ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്മരണമായി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു....

ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ ഓര്‍മ പുതുക്കി ഇന്ന് ദുഖവെള്ളി. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്മരണമായി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഖവെള്ളി ആചരണം ക്രൈസ്തവര്‍ ക്രമീകരിച്ചിരിക്കുന്നത്.
കാല്‍വരിക്കുന്നിനു മുകളില്‍ കുരിശില്‍ തറക്കപ്പെട്ട് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ക്രൈസ്തവര്‍ ദുഖവെളളി ആചരിക്കുന്നത്.
മാനവരാശിയുടെ രക്ഷയ്ക്കു വേണ്ടിയായിരുന്നു കുരിശും ചുമന്ന് കാല്‍വരി കുന്നിലേക്ക് യേശുക്രിസ്തു നടന്നു കയറിയത്.
മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് യേശുക്രിസ്തു മുള്‍ക്കിരീടം ചൂടിയതും ചാട്ടവാറടി ഏറ്റതും കുരിശ് വഹിച്ച് ഗാഗുല്‍ത്താമലയില്‍ ചവിട്ടിയതും എല്ലാം മനുഷ്യകുലത്തിനു വേണ്ടിയായിരുന്നു. ക്രൈസ്തവര്‍ വീണ്ടും ദുഖവെള്ളി ആചരിക്കുമ്പോള്‍ വീണ്ടെടുക്കപ്പെടും എന്ന ഉറപ്പുനല്‍കുന്ന സന്തോഷമാണ് അവര്‍ അനുഭവിക്കുന്നത്.
എന്തുകൊണ്ടാണ് ദുഖവെള്ളി മാനവരാശിയുടെ വീണ്ടെടുപ്പിന്റെ സന്ദേശമായി മാറുന്നത്? ദൈവത്തിന്റെ ദൂതന്മാര്‍ക്കിടയില്‍ യുദ്ധമുണ്ടായി എന്നും അവരില്‍ മൂന്നില്‍ ഒന്നുഭാഗം പേരെ അവരുടെ നേതാവിനൊപ്പം സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കി ഭൂമിയിലേക്ക് തള്ളിയിടപ്പെട്ടുവെന്നുമാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്.
അത്തരമൊരു യുദ്ധമുണ്ടാകാന്‍ കാരണമായത്, ദൈവം സൃഷ്ടിപൂര്‍ത്തിയാക്കി കഴിഞ്ഞ് മനുഷ്യനെ വണങ്ങാന്‍ ദൂതന്മാരോട് ആവശ്യപ്പെട്ടപ്പോള്‍ കുറച്ചു ദൂതന്മാര്‍ അതിനു വിസമ്മതിച്ചുവത്രേ. അത് അവര്‍ക്ക് അനുസരണക്കേടായി കണക്കിടുകയും ദൈവ ദൂതന്മാരുടെ സ്ഥാനത്തു നിന്ന് അവരെ നീക്കം ചെയ്ത് ഭൂമിയിലേക്ക് തള്ളിയിടാന്‍ കാരണമാകുകയും ചെയ്തുവത്രേ.
അപ്രകാരം ഭൂമിയിലേക്കെത്തപ്പെട്ട മുന്‍ ദൈവ ദൂതന്മാരുടെ നേതാവ് ആണ് ലൂസിഫര്‍, അവനാകട്ടെ പിന്നീട് മനുഷ്യനെ കൊണ്ട് ദൈവത്തിനെതിരെ അനുസരണക്കേട് എന്ന പാപം തന്നെ ചെയ്യിച്ചു.
ഏദന്‍ തോട്ടത്തില്‍ ഹവ്വയുടെ അടുക്കലെത്തി, തിന്നരുതെന്ന് ദൈവം കല്‍പ്പിച്ചിട്ടുള്ള ഫലം പറിച്ചു തിന്നാന്‍ ആവശ്യപ്പെട്ടു. അതു ഭക്ഷിച്ചാല്‍ നിങ്ങള്‍ ദൈവത്തെ പോലെയാകും എന്നു കൂടി ഹവ്വായോട് പറയുന്നുണ്ട്.
