മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം

അഹമ്മദാബാദ് വിമാനാപകടം നടന്നിട്ട് ഇന്ന് ഒരു മാസം. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നു കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. റിപ്പോര്‍ട്ട് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും സൂചനയുണ്ട്. പ്രാഥമിക വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരമാവധി 5 പേജില്‍ തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ അപകടകാരണം ഉണ്ടാകില്ല. അന്തിമ റിപ്പോര്‍ട്ടിന് ഒരു വര്‍ഷം വരെ സമയമെടുക്കാം.
രാജ്യാന്തര ചട്ടപ്രകാരം അന്വേഷണം നടത്തുന്ന രാജ്യം 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് രാജ്യാന്തര ആഭ്യന്തര ഗതാഗത സംഘടനയ്ക്കു നല്‍കണം. ഇതു പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് രാജ്യത്തിനു തീരുമാനിക്കാം. കരിപ്പൂര്‍ വിമാനാപകടത്തില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നില്ല. അഹമ്മദാബാദ് അപകടത്തില്‍ യാത്രക്കാരായ 241 പേര്‍ ഉള്‍പ്പെടെ 260 പേര്‍ മരിച്ചു.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്തായി. അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട്. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേള്‍ക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമന്റെ മറുപടി.
സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇന്‍-കമാന്‍ഡായ സുമീത് സബര്‍വാള്‍ ഇത് നിരീക്ഷിക്കുകയായിരുന്നു. സബര്‍വാള്‍ ബോയിംഗ് 787 വിമാനം 8600 മണിക്കൂര്‍ പറത്തിയ പൈലറ്റാണ്. കുന്ദര്‍ 1,100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. സര്‍വീസ് തുടങ്ങും മുന്‍പ് ഇരുവര്‍ക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അപകട സമയത്ത് വിമാനത്തില്‍ 230 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരില്‍ 15 പേര്‍ ബിസിനസ് ക്ലാസിലും 215 പേര്‍ ഇക്കോണമി ക്ലാസിലുമായിരുന്നു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പെട്ടത്.
എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയില്‍ കണ്ടതിന് പിന്നാലെ ഇത് ഓണ്‍ ചെയ്തിരുന്നു. ഒരു എഞ്ചിന്‍ ഭാഗികമായി പ്രവര്‍ത്തനക്ഷമമായെങ്കിലും രണ്ടാമത്തെ എഞ്ചിന്‍ പ്രവര്‍ത്തിച്ചില്ല. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തകര്‍ന്നുവീഴുകയും ചെയ്തു. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നാണ് സംശയം. ഇവ യാന്ത്രികമായി പ്രവര്‍ത്തിക്കുന്നതല്ല. പൈലറ്റുമാരില്‍ ഒരാള്‍ സ്വിച്ച് ഓഫ് ചെയ്‌തോയെന്നാണ് ഉയരുന്ന സംശയം.
എഞ്ചിനുകളിലേക്കുള്ള വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പോള്‍, അടിയന്തര ഹൈഡ്രോളിക് പവര്‍ നല്‍കുന്നതിനായി പ്രൊപ്പല്ലര്‍ പോലുള്ള ഉപകരണമായ റാം എയര്‍ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചു. വിമാനം 32 സെക്കന്‍ഡ് മാത്രമാണ് ആകാശത്ത് പറന്നത്. വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് ഡ്രീംലൈനര്‍ വിമാനം തകര്‍ന്ന് വീണ് 260 പേരുടെ ജീവനാണ് നഷ്ടമായത്.
അപകടം നടന്ന് 30 ദിവസത്തിനുള്ളിലാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വ്യോമയാന മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്.
അപകടത്തിന്റെ കാരണമടക്കം കണ്ടെത്താന്‍ നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചിരുന്നു. ബ്ലാക്ക് ബോക്‌സിലെയും വോയ്‌സ് റെക്കോര്‍ഡറിലെയും വിവരങ്ങളടക്കം വിശകലനം ചെയ്യുന്നത് തുടരുകയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ സുരക്ഷിതമായി വീണ്ടെടുക്കാനായതായാണ് വിവരം.
അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഈയാഴ്ച പുറത്തുവിടുമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചച്ചിരുനത്. വ്യോമ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത, ടൂറിസം, സാംസ്‌കാരിക വകുപ്പുകളിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
യോഗത്തില്‍ അന്വേഷണ പുരോഗതിയടക്കം ചര്‍ച്ചയായി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ അടക്കം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് രാവിലെ പത്തിന് ആരംഭിച്ച യോഗം വൈകിട്ട് ആറിനാണ് അവസാനിച്ചത്.
രാജ്യത്തെ എല്ലാ വിമാന കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ വിമാന സര്‍വീസിലെ സുരക്ഷ സംബന്ധിച്ച വിവരങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. അഹമ്മദാബാദ് ദുരന്തത്തിനുശേഷം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ എട്ടു ശതമാനത്തിന്റെ കുറവും ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനവും കുറവുണ്ടെന്ന് യോഗത്തില്‍ വ്യോമയാന മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയിലെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂടുതല്‍ വിമാനങ്ങള്‍ കൈകാര്യം ചെയ്യേണ്ട അവസ്ഥയുണ്ടെന്നും ഇത് മാനുഷികമായ തെറ്റുകള്‍ ഉണ്ടാക്കുന്നതിന് വഴിയൊരുക്കുമെന്നും ദുരന്തത്തിന് കാരണമാകുമെന്നും ചിലര്‍ യോഗത്തില്‍ ചൂണ്ടികാട്ടി.
