ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണിക്ക് വാതില്‍മാടത്തിന് മുന്‍വശത്ത് നിന്നും ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് അനുമതി

ക്ഷേത്രത്തില്‍ വിഷുക്കണിക്ക് വാതില്‍മാടത്തിന് മുന്‍വശത്ത് നിന്നും ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് അനുമതി. 14ന് പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെയാണ് ക്ഷേത്രത്തില്‍ വിഷുക്കണി. 2.30 മുതല്‍ വാതില്‍മാടത്തിന് മുന്‍വശത്ത് നിന്നും ദര്‍ശനം നടത്തുന്നതിന് ഭക്തര്‍ക്ക് സൗകര്യമൊരുക്കും. സാധാരണ ദിവസങ്ങളില്‍ രാവിലെ 4.30 മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി.
ഇതുപ്രകാരം ഇത്തവണ ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം ഉണ്ടാകില്ലെന്ന് നേരത്തെ അഡ്മിനിസ്ട്രേറ്റര്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു. ഇതിനെതിരെ ഭരണ സമിതിയിലെ അഞ്ച് അംഗങ്ങള്‍ കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന അടിയന്തര ഭരണ സമിതി യോഗമാണ് വാതില്‍മാടത്തിന് മുന്‍ വശത്ത് നിന്നും വിഷുക്കണി സമയത്ത് ദര്‍ശനം നടത്താന്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.
വിഷുക്കണി സമയത്ത് ക്ഷേത്രം നാലമ്പലത്തിനകത്ത് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ ഒഴികെ മറ്റാര്‍ക്കും പ്രവേശനം അനുവദിക്കില്ല. വി.ഐ.പികള്‍, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കും ഈ സമയത്ത് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും ഭരണ സമിതി തീരുമാനിച്ചു.
അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ശക്തമായ പൊലീസ് സുരക്ഷയില്‍ തൃശൂര്‍ പൂരം നടത്താനും പൂരം ചടങ്ങുകള്‍ സമയബന്ധിതമാക്കാനും കളക്ടര്‍ എസ്. ഷാനവാസിന്റെ നേതൃത്വത്തിലുളള യോഗത്തില്‍ തീരുമാനിച്ചു. ഹരിത പൂരം നടത്തുന്നതിന് ശുചിത്വമിഷനെ പ്രത്യേകം ചുമതലപ്പെടുത്തി.
നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍, അപകടം തീര്‍ക്കാവുന്ന കുഴികള്‍, സ്ലാബുകള്‍ എന്നിവ ഉടന്‍തന്നെ പുന:സ്ഥാപിക്കാന്‍ പി.ഡബ്‌ള്യു.ഡിക്കും കോര്‍പറേഷനും അടിയന്തര നിര്‍ദ്ദേശം നല്‍കി. സൂര്യാഘാതമുണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാല്‍ ഇത് പ്രതിരോധിക്കാനുള്ള സംവിധാനം തീര്‍ക്കാനും ബോധവത്ക്കരണ പ്രവര്‍ത്തനം നടത്താനും നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളം ഉറപ്പാക്കും.
https://www.facebook.com/Malayalivartha