കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത് ; കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷ; കോഴിക്കോട് മൊടക്കല്ലൂർ യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി കെ സുരേന്ദ്രൻ

കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നതെന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മൊടക്കല്ലൂർ യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം കടിച്ചുകീറുന്ന എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നിരിക്കുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുൻപ് കേരളത്തിലുണ്ടായിട്ടില്ല. എൻഡിഎയുടെ വളർച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.
മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എൽഡിഎഫിനും യുഡിഎഫിനും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് ചോദിച്ചിരുന്നു. ഇതിനെതിരെ വിമർശനം കെ.സുരേന്ദ്രൻ നടത്തിയിരുന്നു . മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിൻ്റേയും ശരത് ലാലിൻ്റേയും ആത്മാവ് പൊറുക്കില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു .
രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണ്. നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നത്. കോൺഗ്രസിൻ്റെ രാഷ്ട്രീയ ഗതികേടാണ് ഇത് കാണിക്കുന്നത്.
ആശയപ്പാപ്പരത്തമാണ് കോൺഗ്രസ്സിന്. എൻഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന തിരി ച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാൻ കാരണം. മഞ്ചേശ്വരത്തിന് പുറമേ നേമത്തും കഴക്കൂട്ടത്തും യുഡിഎഫും സിപിഎമ്മും ഒത്തുചേരുകയാണ്. തലശ്ശേരിയിൽ ബി ജെപി പ്രവർത്തകർക്ക് മനസ്സാക്ഷി വോട്ട് ചെയ്യാമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് ഇങ്ങനെയായിരുന്നു ; ആർഎസ്എസിനെ നേരിടാൻ കോൺഗ്രസ് എന്തു ചെയ്തന്ന പിണറായിയുടെ പരാമർശം കുറ്റബോധം കൊണ്ടാണ്. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് നിർത്തിയത്. ബിജെപിയെ ജയിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്.
അതേ സമയം സംസ്ഥാനത്ത് കൃത്യം ഏഴുമണിയോടെ പോളിങ് ആരംഭിച്ചു. ആദ്യ അരമണിക്കൂറിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖരായ പല നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha