പതിമൂന്നുകാരനെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന സുഹൃത്ത് പിടിയിൽ; പബ്ജി ഗെയിമിൽ സ്ഥിരമായി ജയിക്കുന്ന അകീഫ് ആദ്യമായി പരാജയപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചത്

മംഗളുരുവിനടുത്ത് ഉള്ളാൾ കെ.സി റോഡിൽ 13 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് അറസ്റ്റു ചെയ്തു. പബ്ജി ഗെയിമുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി മുതൽ കാണാതായ കെ.സി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകൻ അകീഫിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ കെ.സി നഗറിലെ ഫലാഹ് സ്‌കൂളിന്റെ പിറകിൽ നിന്ന് കണ്ടെത്തിയത്.
വലിയ കല്ലുകൊണ്ട് തലയിൽ ഇടിച്ചു പരിക്കേൽപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പബ്ജി ഗെയിമിൽ സ്ഥിരമായി വിജയിച്ചിരുന്ന ആളായിരുന്നു അകീഫ്. മൊബൈൽ ഷോപിലേക്കുള്ള സന്ദർശനത്തിനിടെ അയൽവാസിയായ ആൺകുട്ടിയെ അകീഫ് പരിചയപ്പെട്ടു. ഒടുവിൽ ഇവർ രണ്ട് പേരും ഓൺലൈനിൽ പബ്ജി ഗെയിം കളിച്ചു. ഗെയിമിൽ അകീഫ് ആൺകുട്ടിയെ പരാജയപ്പെടുത്തി.
അതിൽ അത്ഭുതപ്പെട്ട ആൺകുട്ടി അകീഫിന് വേണ്ടി വേറെ ആരോ ആണ് ഗെയിം കളിക്കുന്നതെന്ന് സംശയം പ്രകടിപ്പിക്കുകയും ഒരേ സ്ഥലത്ത് നേർക്ക് നേർ ഇരുന്ന് കളിക്കാൻ അകീഫിനെ വെല്ലുവിളിക്കുകയും ചെയ്തു.
അതുപ്രകാരം ശനിയാഴ്ച വൈകുന്നേരം അവർ ഒരിടത്ത് ഇരുന്ന് കളിക്കുകയും അകീഫ് തോൽക്കുകയും ചെയ്തു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. അകീഫ് ആൺകുട്ടിയുടെ നേർക്ക് ഒരു ചെറിയ കല്ല് എറിഞ്ഞു. ഇതിൽ പ്രകോപിതനായ ആൺകുട്ടി അകീഫിനെ ഒരു വലിയ കല്ലുകൊണ്ട് ഇടിച്ചു.
തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും സ്ഥലത്ത് തന്നെ മരണപ്പെടുകയും ചെയ്തു. ഉടനെ തന്നെ ആൺകുട്ടി അകീഫിനെ മതിലിനടുത്ത് വലിച്ചുകൊണ്ടുപോയി വാഴയിലയും തെങ്ങിന്റെ ഓലയും കൊണ്ട് മറച്ച ശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
ഞായറാഴ്ച രാവിലെ മൃതദേഹം കണ്ട് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ആൺകുട്ടി തനിച്ചാണോ അതോ മറ്റാരെങ്കിലുമുണ്ടോ എന്നറിയാൻ പ്രദേശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.
സ്ഥലം സന്ദർശിച്ച സിറ്റി പൊലീസ് കമ്മിഷണർ ശശികുമാർ, കുട്ടികൾക്ക് മൊബൈൽ ഫോണുകൾ കൈമാറുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha