അങ്കത്തിന് ബിജെപി റെഡി... അമിത് ഷാ പറഞ്ഞതോടെ ഷൂട്ടിംഗെല്ലാം ചുരുട്ടിക്കൂട്ടി സുരേഷ് ഗോപി തൃശൂരിലെത്തുന്നു; ബിജെപിയുടെ പട്ടികയില്‍ നടി മേനക സുരേഷും; കടകംപള്ളിയ്ക്ക് എതിരായി മുരളീധരന്‍ മത്സരിക്കുമോ എന്ന് ആശങ്ക; തിരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപി അണിനിരത്തുന്നത് വലിയ പ്രമുഖരെ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സ്ഥാനാര്‍ത്ഥികളേയാണ് രംഗത്തിറക്കുന്നത്. ഉടക്കി നിന്ന സുരേഷ് ഗോപിയെ അമിത്ഷാ തന്നെ അനുനയിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ചകള്‍ മാത്രം ശേഷിക്കെ, ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനൊരുങ്ങി ബിജെപി. കേരളത്തില്‍ ബിജെപിക്ക് ആദ്യമായി അക്കൗണ്ട് തുറക്കാന്‍ അനുവദിച്ച നേമം മണ്ഡലത്തില്‍ ഇത്തവണ കുമ്മനം രാജശേഖരന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. കുമ്മനത്തെ തന്നെയാണ് പാര്‍ട്ടി നേമത്തേക്ക് പ്രധാനമായും പരിഗണിക്കുന്നതെതെങ്കിലും ഇവിടെ മറ്റൊരാള്‍ വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ ആകില്ല.
കടകംപള്ളി സുരേന്ദ്രന് എതിരായി കഴക്കൂട്ടത്ത് വി മുരളീധരന്‍ എത്തും എന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കുന്നില്ല എന്നാണ് പറഞ്ഞുകേട്ടത്. ഏതായാലും മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വമായിരിക്കും തീരുമാനമെടുക്കുക.
ടിപി സെന്‍കുമാറിന്റെ പേരും കഴക്കൂട്ടത്ത് പറഞ്ഞുകേള്‍ക്കുന്നുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിച്ച നടനും എംപിയുമായ സുരേഷ് ഗോപിയെ ഇത്തവണയും കളത്തിലിറക്കണം എന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. അദ്ദേഹം ഇക്കാര്യത്തില്‍ ഇനിയും സമ്മതം മൂളിയിട്ടില്ല.സിനിമയിലെ തിരക്കിന്റെ കാര്യം പറഞ്ഞാണ് അദ്ദേഹം മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നതെന്നാണ് വാര്‍ത്ത. താന്‍ മത്സരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂര്‍ മണ്ഡലം നല്‍കിയാല്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ എന്നിവിടങ്ങളിലേക്കാണ് സുരേഷ് ഗോപിയെ പാര്‍ട്ടി പരിഗണിക്കുന്നത്.
ജയസാദ്ധ്യതയുള്ള സീറ്റ് ലഭിക്കാത്തതാണ് സുരേഷ് ഗോപി മത്സരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കാരണമെന്നാണ് വിവരം. എന്നിരുന്നാലും സുരേഷ് ഗോപി തൃശൂരില്‍ തന്നെ മത്സരിക്കാനാണ് സാദ്ധ്യത. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷിനെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നുണ്ട്. കുമ്മനത്തിന്റെ പേരും ഇവിടെ പറഞ്ഞുകേള്‍ക്കുന്നു.
അതേസമയം, ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടി മേനകയുടെ പേരും ഉള്‍പ്പെടുത്തിട്ടുണ്ടെന്ന വാര്‍ത്തയും പരക്കുന്നുണ്ട്. തിരുവനന്തപുരത്തേക്കാണ് നടി പരിഗണിക്കപ്പെടുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കോന്നി മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്.
പ്രഖ്യാപിച്ച സാദ്ധ്യതാ പട്ടികയില്‍ ധര്‍മ്മടത്ത് സികെ പത്മനാഭന്‍, അമ്പലപ്പുഴയില്‍ സന്ദീപ് വചസ്പതി, കൊട്ടാരക്കരയില്‍ സന്ദീപ് വാര്യര്‍, ചെങ്ങന്നൂരില്‍ എംവി ഗോപകുമാര്‍, ഹരിപ്പാട്ട് ബി ഗോപാലകൃഷ്ണന്‍, കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍ എന്നിങ്ങനെയാണ് പേരുകള്‍. പാലക്കാട്ടേക്ക് പാര്‍ട്ടി പരിഗണിക്കുന്നത് ഇ ശ്രീധരനെയും ശോഭാ സുരേന്ദ്രനെയുമാണ്.
കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശും കോവളത്ത് വിഷ്ണുപുരം ചന്ദ്രശേഖരനും മത്സരിക്കാനാണ് സാദ്ധ്യത. കോവളത്ത് എസ് സുരേഷിന്റെ പേരും പരിഗണനയിലുണ്ട്.
അതേസമയം ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിക്കുമെന്ന കാര്യവും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന നേതൃത്വം കൈമാറുന്ന പട്ടികയില്‍ കേന്ദ്ര പാര്‍ലമെന്ററി കമ്മിറ്റി യാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. അധികം വൈകാതെ തന്നെ സ്ഥാനാര്‍ത്ഥി പട്ടികയുമായി സംസ്ഥാന പ്രസിഡന്റ് ഉടനെ ഡല്‍ഹിയ്ക്ക് തിരിക്കുമെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha



























