പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസില്‍ ഒളിവില്‍ പോയ പിതാവ് കാക്കനാട് കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീഗോകുലത്തില്‍ സാനു മോഹന്റെ സുഹൃത്തിനെ തിരുവനന്തപുരത്ത് പൊലീസ് കണ്ടെത്തിയതായി സൂചന

പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസില്‍ ഒളിവില്‍ പോയ പിതാവ് കാക്കനാട് കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീഗോകുലത്തില്‍ സാനു മോഹന്റെ സുഹൃത്തിനെ തിരുവനന്തപുരത്ത് പൊലീസ് കണ്ടെത്തിയതായി സൂചന. ഇയാളെ എറണാകുളത്ത് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം.
വൈഗ മരിക്കുന്നതിന് മുമ്പ് നിരവധി തവണ സാനു സുഹൃത്തിനെ വിളിച്ചിട്ടുണ്ട്. ഇയാള്‍ക്ക് പൂനെയിലും ചെന്നൈയിലും ബന്ധങ്ങളുണ്ട്. രണ്ടുപേരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി സൂചനയുണ്ട്.
പൂനെയിലും ഇരുവരും ഒന്നിച്ചുണ്ടായിരുന്നതായാണ് അറിയുന്നത്. ദിവസങ്ങളായി ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. കഴിഞ്ഞയാഴ്ച ചെന്നൈയിലെ മൊബൈല്‍ ടവറിന്റെ പരിധിയില്‍ ഇയാള്‍ ഉണ്ടെന്നറിഞ്ഞ് തൃക്കാക്കര എസ്.ഐയും സംഘവും അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് കോയമ്പത്തൂരിലും വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തും ഇയാള്‍ എത്തിയെന്ന് ടവര്‍ ലൊക്കേഷനില്‍ നിന്ന് വ്യക്തമായി. അന്വേഷണ സംഘം ഇന്നലെ തിരുവനന്തപുരത്തെത്തി ഇയാളെ കണ്ടെത്തുകയായിരുന്നു. ഇയാളില്‍ നിന്ന് സാനുവിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
സാനുവിന്റെ ഭാര്യ രമ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ന്യൂജെന്‍ സിനിമയ്ക്ക് പണമിറക്കി സാനുവിന്റെ സുഹൃത്ത് 2016ല്‍ പുതുമുഖങ്ങളെ വച്ച് ഒരു മലയാളം ന്യൂജനറേഷന്‍ സിനിമ നിര്‍മ്മിച്ചിരുന്നു. ഈ ചിത്രത്തിനായി സാനുവും പണം മുടക്കിയതായി സംശയമുണ്ട്.
തൃക്കുന്നപ്പുഴ സ്വദേശികളായ സാനുമോഹനും രമ്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. ഏഴുകൊല്ലത്തിനിടെ സാനു നാട്ടിലെത്തിയത് ഏതാനും മാസം മുമ്പാണ്. അന്ന് രമ്യയുടെ വീട്ടിലെത്തി പിതാവുമായി വാക്കുതര്‍ക്കമുണ്ടാക്കിയതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha