പ്രളയകാലത്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കേരളത്തെ നടുക്കിയ 2018ലെ പ്രളയ സമയത്ത് സ്വന്തം ജീവന്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ആറ് വര്‍ഷമായി തിരുവല്ല അഗ്‌നിരക്ഷാനിലയത്തില്‍ ജോലി ചെയ്തു വരുകയായിരുന്ന കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ വിനീത് വെള്ളം കയറിയ വീട്ടില്‍ നിന്ന് കൈക്കുഞ്ഞിനെയും എടുത്ത് പുറത്തേക്കിറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇന്നു രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് വിനീത് മരണപ്പെട്ടത്. കൊല്ലത്തുനിന്ന് ജോലിസ്ഥലമായ തിരുവല്ലയിലേക്കു പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. വിനീത് ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ മിനിലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ വിനീതിന്റെ ശരീരത്തിലൂടെ മിനിലോറി കയറി ഇറങ്ങുകയായിരുന്നു. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു. 34കാരനായ വിനീതിന് ഭാര്യയും ഒരു മകനും ഉണ്ട്.
https://www.facebook.com/Malayalivartha