കേരളത്തിലെ മദ്യ ഉപഭോക്താക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; ഏപ്രില്‍ ആദ്യ ആഴ്ച നാലു ദിവസം മദ്യ വില്‍പനശാലകള്‍ക്ക് അവധി, വ്യാജമദ്യവും അനധികൃത വില്‍പനയും തടയാന്‍ എക്‌സൈസും

സംസ്ഥാനത്ത് മദ്യം ഉപയോഗിക്കുന്നവർക്ക് ഏപ്രിൽ മാസത്തിൽ കിട്ടിയിരിക്കുന്നത് മുട്ടൻ പണി. ഏപ്രില്‍ മാസം ആദ്യ ആഴ്ചയില്‍ നാലു ദിവസം മദ്യ വില്‍പനശാലകള്‍ക്ക് അവധി നൽകിയിരിക്കുകയാണ്.
ഏപ്രില്‍ ഒന്നിന് സ്വഭാവികമായി മദ്യ വില്‍പന ശാലകള്‍ക്ക് അവധിയാണ്. ഏപ്രില്‍ രണ്ട് ദുഃഖവെള്ളി ആയതിനാല്‍ മദ്യവില്‍പനശാലകള്‍ തുറക്കാറില്ല.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ അഞ്ചിനും വോടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും മദ്യവില്‍പനശാലകള്‍ അടഞ്ഞുകിടക്കും.
ഏപ്രില്‍ നാലിന് ഈസ്റ്റര്‍ ദിനത്തില്‍ വൈകിട്ട് ഏഴു മണിയോടെ മദ്യവില്‍പനശാലകള്‍ അടയ്ക്കും. അതിനുശേഷം വോടെടുപ്പിന്റെ പിറ്റേ ദിവസമായിരിക്കും മദ്യ വില്‍പനശാലകള്‍ തുറക്കുക.
അതേസമയം തുടര്‍ച്ചയായ ദിവസങ്ങളില്‍ മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ വ്യാജമദ്യവും അനധികൃത വില്‍പനയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് എക്‌സൈസ് കണക്കുകൂട്ടുന്നു. ഇതു കണക്കിലെടുത്തു സംസ്ഥാന വ്യാപകമായി പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മാഹി അതിര്‍ത്തിയില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ശക്തമായ പരിശോധനയിലാണ്. ഈ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക സംഘത്തെ എക്‌സൈസ് നിയോഗിച്ചിട്ടുമുണ്ട്. കോഴിക്കോട് ജില്ല അതിര്‍ത്തിയില്‍ രണ്ടു കാറുകളില്‍ എക്‌സൈസ് സംഘം പരിശോധന നടത്തുന്നത്.
രഹസ്യ നിരീക്ഷണ സേനയും 24 മണിക്കൂറും നിരീക്ഷണവുമായി രംഗത്തുണ്ട്. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ വയനാട്ടില്‍ ചുരം പെട്രോളിംഗും കര്‍ശനമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ടൂ വീലറുകളില്‍ എക്‌സൈസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പരിധിയില്‍ കൂടുതല്‍ മദ്യം കൈവശം വെക്കുന്നത് തടയാനും കര്‍ശന നിര്‍ദേശം കൊടുത്തിട്ടുണ്ട്. എക്‌സൈസ് സംഘത്തിനു പുറമെ തെരഞ്ഞെടുപ്പ് നിരീക്ഷകരും ഇക്കാര്യത്തില്‍ പരിശോധന നടത്തും.
https://www.facebook.com/Malayalivartha

























