ദാദാ ഫാല്‍ക്കേ അവാര്‍ഡ് രജനീകാന്തിനെ തേടിയെത്തുമ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നു...ലോക സിനിമയുടെ തന്നെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സൂപ്പര്‍ താരത്തിന് പുതിയൊരു അംഗീകാരം തേടിയെത്തുമ്പോള്‍ രജനി ആരാധാകര്‍ ആവേശത്തിലാണ്....

സ്‌റ്റൈല്‍ മന്നന്‍ എപ്പോഴും അങ്ങനെയാണ് ഞെട്ടിക്കും. കാരുണ്യം കൊണ്ട് വിനയം കൊണ്ട് സ്‌നേഹം കൊണ്ട് ചിലപ്പോഴെങ്കിലും മധുരപ്രതികാരം കൊണ്ട്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ ഫാല്‍ക്കേ അവാര്‍ഡ് രജനീകാന്തിനെ തേടിയെത്തുമ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് പുരസ്‌കാരം ലഭിക്കുന്ന 12ാമത്തെ നടനാണ് രജനീകാന്ത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.
ഇന്ത്യന്‍ സിനിമയുടെ മാത്രമല്ല ലോക സിനിമയുടെ തന്നെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സൂപ്പര്‍ താരത്തിന് പുതിയൊരു അംഗീകാരം തേടിയെത്തുമ്പോള്‍ രജനി ആരാധാകര്‍ ആവേശത്തിലാണ്. തമിഴ് സിനിമയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിച്ച സംവിധായകന്‍ ഭാരതിരാജയുടെ ആദ്യ ചിത്രമായ പതിനാറ് വയതിനിലേയിലാണ് രജനീകാന്തിന്റെ ആദ്യ പഞ്ച് ഡയലോഗ് പിറന്നത്.
എഴുപത്തിയഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള തമിഴകത്തെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റ് മേക്കര്‍മാരിലൊരാളായ എസ്.പി. മുത്തുരാമന്റെ മുരട്ടുക്കാളൈ എന്ന ചിത്രത്തിലായിരുന്നു രജനിയുടെ അടുത്ത ഹിറ്റ് പഞ്ച്. 1980ല്‍ റിലീസായ ചിത്രത്തിലെ സീവീടുവേന്‍ എന്ന ഡയലോഗ് സിനിമയെക്കാള്‍ ഹിറ്റായി. രജനിയെ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ അവരോധിച്ച ഈ ചിത്രമാണ് നായകന്റെ 'ഇന്‍ട്രൊ സോംഗ്' തെന്നിന്ത്യന്‍ സിനിമകളില്‍ ട്രെന്‍ഡാക്കിയത്.
രജനികാന്ത് കാളിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വന്‍കിട ബാനറായ എ.വി.എമ്മിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു. ബോളിവുഡ് താരം രതി അഗ്‌നിഹോത്രിയും സുമലതയുമായിരുന്നു മുരട്ടക്കാളൈയിലെ നായികമാര്‍. സുന്ദര്‍. സി. സംവിധാനം ചെയ്ത രജനീകാന്ത് ചിത്രമായ അരുണാചലത്തിലെ ആണ്ടവന്‍ ശൊല്‍റാന്‍ അരുണാചലം മുടിക്കിറാന്‍ എന്ന ഡയലോഗ് രജനീകാന്തിന്റെ ഏറ്റവും മികച്ച പത്ത് പഞ്ചുകളിലൊന്നായാണ് ആരാധകര്‍ വിലയിരുത്തുന്നത്.
രജനീകാന്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാഷയിലാണ് രജനീകാന്തിന്റെ ഏറ്റവും ഹിറ്റായ പഞ്ച് ഡയലോഗും. ''നാന്‍ ഒരു തടവൈ ശൊന്നാല്‍ നൂറ് തടവൈ ശൊന്നമാതിരി എന്ന ഡയലോഗ് തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. സുരേഷ് കൃഷ്ണയാണ ബാഷ സംവിധാനം ചെയ്തത്.
രജനീകാന്തിന്റെ സ്‌റ്റൈലും തകര്‍പ്പന്‍ ഡയലോഗുകളും കൊണ്ട് തിയറ്ററുകളില്‍ ഉത്സവമേളമുയര്‍ത്തിയ സിനിമയാണ് പടയപ്പ. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പ ഏറ്റവുമധികം കളക്ട് ചെയ്ത രജനീകാന്ത് ചിത്രങ്ങളിലൊന്നാണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി അത്ര രസത്തിലല്ലാതിരുന്ന സമയത്ത് പു റത്തിറങ്ങിയ പടയപ്പയിലെ പ്രതിനായിക കഥാപാത്രമായ രമ്യാകൃഷ്ണന്റെ നീലാംബരിയോട് രജനി പറയുന്ന പല ഡയലോഗുകളും ജയലളിതയെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ആരാധകര്‍ വ്യാഖ്യാനിച്ചു
. ഏന്‍ വഴി തനി വഴി രജനിയെ പിന്നീട് ഉയര്‍ത്തുന്നതും ജയയെ വീഴ്ത്തുന്നതും തമിഴ് മക്കള്‍ കണ്ടു. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയുടെ തിളക്കത്തിലിരിക്കുമ്പോഴും പക്ഷേ അത്യാവേശമില്ല, ആരവങ്ങളില്ല-കാരണം അതാണ് രജനീകാന്തിന്റെ 'തനി സ്‌റ്റൈല്‍'. തിരശീലയില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റു പോലെ, യഥാര്‍ഥ ജീവിതത്തില്‍ ഒരു സാധാരണ മനുഷ്യനായും. തിയറ്ററില്‍ ജനം കാശുമുടക്കി കയറുന്നത് എന്നിലെ ഹീറോയെ കാണാനാണ്. അതനനുസരിച്ച് ഞാന്‍ അഭിനയിക്കുന്നത്. പക്ഷേ പുറത്തങ്ങനെയല്ല. അവിടെ യാഥാര്‍ഥ്യബോധത്തോടെത്തന്നെ നില്‍ക്കണം. അഭിനയിക്കരുത്. അതാണു ഞാന്‍ ചെയ്യുന്നതും...' ഒരു അഭിമുഖത്തില്‍ രജനീകാന്ത് പറഞ്ഞത് ഇങ്ങനെയാണ്. കോടികള്‍ മുടക്കിയെടുക്കുന്ന ഓരോ സിനിമയ്ക്കു ശേഷവും ഹിമാലയ യാത്ര പതിവാണ് രജനീകാന്തിന്. എവിടെയായിരിക്കുമെന്ന് വീട്ടുകാര്‍ക്ക് പോലുമറിയില്ല. ആ ആധ്യാത്മിക ജീവിതത്തിന്റെ അച്ചടക്കം ജീവിതത്തിലും പാലിക്കുന്നു രജനി.
അടുത്ത സിനിമ ഏതെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകന് ഒരിക്കല്‍ ലഭിച്ച മറുപടി ഇങ്ങനെ: 'ഒരുപക്ഷേ ഇതെന്റെ അവസാനത്തെ സിനിമയാണെങ്കിലോ...?'
അടുത്ത 25 വര്‍ഷത്തേക്ക് ഡേറ്റില്ല എന്നു വീമ്പുപറയുന്ന ഇന്നലെ മുളച്ച സൂപ്പര്‍സ്റ്റാറുകള്‍ക്കിടയില്‍ രജനീകാന്തിനെ വേറിട്ടു നിര്‍ത്തുന്നതും ജീവിതത്തോട് യാഥാര്‍ഥ്യബോധത്തോടെയുള്ള ഈ സമീപനമാണ്. ഏറെ ആലോചിച്ചേ ഓരോ സിനിമയെപ്പറ്റിയും തീരുമാനമെടുക്കൂ. തീരുമാനമെടുത്താല്‍ പിന്നെ സിനിമയാണ് ഓരോ ശ്വാസത്തിലും. 1978-79ല്‍ 36 സിനിമകള്‍ പല ഭാഷകളിലായി റിലീസ് ചെയ്ത കാലത്തിലും വര്‍ഷങ്ങളുടെ ഇടവേളയെടുത്ത് ഒരു സിനിമ ചെയ്യുന്ന ഇക്കാലത്തും അതില്‍ മാറ്റമില്ല. ഷൂട്ടിങ്ങിനിടെയിലെ ഇടവേളയില്‍ അതിനാല്‍ത്തന്നെ സെറ്റിലെ ഒരു സോഫയിലോ വെറും നിലത്തോ കണ്ണിനു മുകളില്‍ ഒരു നനഞ്ഞ തൂവാലയും വച്ച് കിടന്നുറങ്ങുന്ന രജനീകാന്ത് ചലച്ചിത്രലോകത്തിന് അദ്ഭുതമാകുന്നതും അതുകൊണ്ടാണ്.
