ആരെന്നറിയാതെ വേണ്ടത് ചെയ്തു... ഹെലികോപ്ടര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പൊലീസിന്റെ ആദരം; 2000 രൂപ മാത്രമാണ് പാരിതോഷികമെങ്കിലും ആ ബഹുമതി വളരെ വലുത്; ഒറ്റ രാത്രികൊണ്ട് ഹെലികോപ്ടര്‍ എടുത്തുമാറ്റി

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം.എ. യൂസഫലിയേയും സംഘത്തേയും രക്ഷിക്കുന്നതിന് മുന്‍കയ്യെടുത്ത വനിതാ പൊലീസ് ഓഫിസര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ കാഷ് അവാര്‍ഡ് കണ്ട് മലയാളികള്‍ മൂക്കത്ത് വിരല്‍ വച്ചുപോയി.
വെറും രണ്ടായിരം രൂപ. ഇന്നത്തെ കാലത്ത് ഒരു ദിവസത്തെ ചെലവിന് പോലും വരില്ല. പക്ഷെ ആ 2000 രൂപയ്ക്കല്ല പോലീസ് നല്‍കുന്ന ആദരവാണ് ഏറ്റവും പ്രധാനം. അത് അങ്ങനെ പെട്ടെന്നാര്‍ക്കും കിട്ടില്ല. സാരമില്ല കരുണാമയനായ യൂസഫലി എല്ലാം കാണുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം നടത്തിയ കൊച്ചി പനങ്ങാട് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവുമാണ് ലഭിക്കുന്നത്. യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
അതേസമയം എം.എ. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി ഇടിച്ചിറക്കേണ്ടി വന്ന ഹെലികോപ്റ്റര്‍ പനങ്ങാടുള്ള ചതുപ്പില്‍നിന്ന് ഉയര്‍ത്തി നെടുമ്പാശേരി വിമാനത്താവളത്തിലെ ഹാങ്ങറിലേക്കു മാറ്റി. പങ്കകള്‍ നീക്കിയശേഷം ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയാണു കോപ്റ്റര്‍ കൊണ്ടുപോയത്.
ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയശേഷം ട്രെയിലറില്‍ റോഡ് മാര്‍ഗമാണു മാറ്റിയത്.
ചതുപ്പിലെ വെള്ളം മോട്ടര്‍ ഉപയോഗിച്ചു വറ്റിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാത്രി 8ന് ആരംഭിച്ചു. എന്നാല്‍ മഴ തടസമായി. കൂടുതല്‍ മോട്ടറുകള്‍ എത്തിച്ച് അര്‍ധരാത്രിയോടെ പമ്പിങ് പുനരാരംഭിച്ചു. ചതുപ്പില്‍ മണല്‍ ചാക്കുകള്‍ നിറച്ച് ബലപ്പെടുത്തിയ ശേഷമാണ് കോപ്റ്റര്‍ ഉയര്‍ത്തിയത്.
ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചു പരിശോധിക്കാന്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനു (ഡിജിസിഎ) കീഴിലുള്ള ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി. കോപ്റ്ററിന്റെ സര്‍വീസ് ചുമതലയുള്ള ഒഎസ്എസ് എയര്‍ മാനേജ്‌മെന്റ് കമ്പനിയിലെ 2 എന്‍ജിനീയര്‍മാരും എത്തിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ സംബന്ധിച്ച വിശദ പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്ന് ഒഎസ്എസ് കമ്പനി ചീഫ് എന്‍ജിനീയര്‍ ജെ.പി. പാണ്ഡെ പറഞ്ഞു.
ഹെലികോപ്റ്റര്‍ നിര്‍മിച്ച കമ്പനിയുമായും ഡിജിസിഎ, ഒഎസ്എസ് അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ മോശമായ വേളയില്‍ ഒരു എന്‍ജിന്‍ നിലയ്ക്കുകയും രണ്ടാമത്തേത് സ്റ്റാര്‍ട്ടാകാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടെന്ന അന്വേഷണം നടക്കും. റിപ്പോര്‍ട്ട് വരാന്‍ ആഴ്ചകളെടുത്തേക്കും.
എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ കുമരകം സ്വദേശിയായ ക്യാപ്റ്റന്‍ അശോക് കുമാര്‍ തൊട്ടടുത്ത പറമ്പില്‍ കോപ്റ്റര്‍ ഇറക്കുകയായിരുന്നു. നാവികസേനയില്‍ ടെസ്റ്റ് പൈലറ്റ് ആയിരുന്ന അദ്ദേഹത്തിന്റെ പരിചയസമ്പത്താണു യാത്രികര്‍ക്കു തുണയായത്. സഹപൈലറ്റ് പൊന്‍കുന്നം സ്വദേശി കെ.ബി. ശിവകുമാറും പരിചയസമ്പന്നനാണ്.
മറ്റൊരു പ്രതലത്തിലേക്കാണ് വീണിരുന്നതെങ്കില്‍ തീപിടിക്കാന്‍ സാധ്യത ഏറെയായിരുന്നു. ഇടിച്ചിറങ്ങുമ്പോള്‍ കോപ്റ്ററിനു ഘടനാപരമായി കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ല എന്നാണു വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ യാത്രക്കാര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കാമായിരുന്നു.
അബുദാബി രാജകുടുംബം അയച്ച പ്രത്യേക ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തില്‍ എം.എ യൂസഫലി ഇന്നലെ പുലര്‍ച്ചെ അബുദാബിയിലെത്തി.
കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നതിനാലും യാത്രാ സൗകര്യം കണക്കിലെടുത്തും സ്വന്തം വിമാനം ഉപയോഗിക്കാതെ അബുദാബി കിരിടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം അയച്ചു കൊടുത്ത വിമാനം ഉപയോഗിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha