അനുമതിയില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടികൂടണമെന്ന് ഹൈകോടതി

അംഗീകാരമില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടികൂടാന്‍ പരിശോധന കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. അനുമതിയില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടികൂടി സൂക്ഷിക്കാനുള്ള യാര്‍ഡ് ആലപ്പുഴയില്‍ ആറുമാസത്തിനകം സജ്ജമാക്കണമെന്നും ജസ്റ്റിസ് എന്‍. നഗരേഷ് കേരള മാരി ടൈം ബോര്‍ഡിനോട് നിര്‍ദേശിച്ചു. പുന്നമട, വേമ്ബനാട് കായലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വഞ്ചി വീടുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
കേരള മാരിടൈം ബോര്‍ഡ് നിയമം നിലവില്‍ വന്നതോടെ 2019 മേയ് രണ്ടു മുതല്‍ ആലപ്പുഴയുള്‍പ്പെടെ ചെറിയ തുറമുഖങ്ങളിലെ ജലയാനങ്ങളുടെ ചുമതല വഹിക്കുന്ന കേരള മാരിടൈം ബോര്‍ഡ് നടപ്പാക്കുമെന്നറിയിച്ച പരിശോധനകളും നടപടികളും ഹരജിക്കാരുന്നയിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ മതിയായതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധനക്ക് കര്‍മസേന, രജിസ്‌ട്രേഷനില്ലാത്തവയെ കണ്ടെത്തി യോഗ്യത വിലയിരുത്തി രജിസ്‌ട്രേഷന് നല്‍കല്‍, മൂന്നു മാസത്തിനകം ഓണ്‍ലൈന്‍ ജി.പി.എസ് ട്രാക്കിങ് സംവിധാനം, അംഗീകാരമുള്ള ബോട്ടുകള്‍ക്ക് പ്രത്യേക നിറവും ബാര്‍ കോഡുള്ള നമ്ബര്‍ പ്ലേറ്റും നല്‍കല്‍ തുടങ്ങിയവ ബോര്‍ഡിന്റെ ചുമതലയിലുള്ളതാണ്.
നിയമാനുസൃതമല്ലാത്ത യാനങ്ങള്‍ ജില്ല ഭരണ കൂടത്തിന്റെയും പൊലീസ് മേധാവിയുടെയും സഹകരണത്തോടെ പിടിച്ചിടും. പിടിക്കുന്ന ബോട്ടുകള്‍ നിര്‍ത്തിയിടാനുള്ള യാര്‍ഡിന് സ്ഥലം കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഖരമാലിന്യ സംസ്‌കരണത്തിന് റവന്യൂ, വിനോദസഞ്ചാര വകുപ്പുകളുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും സഹകരണത്തോടെ വേണ്ടത്ര സൗകര്യമൊരുക്കും.
ബോര്‍ഡ് നേരത്തേ നടത്തിയ മിന്നല്‍ പരിശോധനയില്‍ 66 ബോട്ടുകള്‍ക്ക് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയിരുന്നു. രജിസ്‌ട്രേഷനില്ലാത്ത 54 ബോട്ടുകള്‍ക്കെതിരെ നടപടിയെടുത്തു. ആലപ്പുഴയില്‍ 713 ഹൗസ് ബോട്ടുകള്‍ക്കാണ് അനുമതിയുള്ളതെന്നും നേരത്തേ സമര്‍പ്പിച്ച വിശദീകരണക്കുറിപ്പില്‍ അധികൃതര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha