അണ്ണാന്‍കുഞ്ഞും തന്നാലായത്... തെരഞ്ഞെടുപ്പിന്റെ കലാശ പോരാട്ടത്തില്‍ പിണറായിയെ നന്മയുടെ ആള്‍രൂപമായി ചിത്രീകരിച്ച് ഇന്ദ്രന്‍സ്; തെരുവിലെ പട്ടിക്കും പൂച്ചയ്ക്കുമൊക്കെ ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്കുണ്ടായിരുന്നുവെന്ന് വാഴ്ത്തി ഇന്ദ്രന്‍സ്

ധര്‍മടത്തെ ആവേശക്കടലാക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ. തുറന്ന ജീപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം. പ്രകാശ് രാജ്, ഇന്ദ്രന്‍സ്, മധുപാല്‍, ഹരിശ്രീ അശോകന്‍ എന്നിവരടങ്ങിയ വലിയ താരനിരയാണു മുഖ്യമന്ത്രിക്ക് പിന്തുണയുമായി അണിനിരന്നത്.
അതിനിടെ ഇന്ദ്രസിന്റെ ഡയലോഗ്‌സ് വൈറലാവുകയും ചെയ്തു. തെരുവിലെ പട്ടിക്കും പൂച്ചയ്ക്കുമൊക്കെ ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്കുണ്ടായിരുന്നുവെന്നും ആ കാരണവര്‍ തുടരണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോയ്ക്കിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് മുഖ്യമന്ത്രിമാര്‍ വന്നുപോയിട്ടുണ്ട്. അവരെല്ലാവരും തന്നെ ആദരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാലും കേട്ടുകേള്‍വി ഇല്ലാത്ത ദുരന്തങ്ങളും മഹാമാരികളുമാണ് അടുത്തിടെ വന്നുപോയത്. അങ്ങനെ പകച്ചുനിന്നപ്പോള്‍ നമുക്ക് അന്നമുണ്ടോ, വസ്ത്രമുണ്ടോ, കിടക്കാന്‍ ഇടമുണ്ടോ എന്ന് അന്വേഷിച്ചു.
അതിനോടൊപ്പം തന്നെ കാടുകളിലെ കുരങ്ങനും തെരുവിലെ പട്ടിക്കും പൂച്ചയ്ക്കുമൊക്കെ ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്കുണ്ടായിരുന്നു. ആ കാരണവര്‍ തുടരണം. ഈ കുടുംബം വളരെ അഭിവൃദ്ധിയോടെ മുന്നോട്ടുപോകണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഇന്ദ്രന്‍സിനെ കൂടാതെ പ്രകാശ് രാജ്, മധുപാല്‍, ഹരിശ്രീ അശോകന്‍ എന്നിവരടങ്ങിയ വലിയ താരനിര മുഖ്യമന്ത്രിക്ക് പിന്തുണയുമായി ധര്‍മടത്ത് അണിനിരന്നു.
ജനാഭിപ്രായം അട്ടിമറിക്കാന്‍ പ്രതിപക്ഷം ഉപയോഗിച്ച കുതന്ത്രങ്ങള്‍ ഏശിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പിണറായിക്ക് പിന്തുണയുമായി സംഘടിപ്പിക്കപ്പെട്ട കലാസന്ധ്യയില്‍ സിതാര കൃഷ്ണകുമാര്‍, ടി.എം.കൃഷ്ണ, പുഷ്പാവതി തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
അടുത്ത അഞ്ച് വര്‍ഷംകൊണ്ട് വികസിത രാജ്യങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡ് ഷോയില്‍ പറഞ്ഞു. അടുത്ത ഭരണത്തില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ കേരളത്തിലെ നാലരലക്ഷം കുടുംബങ്ങളെ പരമ ദരിദ്രാവസ്ഥയില്‍ നിന്ന് കരകയറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട് ഒരു നല്ല നാളെ പടുത്തുയര്‍ത്തുന്നതിലുള്ള തയ്യാറെടുപ്പിലാണ്. എല്ലാ വിഭാഗം ജനങ്ങളും നമ്മോടൊപ്പമാണ് എന്നാണ് ഇതേവരെ കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ ഒരു ജനാഭിപ്രായത്തെ അട്ടിമറിക്കാന്‍ വേണ്ടി ഒരുപാട് കുതന്ത്രങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഒന്നും ഏശിയില്ല എന്നാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
നമ്മുടെ നാടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തലാണ് എല്‍.ഡി.എഫ് ഉദ്ദേശിക്കുന്നത്. ഈ അടുത്ത അഞ്ചുവര്‍ഷ കാലം കൊണ്ട് തന്നെ പ്രകടമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയും. ഒരു വികസിത രാഷ്ട്രത്തോട് കിടപിടിക്കാവുന്ന നവകേരളം നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്. അതിനുള്ള നീക്കമാണ് നടത്തുന്നത്.
ജനങ്ങളുടെ അനുഭവമാണ് ഈ പിന്തുണയ്ക്ക് കാരണം. ജനങ്ങളുടെ അനുഭവങ്ങളെ നുണകള്‍ കൊണ്ട് തകര്‍ക്കാനാവില്ല. കേരളം മതനിരപേക്ഷമായി നില്‍ക്കണമെന്ന് നാം ആഗ്രഹിക്കുന്നത്. അതിന് എല്‍.ഡി.എഫിന് മാത്രമേ കഴിയുവെന്ന് എല്ലാവര്‍ക്കും അറിയാം.
അഴിമതി രഹിതമായ കേരളം പടുത്തുയര്‍ത്തുക എന്നത് ഏറ്റവും പ്രധാനമാണ്. ഇന്ത്യയിലെ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. അഴിമതി തീരെയില്ലാത്ത സംസ്ഥാനം എന്നതാണ് അടുത്ത ലക്ഷ്യം. അതും എല്‍.ഡി.എഫിന് മാത്രമേ കഴിയു എന്ന് ജനങ്ങള്‍ക്ക് അറിയാം.
വികസിത കേരളവും വിശപ്പ് രഹിത കേരളവുമാണ് നമ്മുടെ ലക്ഷ്യം. അടുത്ത ഭരണത്തില്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ നാലരലക്ഷം കുടുംബങ്ങളെ പരമ ദരിദ്രാവസ്ഥയില്‍ നിന്ന് കരകയറ്റുമെന്നും എല്‍.ഡി.എഫ് പ്രഖ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ നാടിന്റെയും നാട്ടുകാരുടെ പിന്തുണ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു.
" fra
https://www.facebook.com/Malayalivartha