എല്ലാം മാറി മറിഞ്ഞു... മുഖ്യമന്ത്രിയെ ചുരുട്ടിക്കൂട്ടാന്‍ ശ്രമിച്ച ഇഡിയെ അതേനാണയത്തില്‍ നേരിടാന്‍ ശ്രമിച്ച ക്രൈംബ്രാഞ്ചിന് കോടതിയുടെ അനുമതി; സന്ദീപിന്റെ രഹസ്യമൊഴിക്ക് ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി; തെരഞ്ഞെടുപ്പിന് രണ്ട് നാള്‍ മാത്രമുള്ളപ്പോള്‍ സ്പീക്കറുടെ വക കസ്റ്റംസിന് ഇണ്ടാസും

മുഖ്യമന്ത്രിയെ എങ്ങനേയും സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തി നാല് വോട്ട് കിട്ടാന്‍ ശ്രമിച്ചവര്‍ക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രിയെ തൊട്ടില്ലെന്ന് മാത്രമല്ല അതേ നാണയത്തിലുള്ള തിരിച്ചടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുകയും ചെയ്തു.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന കേസിലെ പരാതിക്കാരന്‍ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കി.
കഴിഞ്ഞ ദിവസം സന്ദീപിനെ കോടതിയുടെ അനുമതിയോടെ പൂജപ്പുര ജയിലില്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
കോലഞ്ചേരി മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അനുമതി. താമസിയാതെ സന്ദീപിനെ അവിടെ ഹാജരാക്കും. രഹസ്യമൊഴി രേഖപ്പെടുത്തേണ്ട തീയതി നിശ്ചയിക്കേണ്ടത് കോലഞ്ചേരി കോടതിയാണ്.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന പരാതിയിലെ ആരോപണം സന്ദീപ് ക്രൈംബ്രാഞ്ചിനോട് ആവര്‍ത്തിച്ചു. നേരത്തെ ഇക്കാര്യം വ്യക്തമാക്കി സന്ദീപ് ജയിലില്‍ നിന്ന് കോടതിക്ക് കത്തയച്ചിരുന്നു. പിന്നീട് അഭിഭാഷകന്‍ മുഖേന പരാതിയും നല്‍കി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രി കെ.ടി. ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേരു പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്നാണ് സന്ദീപ് ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത്. അഞ്ചു മണിക്കൂര്‍ അന്വേഷണ സംഘം സന്ദീപിനെ ജയിലില്‍ ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ നിയമയുദ്ധം പ്രതികള്‍ കസ്റ്റംസിനും ഇ.ഡിക്കും നല്‍കുന്ന മൊഴികള്‍ക്ക് തെളിവു മൂല്യം ഉണ്ടെങ്കിലും പൊലീസിനു നല്‍കുന്ന മൊഴിക്ക് ആ മൂല്യം ഇല്ല. സന്ദീപ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി പിന്നീടു കോടതിയില്‍ മാറ്റിപ്പറയാനാകും. എന്നാല്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതോടെ സന്ദീപിന്റെ ആരോപണം നിയമപരമായി ഉറപ്പിക്കാനാകും. ഇതു കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
അതേസമയം കസ്റ്റംസിനെതിരെ നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് അയച്ചു. കസ്റ്റംസ് നിയമസഭയ്ക്ക് നല്‍കിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് കാണിച്ചാണ് എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് അയച്ചത്. മറുപടി മാധ്യമങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് അവഹേളനമാണെന്നും കമ്മിറ്റി അയച്ച നോട്ടീസില്‍ വിലയിരുത്തുന്നു.
സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് കസ്റ്റംസ് മറുപടി നല്‍കിയിരുന്നു. ഇതിനെതിരെ സി.പി.ഐ.എം എം.എല്‍.എ എം.എല്‍.എ രാജു എബ്രഹാം സ്പീക്കര്‍ക്ക് നല്‍കിയ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. ഇത് എത്തിക്‌സ് കമ്മിറ്റിയ്ക്ക് വിടുകയായിരുന്നു. ഈ പരാതിയിലാണ് എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നല്‍കിയിരിക്കുന്നത്.
സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചെന്നും എത്തിക്‌സ് കമ്മിറ്റി നോട്ടീസില്‍ പറയുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരായ വസന്ത ഗണേശന്‍, സുമിത് കുമാര്‍, കെ സിലില്‍ എന്നിവര്‍ക്കെതിരെയാണ് രാജു എബ്രഹാം ആരോപണം ഉന്നയിച്ചിരുന്നത്. സഭാ ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചാണ് സെക്രട്ടറിക്കുള്ള കസ്റ്റംസിന്റെ കത്തെന്നും കസ്റ്റംസ് നടപടി സഭയുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും രാജു എബ്രഹാം നല്‍കിയ അവകാശ ലംഘന പരാതിയില്‍ പറഞ്ഞിരുന്നു. എന്തായാലും ഇഡിക്കും കസ്റ്റംസിനും കുരുക്കായിരിക്കുകയാണ് ഈ നടപടികള്‍.
"
https://www.facebook.com/Malayalivartha