ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു എംവിഡി

കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ റോഡ് സുരക്ഷ നിയമം ലംഘിച്ചു സ്‌കൂട്ടര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് വേങ്ങേരി സ്വദേശിക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. കൂടാതെ ഇയാള്‍ എടപ്പാളില്‍ എം.വി.ഡി യുടെ ഒരാഴ്ചത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കുകയും വേണം.
കഴിഞ്ഞ ദിവസമായിരുന്നു കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ രീതിയില്‍ ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ കയറ്റിപ്പോകാന്‍ യാത്രികന്‍ ശ്രമിച്ചത്. ആ സമയം ഇതിനെ എതിര്‍ത്ത് കൊണ്ട് കോഴിക്കോടുള്ള പ്രഭാവതിയമ്മ രംഗത്ത് വന്നു. ഇതുവഴി പോകാന്‍ പറ്റില്ല എന്ന് പറഞു പ്രഭാവതിയമ്മ യാത്രക്കാരനുമായി തര്‍ക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് സ്‌കൂട്ടര്‍ യാത്രികന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
അനീതിക്കെതിരെ സംസാരിച്ചതിന് പ്രഭാവതിയമ്മക്ക് പല ഭാഗങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചു. കൂടാതെ എം.വി.ഡി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