ബ്ലാക്ക് ബോക്‌സുകളിലെ വിവരങ്ങള്‍ ഡികോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. യുഎസിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ വിദഗ്ധരുമായി ചേര്‍ന്നാണ് ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നത്. അഹമ്മദാബാദ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി അവസാനം വിമാനത്തിലെ പൈലറ്റ് ബന്ധപ്പെട്ടകാര്യമടക്കം പരിശോധിക്കുന്നുണ്ട്. ബ്ലാക്ക് ബോക്‌സ് പരിശോധനയ്ക്കായുള്ള ഇതിനായുള്ള നിര്‍ണായക ഉപകരണം എന്‍ടിഎസ്ബി ഇന്ത്യയിലെത്തിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി അഹമ്മദാബാദ് വിമാനത്താവളത്തിലെ സുരക്ഷ മേഖലയില്‍ തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങളെത്തിച്ച് വിമാനം ഭാഗികമായി പുനര്‍നിര്‍മിച്ചു.വിമാനത്തിന് എത്രത്തോളം തകര്‍ച്ച സംഭവിച്ചുവെന്ന് അറിയാനും ബ്ലാക്ക് ബോക്‌സിലെ വിവരങ്ങളും താരതമ്യം ചെയ്യാനുമാണ് വിമാനം പുനര്‍നിര്‍മിച്ചത്. ബോയിങ് വിമാന നിര്‍മാണ വിദഗ്ധരുടെയടക്കം സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.എഎഐബി ഡയറക്ടര്‍ ജനറല്‍ ജിവിജി യുഗന്‍ധറിന്റെ നേതൃത്വത്തില്‍ വിവിധ ടീമുകളാണ് അന്വേഷണം നടത്തുന്നത്.
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും. വിമാനം തകര്‍ന്നു വീണ ബി ജെ ഹോസ്റ്റലിന്റെ പുനര്‍നിര്‍മാണത്തിനും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.
അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിലാണ്എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 A സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്‌നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.
അഹമ്മദാബാദ് വിമാന അപകടത്തില്‍ ബോയിംഗ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ പാര്‍ലമെന്ററി സമിതി. വ്യോമയാന ഗതാഗതവുമായി ബന്ധപ്പെട്ട സമിതിയുടേതാണ് നടപടി. വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും മരിച്ചിരുന്നു. കേരളത്തില്‍ സര്‍ക്കാര്‍ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തില്‍പ്പെട്ടത്. എട്ട് മാസമായി ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ യാത്രോദേശ്യം. വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക എന്നീ മക്കളാണ് വീട്ടില്‍ രഞ്ജിതയ്ക്കുള്ളത്.
ഗോപകുമാരന്‍ നായര്‍- തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്സിങ് ജോലി ആരംഭിക്കുന്നത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
അതേസമയം അതിവേഗ ആളില്ലാ വ്യോമ ലക്ഷ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന തദ്ദേശീയ മിസൈല്‍ 'അസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). ഇന്ത്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് അസ്ത്ര പരീക്ഷിച്ചത്. ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈല്‍ (ബിവിആര്‍എഎഎം) വിഭാഗത്തില്‍പ്പെടുന്ന അസ്ത്രയുടെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപുര്‍ തീരത്ത് വച്ചാണ് ഡിആര്‍ഡിഒ നടത്തിയത്.
ആളില്ലാ വ്യോമസംവിധാനങ്ങളെ ആകാശത്ത് വച്ച് തന്നെ അസ്ത്ര നശിപ്പിച്ചുവെന്നും ഡിആര്‍ഡിഒ അറിയിച്ചു. സുഖോയ് -30 എംകെ-1ന് സമാനമായ പ്ലാറ്റ്‌ഫോമില്‍ നിന്നായിരുന്നു അസ്ത്രയുടെ വിക്ഷേപണം. തദ്ദേശീയ റേഡിയോ ഫ്രീക്വന്‍സി (ആര്‍എഫ്) സീക്കര്‍ ഘടിപ്പിച്ചാണ് അസ്ത്രയുടെ നിര്‍മാണമെന്നും 100 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തിലുള്ള വ്യോമ ലക്ഷ്യങ്ങളെ തകര്‍ക്കുന്ന രീതിയിലാണ് മിസൈല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഡിആര്‍ഡിഒ അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ ശക്തിപകരുന്നതാണ് അസ്ത്രയുടെ പരീക്ഷണ വിജയം.
ഡിആര്‍ഡിഒയ്ക്ക് പുറമെ ഇന്ത്യന്‍ വ്യോമസേന, എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി (എഡിഎ), ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍), സെന്റര്‍ ഫോര്‍ മിലിട്ടറി എയര്‍വര്‍ത്തിനെസ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ്, ടെസ്റ്റ് റേഞ്ച് ടീം എന്നിവരുടെയെല്ലാം സഹായത്തോടെയാണ് അസ്ത്രയുടെ പരീക്ഷണം വിജയകരമാക്കിയത്. ദൗത്യത്തില്‍ ഉള്‍പ്പെട്ട വിവിധ സംഘങ്ങളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രശംസിച്ചു.
ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തി. ശനിയാഴ്ച രാവിലെ 11 മണിക്കാണ് സംസ്ഥാന ഓഫീസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നടും. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും.
ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി മാരാരുടെ അര്‍ദ്ധകായ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അമിത് ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് റവന്യൂ ജില്ലകളിലെ 36,000 നേതാക്കളാണ് നേതൃസംഗമത്തിലെത്തുന്നതെന്ന് ബിജെപി അറിയിച്ചു.
https://www.facebook.com/Malayalivartha