ശിവാജി എന്ന ചിത്രത്തിന് 26 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന പേരിലാണ് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടനെന്ന പേര് രജനിയ്ക്കു വീഴുന്നത്. എന്നാല്‍ ബാങ്കില്‍ നിന്നു വായ്പയെടുത്ത് നിര്‍മിച്ച ആ സിനിമ പൂര്‍ത്തിയായതിനു ശേഷം മതി തന്റെ പ്രതിഫലമെന്നാണ് രജനീകാന്ത് പറഞ്ഞത്.
സിനിമ പരാജയപ്പെടുമ്പോള്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന, പരാജയപ്പെട്ട മൂവി ബാനറിന്റെ മറ്റൊരു സിനിമയില്‍ പങ്കാളിയായി നഷ്ടം നികത്താമെന്നു പറയുന്ന വേറേത് സൂപ്പര്‍സ്റ്റാറിനെ കാണാനാകും? തനിക്കു വേണ്ടി മാത്രം വമ്പന്‍ മുറികള്‍ ബുക്ക് ചെയ്യരുതെന്നും നിര്‍ദേശം നല്‍കും രജനീകാന്ത് ഓരോ സെറ്റിലും. 'രജനീകാന്ത്: ദ് ഡെഫിനിറ്റീവ് ബയോഗ്രഫി' എന്ന പുസ്തകത്തില്‍ എവിഎം സ്റ്റുഡിയോ പ്രതിനിധി എം.ശരവണന്‍ ഓര്‍മിക്കുന്നുണ്ട്- 'ശിവാജിയുടെ പുണെയിലെ ഷൂട്ടിനിടെ രജനിക്കായി വലിയൊരു മുറിയാണ് ബുക്ക് ചെയ്തത്. എന്നാല്‍ അദ്ദേഹം പറഞ്ഞതിങ്ങനെ 'എനിക്കൊന്നുറങ്ങണം. ഉണരുമ്പോള്‍ യോഗ ചെയ്യണം, ധ്യാനിക്കണം. പിന്നെ ഭക്ഷണം കഴിക്കണം. അതിനു സൗകര്യങ്ങളുള്ള സിംഗിള്‍ മുറി മതി'. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കി തിരികെ ഹോട്ടല്‍മുറിക്കു പുറത്തു വയ്ക്കുന്ന ഒരു രജനീകാന്തിനെപ്പറ്റി പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും.
അറുപതാം വയസ്സില്‍ ഐശ്വര്യറായിക്കൊപ്പം അഭിനയിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്-'മാലാഖയെപ്പോലിരിക്കുന്ന ആ ലോകസുന്ദരിയോട് എനിക്കേറെ നന്ദിയുണ്ട്. ഈ വയസ്സനായ, കറുത്ത, കഷണ്ടിക്കാരന്റെ നായികയായി അഭിനയിക്കാന്‍ സമ്മതിച്ചതിന്..'
2016ല്‍ പത്മവിഭൂഷന്‍, രണ്ട് തവണ പ്രത്യേക പരാമര്‍ശമുള്‍പ്പെടെ ആറു തവണ മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, 2014 ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ഫിലിം പഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം, പിന്നെയും എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങള്‍. എല്ലാറ്റിനും രജനീകാന്ത് നന്ദി പറയുക ദൈവത്തോടാണ്. പിന്നെ വെറുമൊരു ബസ് കണ്ടക്ടറായിരുന്നു ശിവാജി റാവു ഗെയ്ക്ക്വാദിനെ സ്‌റ്റൈല്‍ മന്നനാക്കിയ ആരാധകരോടും.
ഏതായാലും ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന സ്‌റ്റൈല്‍ മന്നന്റെ മിന്നിക്കുന്ന ഡയലോഗ് ഫലിച്ചിരിക്കുന്നു. അല്‍പം വൈകിയിട്ടാണെങ്കിലും വരേണ്ട നേരത്തുതന്നെ കൃത്യമായെത്തിയിരിക്കുന്നു തമിഴകത്തിന്റെ താരരാജാവിന് ദാദാ സാഹെബ് ഫാല്‍ക്കെ അംഗീകാരം.
https://www.facebook.com/Malayalivartha

























