തെരഞ്ഞെടുപ്പ് ദിവസം ലാവ്‌ലിന്‍! സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്ന എന്‍ .സി. ലാവ്‌ലിന്‍ കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നില്‍ ഒളിയമ്പോ..?

സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്ന എന്‍ .സി. ലാവ്‌ലിന്‍ കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നില്‍ സി പി എമ്മാണെന്നാണ് സൂചന.
കേരളത്തില്‍ നിയമസഭാ തിരഞ്ഞടുപ്പ് നടക്കുന്ന ദിവസം ലാവ്‌ലിന്‍ കേസില്‍ കോടതിയില്‍ നിന്ന് എതിരായ പരാമര്‍ശം ഉണ്ടാകുമോ എന്ന ഭയത്തിലാണ് കേസ് മാറ്റി വയ്ക്കാന്‍ സി പി എം നേതൃത്വത്തില്‍ നീക്കം നടത്തിയതെന്ന് സൂചനയുണ്ട്..
കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം തേടിയാണ് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ പ്രകാശ് രഞ്ചന്‍ നായക് ആണ് കത്ത് നല്‍കിയത്.
ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിര ബാനര്‍ജി എന്നിവര്‍ ഇന്ന് പരിഗണിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നാലാമത്തെ കേസാണ് ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍. ഇരുപത്തിയഞ്ചില്‍ അധികം തവണ മാറ്റി വെച്ച കേസ് ഇനി മാറ്റിവെക്കില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യകതമാക്കിയിരുന്നു.
പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ വ്യക്തിയാണ് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്. ഫ്രാന്‍സിസിന്റെ ആവശ്യത്തെ സി.ബി.ഐ. അനുകൂലിക്കുമോ എതിര്‍ക്കുമോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിലുള്ള നിലപാട് ചൊവ്വാഴ്ച കോടതിയില്‍ വ്യക്തമാകുമെന്ന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ലാവലിന്‍ ഹര്‍ജികളില്‍ സി.ബി.ഐ. സുപ്രീം കോടതിയില്‍ നാളെ നടത്തുന്ന ഇടപെടലിന് രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിലെ ചില വസ്തുതകള്‍ കോടതിയില്‍ ഹാജരാക്കാനും സി.ബി.ഐ. ശ്രമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.
1995 ഓഗസ്റ്റ് പത്തിനാണ് പള്ളിവാസില്‍ , ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനു കണ്‍സല്‍ട്ടന്റായി വൈദ്യുതി ബോര്‍ഡ് കാനഡയിലെ എസ്എന്‍സി ലാവ്ലിനുമായി ധാരണാപത്രം ഒപ്പിട്ടത്.
1996 ഫെബ്രുവരി 24 എസ്എന്‍സി ലാവ്ലിനുമായുള്ള ധാരണാ പത്രം കണ്‍സള്‍ട്ടന്‍സി കരാറാക്കി മാറ്റിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത് . സാങ്കേതികസഹായത്തിനും പദ്ധതിയുടെ നിര്‍മാണ മേല്‍നോട്ടത്തിനും ധനസഹായം ലഭ്യമാക്കാനും ലാവ്ലിനുമായി ബോര്‍ഡ് കരാര്‍ ഒപ്പിട്ടു. മൂന്നു വര്‍ഷത്തിനകം പുനരുദ്ധാരണം പൂര്‍ത്തിയാക്കണമെന്നു വ്യവസ്ഥ. കണ്‍സല്‍ട്ടന്‍സി ഫീസ് 20.31 കോടി രൂപ.
1996 ഒക്ടോബര്‍ 15 ന് വൈദ്യുതിമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതലസംഘം കാനഡയില്‍ ലാവ്ലിനുമായി ചര്‍ച്ച നടത്തിയതോടെ ഒരു കരാര്‍ അഴിമതിയുടെ പേരില്‍ കുപ്രസിദ്ധമായി. മലബാര്‍ കാന്‍സര്‍ സെന്ററിനു കൂടി മന്ത്രി സഹായം ആവശ്യപ്പെട്ടു. കണ്‍സല്‍ട്ടന്‍സി കരാര്‍, ഉപകരണങ്ങള്‍ വാങ്ങാനുള്ള സപ്ലൈ കരാറാക്കി. 20.31 കോടിയുടെ കണ്‍സല്‍ട്ടന്‍സി ഫീസിനു പുറമെ 149.15 കോടിയുടെ ഉപകരണം വാങ്ങാനും ധാരണയോടെ 1997ല്‍ അന്തിമ കരാര്‍ ഒപ്പിട്ടു . ലാവ്ലിനേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ പദ്ധതികള്‍ നവീകരിക്കാമെന്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ശുപാര്‍ശ തള്ളി. ഇതിലാണ് അഴിമതി ആരോപിക്കപ്പെട്ടത്.
1997 ഫെബ്രുവരി പത്ത് ന് മൂന്നു പദ്ധതികള്‍ക്കായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ലാവ്‌ലിന്‍ കമ്പനിയും സംസ്ഥാന വൈദ്യുതി ബോര്‍ഡും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. മലബാര്‍ കാന്‍സര്‍ സെന്റിനു 98.30 കോടി രൂപ സഹായ വാഗ്ദാനവും ലാവ്‌ലിന്‍ നടത്തി.
1997 ജനുവരി 25 നാണ് 130 കോടിയുടെ വിദേശധനസഹായത്തോടെ ലാവ്‌ലിനുമായുള്ള അന്തിമ കരാറിനു കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ അംഗീകാരം.
1998 മാര്‍ച്ച് മൂന്നിനാണ് സംസ്ഥാന മന്ത്രിസഭായോഗം കരാര്‍ അംഗീകരിച്ചത്. മലബാര്‍ കാന്‍സര്‍ ആശുപത്രിക്ക് 98.30 കോടി രൂപ ലാവ്ലിന്‍ നല്‍കുമെന്നാണു കരാര്‍. എന്നാല്‍ കാന്‍സര്‍ സെന്ററിനു ലഭിച്ചത് 8.98 കോടി രൂപ മാത്രമാണ്
നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ലാവ്ലിന്‍ കരാറിലെ അനാവശ്യ തിടുക്കവും ഒത്തുകളിയും കാരണം 374.5 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി നവീകരണത്തില്‍ സര്‍ക്കാരിനു വന്‍നഷ്ടമുണ്ടായതായി 2005 ജൂലൈ 13 ന് സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി 2006 ജനുവരി 20 ന് എസ്എന്‍സി ലാവ്ലിന്‍ ഇടപാടില്‍ ക്രമക്കേടു നടന്നെന്നും ഇതെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും കോട്ടയം വിജിലന്‍സ് എസ്പി എ.ആര്‍.പ്രതാപന്‍ റിപ്പോര്‍ട്ട് നല്‍കി.. പിണറായി വിജയന്‍ അടക്കം നാലു മുന്‍ വൈദ്യുതി മന്ത്രിമാരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം റിപ്പോര്‍ട്ടിനു രൂപം നല്‍കിയത്.
2006 ഫെബ്രുവരി 06 ന് എസ്എന്‍സി ലാവ്ലിന്‍ ഇടപാടിനെക്കുറിച്ചുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തല്‍ അടങ്ങുന്ന സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു സ്പീക്കര്‍ക്കു ലഭിച്ചു.
2006 ഫെബ്രുവരി 08 ന് എസ്എന്‍സി ലാവ്ലിന്‍ കരാറിനെക്കുറിച്ചു സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2006 ഫെബ്രുവരിയില്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു കേരള മുഖ്യമന്ത്രി.
2006 ഫെബ്രുവരി 13 ന് എസ്എന്‍സി ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ലാവ്ലിന്‍ വൈസ് പ്രസിഡന്റും വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഒന്‍പതു പേരെ പ്രതികളാക്കി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.
2006 ഫെബ്രുവരി 14 ന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്കു 98 കോടി രൂപയുടെ ഗ്രാന്റിനായി ധാരണാപത്രം ഒപ്പിട്ടശേഷം സര്‍ക്കാര്‍ കരാര്‍ ഒപ്പിടാത്തതു ഗുരുതര വീഴ്ചയാണെന്നു വിജിലന്‍സ് കണ്ടെത്തി.
2006 ഫെബ്രുവരി 25 ന് മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയുമായി ബന്ധപ്പെട്ട ഇടപാടില്‍ 98 കോടി രൂപ കിട്ടിയിട്ടില്ലെന്നു സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരിക്കേ, ആശുപത്രിക്ക് ഇനി ഒരു പൈസ പോലും കൊടുക്കാന്‍ ബാക്കിയില്ലെന്നു കനേഡിയന്‍ ഹൈക്കമ്മിഷന്‍ വ്യക്തമാക്കി.
2006 ഫെബ്രുവരി 28 ന്മ എല്‍ഡിഎഫ് ഭരണകാലത്തെ എസ്എന്‍സി ലാവ്ലിന്‍ ഇടപാടില്‍ കെഎസ്ഇബിയുടെ മൂന്നു മുന്‍ചെയര്‍മാന്മാരും കനേഡിയന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റും ഉള്‍പ്പെടെ എട്ടുപേരെ പ്രതി ചേര്‍ത്തു വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്(എഫ്‌ഐആര്‍) സമര്‍പ്പിച്ചു. പ്രതികള്‍ ഇവരാണ് : എസ്എന്‍സി ലാവ്ലിന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രന്‍ഡല്‍, മുന്‍ ഊര്‍ജ സെക്രട്ടറി മോഹന ചന്ദ്രന്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍മാരായിരുന്ന പി.എ. സിദ്ധാര്‍ഥ മേനോന്‍, ആര്‍.ശിവദാസന്‍, ബോര്‍ഡ് അംഗങ്ങളായിരുന്ന രാജശേഖരന്‍ നായര്‍, മാത്യു റോയി, രണ്ടു മുന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍.
2006 ജൂലൈ 14 ന് എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു സിബിഐയുടെ പ്രാഥമിക സാധ്യതാ പഠനത്തില്‍ കണ്ടെത്തി.
ഏതായാലും സുപ്രീം കോടതിയുടെ തീരുമാനം നിര്‍ണായകമാണ് എന്നതിനേക്കാള്‍ തിരഞ്ഞടുപ്പ് ദിവസം കേസ് മാറ്റി വയ്ക്കാന്‍ നടത്തിയ ശ്രമങ്ങളും ചര്‍ച്ചയാവും.
https://www.facebook.com/Malayalivartha