വഴി ചോദിക്കാനെന്ന വ്യാജേന കാറിലെത്തിയ സംഘം യുവതിയുടെ താലിമാല പൊട്ടിച്ചു കടന്നു

വഴി ചോദിക്കാനെന്ന വ്യാജേന പുതിയ കാറിലെത്തിയ സംഘം യുവതിയുടെ താലിമാല പൊട്ടിച്ചു കടന്നുകളഞ്ഞു. കാറിനു പിന്നാലെ ഓടിയ യുവതി റോഡില്‍ തളര്‍ന്നു വീണു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരമണിയോടെ കല്ലറ ചൂരക്കുഴി ജംഗ്ഷനിലാണു സംഭവം. കല്ലറ അറയ്ക്കപ്പറമ്ബില്‍ അഭിലാഷിന്റെ ഭാര്യ അനുമോളുടെ (33) നാലേമുക്കാല്‍ പവന്റെ താലിമാലയാണ് കവര്‍ച്ചാ സംഘം പൊട്ടിച്ചെടുത്തത്. കിടക്കകളും തലയണയും മറ്റും വില്‍ക്കുന്ന ഷോറൂമിന്റെ ഉടമയാണ് അനു. വൈകിട്ട് കട അടയ്ക്കുന്നതിനിടയിലാണ് പുത്തന്‍പള്ളി ഭാഗത്തു നിന്നു ആഷ് നിറത്തിലുള്ള പുത്തന്‍ കാറില്‍ വന്ന മൂന്നുപേര്‍ വഴി ചോദിക്കാന്‍ കടയുടെ മുന്നില്‍ നിര്‍ത്തിയത്. ഈ സമയം അനു മാത്രമേ കടയില്‍ ഉണ്ടായിരുന്നുള്ളൂ.
പിന്‍സീറ്റില്‍ ഇരുന്ന ബര്‍മുഡയും ടിഷര്‍ടും ധരിച്ച, 20 വയസ് തോന്നിക്കുന്ന മുടിനീട്ടി വളര്‍ത്തി കെട്ടിവച്ച ഒരു യുവാവ് ഇറങ്ങി അനുമോളുടെ അരികിലെത്തി, പാലായ്ക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടയില്‍ യുവാവ് അനുമോളുടെ താലിമാല പൊട്ടിച്ചെടുത്ത് ഓടി കാറില്‍ക്കയറി. കാര്‍ നീണ്ടൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോയി.
അനുമോള്‍ ശബ്ദമുണ്ടാക്കി കാറിനു പിന്നാലെ കുറെ ദൂരം ഓടുകയും ബോധരഹിതയായി റോഡില്‍ വീഴുകയുമായിരുന്നു. ഇതുവഴി ബൈക്കിലെത്തിയ അയല്‍വാസിയായ ലിബിന്‍ സംഭവം കണ്ട് കാറിനു പിന്നാലെ നീണ്ടൂര്‍ ഭാഗം വരെ പിന്തുടര്‍ന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. അതേസമയം സംഘം സഞ്ചരിച്ചത് പുതിയ കാറിലാണെന്നും റജിസ്‌ട്രേഷന്‍ നമ്ബര്‍ ഇല്ലായിരുന്നുവെന്നും ലിബിന്‍ പൊലീസിനു മൊഴി നല്‍കി. കടുത്തുരുത്തിയില്‍ നിന്നെത്തിയ പൊലീസ് സംഘം പരിസരത്തെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha