അരക്കോടിയൊക്കെ എന്തോന്ന്... കെഎം ഷാജിയുടെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ കണ്ടെത്തിയതിനെ ചൊല്ലി പോര് മുറുകുന്നു; ഖനനരാജാവെന്ന് മുസ്ലീംലീഗ് കളിയാക്കിയ പിവി അന്‍വര്‍ തന്നെ ഷാജിക്കെതിരെ രംഗത്ത്; ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴെന്ന് ട്രോളി അന്‍വര്‍

പിവി അന്‍വറിനെ കാണാനില്ലെന്ന് കളിയാക്കിയ മുസ്ലീംലീഗുകാര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സാക്ഷാല്‍ പിവി അന്‍വര്‍ എംഎല്‍എ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കെ.എം. ഷാജി എം.എല്‍.എയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് അരക്കോടി രൂപയോളം പിടിച്ചെടുത്തതിനെ ട്രോളിയാണ് നിലമ്പൂര്‍ എം.എല്‍.എ. കൂടിയായ പി.വി. അന്‍വര്‍ രംഗത്തെത്തിയത്. ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇ.ഡി പരിശോധന നടത്തിയപ്പോള്‍ വയനാട്ടില്‍ ഇഞ്ചി കൃഷിയുണ്ടെന്ന ഷാജിയുടെ പരാമര്‍ശത്തെ പരിഹസിച്ചാണ് അന്‍വറിന്റെ ട്രോള്‍.
ഷാജിയെ അനുകൂലിച്ച് കൊണ്ടുളള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെയും അന്‍വര്‍ പരിഹസിച്ചു.
വീട്ടില്‍ വിജിലന്‍സ് റെയ്ഡ്, വീട്ടുകാരന്‍ കൂളായി ചായ കുടിക്കുന്നു. ഇതു കൊണ്ടാണ് ഷാജിയെ ആളുകള്‍ പോരാളിയെന്ന് വിളിക്കുന്നതും, കെ.ടി. ജലീലിനെ പരിഹസിക്കുന്നതും.... അവസാനം ക്ലൈമാക്‌സില്‍ എത്തിയപ്പോള്‍ 'ഷാജി പോരാളിയെ'കണ്ട് സേതുരാമയ്യറിലെ 'ടെയ്‌ലര്‍ മണിയേ'ഓര്‍ത്തത് ഞാന്‍ മാത്രമാണോ എന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം അന്‍വര്‍ മറ്റൊരു പോസ്റ്റില്‍ ചായ കുടിക്കുന്ന ചിത്രത്തിനൊപ്പം 'ഇഞ്ചിയിട്ട ചായ' എന്ന അടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്.
അതേസമയം വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കെ.എം.ഷാജിയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡ് 13 മണിക്കൂറോളം നീണ്ടു.
കണ്ണൂരിലെ വീട്ടില്‍ നിന്ന് അരക്കോടി രൂപയുടെ കറന്‍സി പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകളും കണ്ടെടുത്തു. രണ്ടിടത്തും രാവിലെ ഏഴരയ്ക്ക് പരിശോധന തുടങ്ങിയിരുന്നു. കോഴിക്കോട്ട് ഉത്തരമേഖലാ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പരിശോധന ഇന്നലെ രാത്രി എട്ട് മണിവരെ നീണ്ടു. ഇവിടെ നിന്നുള്ള സ്‌പെഷ്യല്‍ സെല്‍ സംഘമാണ് കണ്ണൂരിലും റെയ്ഡ് നടത്തിയത്.
കെ.എം ഷാജി വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് കോഴിക്കോട് സ്വദേശിയും സി.പി.എം നേതാവുമായ അഡ്വ. എം.ആര്‍. ഹരീഷ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസ്. പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എസ്.പി എസ്. ശശിധരന്‍ മാര്‍ച്ച് 19ന് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കെ.എം ഷാജി കഴിഞ്ഞ് ഒന്‍പത് വര്‍ഷത്തിനിടയില്‍ ( 2011 2020) വരവിനെ അപേക്ഷിച്ച് 166 ശതമാനം അധികം സ്വത്ത് സമ്പാദിച്ചതായി തെളിവുകളുണ്ടെന്നും കേസെടുക്കാവുന്നതാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു റിപ്പോര്‍ട്ട്.
കേസ് എടുക്കാന്‍ അനുമതി തേടിയുള്ള ഈ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് കോടതി രണ്ട് തവണ മാറ്റി വച്ചിരുന്നു. അതിനിടയ്ക്ക് റിപ്പോര്‍ട്ട് വിലയിരുത്തിയ വിജിലന്‍സ് ഡയറക്ടര്‍ കേസെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഇന്നലെ ഒരേ സമയത്ത് ഷാജിയുടെ രണ്ടു വീടുകളിലും വിജിലന്‍സ് സംഘം റെയ്ഡിനെത്തുകയായിരുന്നു.
അതേസമയം വിജിലന്‍സ് റെയ്ഡില്‍ തന്റെ വീട്ടില്‍ നിന്നും അരക്കോടി രൂപ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കെഎം ഷാജി രംഗത്തെത്തി. വിജിലന്‍സ് റെയ്ഡ് താന്‍ പ്രതീക്ഷിച്ച നാടകമാണെന്നും ആസൂത്രിതമായ വേട്ടയാണ് നടന്നതെന്നും കെഎം ഷാജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. റെയ്ഡ് അഴിഞ്ഞാട്ടമാണെന്നും എല്ലാ പണത്തിനും രേഖയുണ്ടെന്നും തന്നെ പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ലെന്നും ഷാജി പ്രതികരിച്ചു.
https://www.facebook.com/Malayalivartha