ദൈവ കല്‍പനയ്ക്ക് വിരുദ്ധമായി ഹവ്വ ആ ഫലം പറിച്ച് തിന്നിട്ട് ആദമിനും കൊടുക്കുന്നു. അനുസരണക്കേട് എന്ന പാപം ചെയ്ത ദൂതന്മാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറംതള്ളപ്പെട്ടതു പോലെ ആദമും ഹവ്വയും ഏദന്‍ തോട്ടത്തില്‍ നിന്ന് ഭൂമിയിലേക്ക് പുറം തള്ളപ്പെടുകയാണുണ്ടായത്. വിലക്കപ്പെട്ടിരുന്ന ആ ഫലം ഭക്ഷിച്ചാല്‍ നിങ്ങള്‍ ദൈവത്തെ പോലെയാകും എന്ന് പിശാച് ഹവ്വയോട് പറഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ അവന്‍ മനുഷ്യന് പ്രയോജനമുണ്ടാകുന്ന എന്തിനെങ്കിലും വേണ്ടി ശ്രമിക്കുകയായിരുന്നുവോ? അല്ല, ദൈവത്തിനു മുന്നില്‍ ഒരു ചോദ്യ ചിഹ്നം ഉയര്‍ത്തുകയായിരുന്നു.
മനുഷ്യനെ വണങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനായിരുന്നല്ലോ സ്വര്‍ഗ്ഗത്തില്‍ യുദ്ധമുണ്ടായതും അനുസരണം കെട്ടവരുടെ കൂട്ടത്തില്‍ അവരെ ഉള്‍പ്പെടുത്തിയതും. ഒരു പോലുള്ള രണ്ടു സാഹചര്യങ്ങളാണ് അന്ന് ഉണ്ടായത്. ആ രണ്ടു സാഹചര്യങ്ങളോടുമുള്ള ദൈവിക തീരുമാനം എങ്ങനെയുള്ളതാണെന്ന് അറിയാന്‍ അവനും കൂട്ടരും ശ്രമിക്കയത്രേ ചെയ്തത്.
മനുഷ്യനെ വണങ്ങില്ല എന്ന് ദൂതരില്‍ ഒരു സംഘം പറയുമ്പോള്‍ ദൈവത്തെ മാത്രമേ വണങ്ങൂ എന്നവര്‍ സമ്മതിക്കയാണോ എന്ന ചോദ്യം അവശേഷിക്കുന്നു. ഏതായാലും അനുസരണക്കേട് എന്ന പാപം ചെയ്ത ദൈവ ദൂതന്മാരെ പോലെ തന്നെ അത് ചെയ്ത മനുഷ്യരും ഭൂമിയിലേക്ക് മാറ്റപ്പെട്ടു.
ദൈവം നീതിയുള്ള ന്യായാധിപധിയാണ് എന്നാണ് ക്രൈസ്തവ വിശ്വാസം. വിലക്കപ്പെട്ട ഫലം പറിച്ചതും തിന്നതിനുശേഷം ആദാമിന് നല്‍കിയതും ഹൗവ്വയായിരുന്നു. ബൈബിള്‍ പറയുന്നത്, ഏക മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായി തീര്‍ന്നതു പോലെ ഏകന്റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും (റോമര്‍5:19) എന്നാണ്.
ഏദന്‍ തോട്ടത്തില്‍ വച്ച് ഒരു മനുഷ്യന്‍ പാപം ചെയ്തതിനാല്‍ പിന്നീടുണ്ടായ മനുഷ്യകുലത്തെയാകെ പാപികളായി കണക്കാക്കപ്പെടുകയാണ് ചെയ്യുന്നത്. സാത്താനും കൂട്ടരും ദൈവത്തോടും മനുഷ്യരോടും അവന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് വാദിച്ചു കൊണ്ടേയിരിക്കുകയാണ്. ഏദന്‍ തോട്ടത്തില്‍ വച്ച് ഒരാള്‍ പാപം ചെയ്തപ്പോള്‍ മനുഷ്യരാകെ പാപികളായതു പോലെ, ദൈവദൂതന്മാരില്‍ ഒരു സംഘം പാപം ചെയ്തപ്പോള്‍ സകല ദൂതന്മാരോടും അതേ രീതിയില്‍ ഇടപെട്ടില്ല, എന്നത് ദൈവം പക്ഷപാതിയാണ് എന്ന് വരുത്തിതീര്‍ക്കാന്‍ സാത്താന്യ ശക്തികള്‍ എടുത്തുയര്‍ത്തുന്ന വാദമാണ്.
പിന്നെയും ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്‍പ്പാന്‍ ചെന്നു. സാത്താനും അവരുടെ കൂട്ടത്തില്‍ യഹോവയുടെ സന്നിധിയില്‍ നില്‍പ്പാന്‍ ചെന്നു. (ഇയ്യോബ് 2:1) എന്നിങ്ങനെ ബൈബിളില്‍ പരാമര്‍ശമുളേളടത്തൊക്കെ ദൈവശക്തിയും സാത്താന്യശക്തിയും തമ്മിലുള്ള പോരാട്ടത്തിന് തെളിവുകള്‍ അനേകമാണ്.
ഇപ്രകാരം പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു എന്നാണ് മനുഷ്യരെ ഓരോരുത്തരെ കുറിച്ചും ബൈബിളില്‍ പറയുന്നത്. അതു കൊണ്ട് ഒരാള്‍ പാപം ചെയ്തതിനാല്‍ പറുദീസ നഷ്ടപ്പെട്ട മനുഷ്യരെയൊന്നാകെ വീണ്ടെടുത്ത് പറുദീസ നല്‍കാനുള്ള ദൈവിക പദ്ധതിയായിരുന്നു യേശുക്രിസ്തുവിന്റെ ജനനവും, കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും. അതു കൊണ്ടു തന്നെ ദുഖവെള്ളിയാഴ്ചയിലെ യേശുവിന്റെ ക്രൂശീകരണം ദൈവത്തിന്റെ വിജയദിനമാണ്.
ശത്രുക്കളായിരിക്കുമ്പോള്‍ തന്നേ നമുക്ക് അവന്റെ പുത്രന്റെ മരണത്താല്‍ നിരപ്പു വന്നു എങ്കില്‍ നിരന്ന ശേഷം നാം അവന്റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും എന്നാണ് ബൈബിള്‍ പറയുന്നത്. തന്മൂലം യേശുക്രിസ്തുവിന്റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായി തീരുമ്പോള്‍ ഒരാളുടെ പാപത്തിന് എല്ലാവരേയും പാപികളായി കണക്കാക്കിയതിലെ നീതിരാഹിത്യം എല്ലാം ക്രമപ്പെടുകയാണ് ചെയ്യുന്നത്.
സാത്താന്യ ശക്തിയോടുള്ള ദൈവത്തിന്റെ മറുപടിയാണ് ക്രിസ്തുവിന്റെ ക്രൂശു മരണം. ക്രിസ്തുവിന്റെ നിയോഗം എന്താണെന്ന് അവന് അറിയാമായിരുന്നു. ജനിച്ച്, ക്രൂശില്‍ മരിച്ച്, ഉയിര്‍ന്നെഴുന്നേല്‍പ്പിക്കപ്പെടാനായി ആണ് അവനെ പിതാവായ ദൈവം ഭൂമിയിലേക്ക് അയച്ചതെന്ന് അറിയാമായിരുന്നു. അതു കൊണ്ടാണ് ക്രൂശു മരണത്തിന് തലേന്ന് പിടിക്കപ്പെടുന്നതിനു മുമ്പായി അതി കഠിനമായി ഭാരപ്പെട്ടപ്പോഴും കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ എന്ന് മാത്രം പിതാവിനോട് യാചിച്ച് നിര്‍ത്തിയത്. അപ്പോഴും എനിക്കിത് ചെയ്യാന്‍ വയ്യ എന്ന് പറഞ്ഞ് അനുസരണക്കേട് കാട്ടിയില്ല.
പകരം എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കേണമേ എന്ന വിധേയത്വം ക്രിസ്തു പ്രദര്‍ശിപ്പിച്ചതിലൂടെ ദൈവിക പദ്ധതിയുടെ വിജയം ഉറപ്പാകുകയായിരുന്നു. അതു കൊണ്ട് മനുഷ്യകുലത്തെ പാപത്തില്‍ നിന്ന് വീണ്ടെടുത്ത് പറുദീസ നല്‍കാനുള്ള ദൈവിക പദ്ധതിയുടെ ഭാഗമായുള്ള ക്രൂശു മരണം ക്രൈസ്തവര്‍ക്ക് വീണ്ടെടുപ്പിന്റെ പ്രത്യാശയാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha

























