിലുള്ള പ്രശ്‌നമാകാം എന്നാണ് വിഡിയോയില്‍ പറയുന്നത്. വിമാനത്തിന്‍റെ അറ്റകുറ്റപണി മറ്റാര്‍ക്കും സാധിക്കാത്ത വിധം സങ്കീര്‍ണമായതിന്‍റെ കാരണം ജെറ്റ് ലോക്കായതാണെന്നും അണ്‍ലോക്ക് ചെയ്യാന്‍ അംഗീകൃത പരിശീലനം ലഭിച്ച നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്നുള്ളവര്‍ ആവശ്യമാണെന്നും വിഡിയോയിലുണ്ട്. മോശം കാലാവസ്ഥയും ഇന്ധന കുറവുമാണ് വിമാനത്തെ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന വാദത്തെ തള്ളുന്നത് ഇങ്ങനെയാണ്. 'ബ്രിട്ടീഷ് നേവി വിമാനങ്ങള്‍ കൂട്ടമായാണ് സഞ്ചരിക്കുന്നത്. കടലില്‍ ലാന്‍ഡിങിനും മറ്റുമുള്ള പിന്തുണ ലഭിക്കും. അതിനാല്‍ തന്നെ നാറ്റോ രാജ്യമല്ലാത്ത ഇന്ത്യയില്‍ എഫ്-35 ഇറങ്ങിയിട്ടുണ്ടെങ്കില്‍ ഇത് പൈലറ്റിന്‍റെ സ്വന്തം തീരുമാനപ്രകാരമല്ല. എഫ്-35B ലാൻഡ് ചെയ്തത് തിരുവനന്തപുരത്തെ സിവിലിയന്‍ എയർപോർട്ടിലാണ്, അതിനടുത്തുള്ള എയർഫോഴ്സ് സ്റ്റേഷനിൽ പോലുമല്ല. ഇതിന് കാരണം ഫ്ലൈറ്റിന്‍റെ മാനുവൽ നിയന്ത്രണങ്ങൾ ലോക്കാവുകയും എമർജൻസി ലാൻഡിംഗ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി ഏറ്റവും അടുത്തുള്ള സുരക്ഷിത സിവിലിയൻ റൺവേ തിരഞ്ഞെടുക്കുകയും ചെയ്തതിനാലാണ്' എന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ഇന്ത്യയുടെ ഇന്‍റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം (ഐ.എ.സി.സി.എസ്) പോര്‍വിമാനത്തെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തു എന്നായിരുന്നു ഇന്ത്യന്‍ വ്യോമസേന അറിയിച്ചത്. വ്യോമ ഭീഷണികൾ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ഉയർന്ന തലത്തിലുള്ള പ്രതിരോധ ശൃംഖലയാണ് ഐ.എ.സി.സിഎസ്. എഫ്-35ബി നിശ്ചിത പരിധിയിലേക്ക് പ്രവേശിച്ചയുടൻ, ഇന്ത്യയുടെഐ.എ.സി.സി.എസ് റഡാർ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ ഉപയോഗിച്ച് വിമാനത്തെ കണ്ടെത്തുകയും അതിനെ 'ലോക്ക്' ചെയ്യുകയും ചെയ്തു. ഇതോടെ എഫ്-35 ബിയിലെ സ്വയം-പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നാണ് വിഡിയോയിലുള്ളത്.
സംയുക്ത സൈനിക അഭ്യാസത്തിന്‍റെ ഭാഗമായി ബ്രിട്ടന്‍ ഇന്ത്യയുടെ റഡാര്‍ പ്രതിരോധത്തെ പരീക്ഷിച്ചതാകാം ഇതെന്നാണ് മറ്റൊരു നിരീക്ഷണം. സംയുക്ത സൈനിക അഭ്യാസത്തിന്‍റെ പേരില്‍ എഫ്- 35 ഉപയോഗിച്ച് ഇന്ത്യയുടെ വ്യോമ പ്രതിരോധ ശ്രംഖലയെ പരീക്ഷിച്ചു. ഇന്ത്യയുടെ റഡാർ കവറേജും ഇലക്ട്രോണിക് പ്രതികരണ പാറ്റേണുകളും മാപ്പ് ചെയ്യാനായി സ്റ്റെൽത്ത് ജെറ്റ് ഉപയോഗിച്ചിരിക്കാമെന്നാണ് അമിത് സെന്‍ഗുപ്തയുടെ നിരീക്ഷണം.
https://www.facebook.com/Malayalivartha