അതെങ്ങനെ ശരിയാകും... പിണറായിയെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച് പ്രചാരണം കൊഴുക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ എതിര്‍ സ്വരം ഉയര്‍ന്നു; തമ്മിത്തല്ലിക്കാന്‍ വളമിട്ട ചെന്നിത്തലയും കൂട്ടരും പെട്ടുപോയി; കോമ്പ്രമൈസായി സാക്ഷാല്‍ പി ജയരാജനും ഇപി ജയരാജനും എകെ ബാലനും രംഗത്തെത്തിയതോടെ താരമായി പിണറായി

സ്വര്‍ണത്തിലും ഇരട്ട വോട്ടിലും ആഴക്കടലിലും മുങ്ങിപ്പോയ സര്‍ക്കാരിനെ അരിയിലൂടെയും ക്യാപ്റ്റനിലൂടെയും തിരികെ കൊണ്ടുവരികയാണ് പാര്‍ട്ടി നേതാക്കള്‍ ചെയ്തത്.
ക്യാപ്റ്റനെന്ന പ്രയോഗം പി ജയരാജന്‍ ഏറ്റെടുത്തതോടെ മാധ്യമങ്ങളും കോണ്‍ഗ്രസുകാരും രണ്ട് ദിവസം അതിന് പുറകേയായി ചര്‍ച്ച. അതോടെ പിണറായി കൂടുതല്‍ കരുത്തനാകുന്ന കാഴ്ചയാണ് കണ്ടത്. തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചവരെ അമ്പരപ്പിച്ച് പി ജയരാജനും ഇപി ജയരാജനും എകെ ബാലനും രംഗത്തെത്തുകയും ചെയ്തു.
ആളുകളുടെ സ്‌നേഹപ്രകടനത്തിനു മുന്നില്‍ കമ്യൂണിസ്റ്റുകാരന്റെ ജാഗ്രത മറക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ ഫെയ്‌സ്ബുക് പോസ്റ്റിലെ പരാമര്‍ശങ്ങളില്‍ തെറ്റില്ലെന്നും പിണറായി വ്യക്തമാക്കി.
ജയരാജന്റെ പോസ്റ്റില്‍ ഒരു വാക്കോ വാചകമോ തെറ്റായിട്ടില്ലെന്നു വാക്കുകള്‍ ഓരോന്നുമെടുത്തു വിശദീകരിച്ച് പിണറായി വ്യക്തമാക്കി. ജയരാജന്‍ പാര്‍ട്ടിയെ പ്രതിരോധിക്കാനാണു ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികളല്ല പാര്‍ട്ടിയാണു ക്യാപ്റ്റന്‍ എന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു പി. ജയരാജന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക് പോസ്റ്റ്. തന്റെ പോസ്റ്റ് മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ഇന്നലെ രാവിലെ ജയരാജന്‍ വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പ്രസ്‌ക്ലബ്ബിന്റെ പോര്‍മുഖം പരിപാടിയില്‍ പിണറായിയുടെ വിശദീകരണം.
ആളുകള്‍ ആവേശം പ്രകടിപ്പിക്കുന്നതു കാണുമ്പോള്‍ അതെല്ലാം തന്റെ കേമത്തം കൊണ്ടാണെന്നു ധരിച്ചു തലക്കനം കൂടിയാല്‍ അതൊരു പ്രശ്‌നമായി വരും. അത് കമ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടാകാന്‍ പാടില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതു തിരുത്തുകയും ചെയ്യും. ഞങ്ങളെ സംബന്ധിച്ച് പാര്‍ട്ടിയാണ് സുപ്രീം എന്നും പിണറായി പറഞ്ഞു.
സിപിഎം നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നു വരുത്തി മുതലെടുക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം വിജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ പറഞ്ഞു. തന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക് പോസ്റ്റ് മാധ്യമങ്ങള്‍ ദുരുദ്ദേശ്യത്തോടെ ചര്‍ച്ചയാക്കിയതായും ജയരാജന്‍ കുറ്റപ്പെടുത്തി. ഇക്കാര്യവും ഫെയ്‌സ്ബുക് പോസ്റ്റിലാണ് ജയരാജന്‍ അറിയിച്ചത്.
എല്‍ഡിഎഫ് 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്‍ഥികളെയാണ് അണിനിരത്തിയത്. അതിന്റെ ടീം ലീഡറാണ് പിണറായി. സ്വാഭാവികമായും പിണറായിയോട് ജനങ്ങള്‍ ആദരവും സ്‌നേഹവായ്പും പ്രകടിപ്പിക്കും. ഇതില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടു കാര്യമില്ലെന്നും ജയരാജന്‍ പറഞ്ഞു.
പിണറായി വിജയനെ എന്തു വിളിച്ചാലും മറ്റുള്ളവര്‍ക്ക് എന്താണെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം മന്ത്രി എ.കെ.ബാലന്റെ ചോദ്യം. കോമ്രേഡ് എന്നോ ക്യാപ്റ്റനെന്നോ കമാന്‍ഡറെന്നോ ലീഡറെന്നോ വിളിച്ചോട്ടെ. ഞാന്‍ വിജയേട്ടാ എന്നാണു വിളിക്കാറ്. എന്നെ ബാലേട്ടാ എന്നാണു പലരും വിളിക്കാറ്. വീട്ടില്‍ വല്ലാതെ സ്‌നേഹം കൂടിക്കഴിഞ്ഞാല്‍ ഓരോരുത്തരും എന്തൊക്കെ വിളിക്കുന്നുണ്ടാകും. ഒന്നും കിട്ടാത്തതുകൊണ്ടാണ് ഇപ്പോള്‍ ക്യാപ്റ്റന്‍ വിളി വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഇപി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇതിനേയും വിവാദമാക്കിയിരുന്നു. പിണറായിയും ഇപിയും തമ്മിലുള്ള അകല്‍ച്ചയായി ഇതിനെ ചിത്രീകരിച്ചു. ഇതിനെ തടയിട്ട് പിണറായിയിലെ റോഡ് ഷോയില്‍ പിണറായിക്കൊപ്പം അവസാന നിമിഷം ഇപി ജയരാജന്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ ചെന്നിത്തലയുടേയും കൂട്ടരുടേയും നാവടങ്ങി.
https://www.facebook.com/Malayalivartha